Accident Image is not found

ഹെവി ലൈസന്‍സുമായി രാഹുലിന്‍റെ ഡ്രെെവര്‍
റോളിലുള്ള പ്രകടനം തുടക്കത്തിലെന്നെ ഞൈട്ടിച്ചെങ്കിലും പെട്ടെന്നു തന്നെ എനിക്കവനെ
ഇഷ്ടമായി. ഒരു തനി ശുദ്ധന്‍. വയനാടന്‍ ചുരത്തിലൂടെ ഒഴുകി
വരുന്ന കാറ്റിനു പോലും നിഷ്കളങ്കതയുണ്ടാവുമെന്നു
തോന്നിപ്പിക്കുന്ന പ്രകൃതം. സംസാരപ്രിയന്‍. ഒന്നിനും ഒരു
മടിയുമില്ല. പക്ഷെ കൊച്ചിയില്‍ കാണുന്നതെല്ലാം
അവനത്ഭുതമാണ്. അതവന്‍ മറച്ചു വയ്ക്കാറുമില്ല
വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പുറത്തൊരാള്‍ക്കൂട്ടം.
‘ബോസ് എന്തോ ആക്സിഡന്‍റാണ്’ രാഹുല്‍ ഉറക്കെ പറഞ്ഞു.
ഇടി കൊണ്ടയാളുടെ കാലൊഴിച്ച് മറ്റെല്ലാ ഭാഗവും വണ്ടിയുടെ
അടിയിലാണ്. പക്ഷെ ആരും ഒന്നും ചെയ്യുന്നില്ല. എല്ലാവരും ആ
കാഴ്ച നോക്കി നില്‍ക്കുക. മാത്രമാണ്. ഞങ്ങള്‍ നിന്ന സ്ഥലം
ഉയരത്തിലായതു കൊണ്ട് എല്ലാം വ്യക്തമായി കാണാമായിരുന്നു.
‘ബോസ്.. എന്തെങ്കിലും ചെയ്യണം. ഒരു പക്ഷേ അയാള്‍ക്ക്
ജീവനുണ്ടായിരിക്കാം. പെട്ടെന്ന് ഹോസ്പിറ്റലിലെത്തിച്ചാല്‍
രക്ഷപ്പെട്ടാലോ?’
‘എനിക്ക് രക്തം കണ്ടാല്‍ തല കറങ്ങും. നീയെന്താണെന്നു
വച്ചാല്‍ ചെയ്യ്.’ ഞാനൊഴിഞ്ഞു.
എന്‍റെ ഉത്തരത്തിനു വേണ്ടി കാത്തു നില്‍ക്കാതെ ബാഗ് അവിടെ
വച്ച് സ്റ്റെപ്പിറങ്ങി ജനക്കൂട്ടത്തിലേക്കവന്‍ ഓടി. എല്ലാം നോക്കി
ഞാന്‍ അവിടെത്തന്നെയും.
ജനത്തെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് ചെന്ന രാഹുലിന്‍റെ മുഖത്ത്
അരിശമായിരുന്നു കൂടുതല്‍. സഹജീവിയുടെ ദുരന്തത്തില്‍
വിഷമിക്കുകയോ ഒരു കൈ സഹായം ചെയ്യുകയോ ചെയ്യാത്ത
മലയാളിയുടെ മരവിച്ച മനസ്സിനെ അവന്‍ ശപിച്ചു. നാളെ
ഇവനൊക്കെ ഇതുപോലെന്തെങ്കിലും സംഭവിച്ചു നടുറോഡില്‍
കിടക്കണം. അപ്പോഴേ പഠിക്കൂ. അവന്‍ മനസ്സില്‍ പറഞ്ഞു സ്വയം
നിയന്ത്രിക്കാൻ ശ്രമിച്ചു. എങ്കിലും അവന്‍ അറിയാതെ
പൊട്ടിത്തെറിച്ചു പോയി.
‘നിങ്ങളൊക്കെ മനുഷ്യരാ…? നോക്കി നില്‍ക്കുന്നു. ഒന്നു
സഹായിച്ചാല്‍ എന്തു നഷ്ടമാ നിങ്ങള്‍ക്ക്.’
പക്ഷെ ആരും സഹായത്തിനെത്തിയില്ല. തുറിച്ചു നോക്കുന്ന
അവരോടവനു പുച്ഛം തോന്നി. പിന്നെയും എന്തെല്ലാമോ അവന്‍
വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
ഒരു പക്ഷേ ആവശ്യമില്ലാത്ത പൊല്ലാപ്പില്‍ പെടുമെന്നു
വിചാരിച്ചായിരിക്കും ആരും ഇടപെടാത്തത്. അവന്‍ സ്വയം
ആശ്വസിച്ചു. ഇനി ആരെയും കാത്തിട്ടു കാര്യമില്ല. എനിക്കൊറ്റയ്ക്കു കൊണ്ടു പോകാനറിയാം. ഇയാളും എന്നെ പോലെ ആരുടെയോ
മകനാണ്, സഹോദരനാണ്. സഹായിച്ചേ പറ്റൂ.
അവന്‍ പിന്നെ കാത്തു നിന്നില്ല. നന്നായി കുനിഞ്ഞ് ആ ശരീരം
പുറത്തേക്കു വലിക്കാൻ കാലുകളില്‍ തൊട്ടു. ഇല്ല.
തണുത്തുറഞ്ഞിട്ടില്ല. ജീവന്‍റെ അംശമുണ്ടാവണം. പക്ഷെ അടുത്തു
നിന്ന ആരോ അവനെ തടയാന്‍ ശ്രമിച്ചു. ദേഷ്യത്തോടെ രാഹുലാ
കൈ തട്ടിയകറ്റി. രൂക്ഷമായവന്‍ അയാളെ നോക്കി. വീണ്ടും
കുനിഞ്ഞ് ആ കാലുകളിൽ പിടിച്ച് പുറത്തേക്ക് വലിക്കാൻ തുടങ്ങി.


‘വിട് മൈ@&ഃ ….. കാലേന്ന്. പണിയെടുക്കാന്‍ സമ്മതിക്കില്ലേ…’ ?
ഒടിഞ്ഞ ആക്സിലോ മറ്റോ നന്നാക്കിക്കൊണ്ടിരുന്ന മെക്കാനിക്കിന്‍റെ
ശബ്ദം വണ്ടിയുടെ അടിയില്‍ നിന്നും ഉച്ചത്തില്‍ ഉയര്‍ന്നത് എനിക്കു
വരെ കേള്‍ക്കാമായിരുന്നു …!!

സോഹന്‍ റോയ്

Leave a Reply

Your email address will not be published. Required fields are marked *

Related Posts