Nimishakavi

ബിച്ചു എന്‍റെ മൂത്ത സഹോദരിയുടെ മകനാണ്. നല്ല സ്നേഹമുള്ള പ്രകൃതമാണെങ്കിലും പലപ്പോഴും അവന്‍ കാരണം പല പ്രശ്നങ്ങ ളിലും ഞാന്‍ ചെന്നു പെടാറുണ്ട്. അപ്പോഴൊക്കെ സ്വന്തം അമ്മാവന്‍റെ കട്ടപ്പുക കാണാന്‍ അവതരിച്ച കൃഷ്ണനെയാണ് എനിക്കോര്‍മ  വരാറുള്ളത്. ഒരിക്കലവന്‍ പാലക്കാട്‌  എഞ്ചിനീയറിംഗ്‌  കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍, അവര്‍ സംഘടിപ്പിക്കുന്ന യൂത്ത്ഫെസ്റ്റിവലിന്‍റെ ഉത്ഘാടനം നിര്‍വ്വഹിക്കാന്‍  എന്നെ സമീപിച്ചു. മരുമകന്‍റെ ആഗ്രഹമല്ലേ എന്നു കരുതി കൂടുതലൊന്നും ആലോചിക്കാതെ  ഞാനാ ക്ഷണം സ്വീകരിച്ചു.

അങ്ങനെയാ ദിവസമെത്തി. ഞങ്ങളൊരുമിച്ച് എറണാകുളത്തു നിന്ന്പാലക്കാടേക്ക്‌  യാത്ര തിരിച്ചു. ബിച്ചുവാണ് ഡ്രെെവ്ചെയ്യുന്നത്. കോളേജില്‍ ചെന്ന് എന്തിനെക്കുറിച്ചു സംസാരിക്കണമെന്ന് ഞാന്‍ വെറുതെ ചോദിച്ചു. ഇഷ്ടമുള്ള വിഷയം. പക്ഷെ അമ്മാവന്‍റെ കവിതയൊന്നും എടുത്തു പ്രയോഗിക്കല്ലേ അതെന്തേ സാഹിത്യവാസനയില്ലാത്ത ഭാവി എഞ്ചിനീയര്‍മാരെയോര്‍ത്തു  ഞാന്‍ സഹതപിച്ചു.

അത്…. ഞാന്‍ ഈ കാമ്പസിലെ നിമിഷ കവിയായാണ്
അറിയപ്പെടുന്നത് .
ങേ.. നീ കവിയോ.. എന്നു മുതല്‍ ..? ഞാന്‍ ശരിക്കും ഞെട്ടി.
അമ്മാവന്‍റെ പഴയ ഒരു ഡയറി എന്‍റെ കയ്യിലിരിപ്പുണ്ട്. അതിലെ
കവിതയൊക്കെ കാമ്പസില്‍ എന്‍റെ പേരിലങ്ങിറക്കി. ഒരു
കള്ളച്ചിരിയോടവന്‍ പറഞ്ഞു.
ശരിയാണ്. എന്‍റെ പഴയ ഡയറികളിലൊന്ന് കാണാതായിട്ട് നാളു
കുറച്ചായി. എന്തെങ്കിലും എഴുതണമെന്ന് തോന്നുമ്പോള്‍ ഞാന്‍
ആ ഡയറിയില്‍ കുറിച്ചിടാറുണ്ട്. പലപ്പോഴും രണ്ടോ നാലോ
വരിയേ കാണൂ. പ്രണയമായിരിക്കും  മിക്കപ്പോഴും വിഷയം.
അതിനിത്ര മാത്രം സാദ്ധ്യതയുണ്ടായിരുന്നു എന്നപ്പോള്‍ മാത്രമാണ്
അറിഞ്ഞത്.. അതിന് എറിയാനറിയുന്നവന്‍റെ കയ്യില്‍ വടി
കിട്ടണമല്ലോ…
ഏതായാലും അന്നത്തെ ചടങ്ങില്‍ എന്‍റെ കവിതയൊന്നും
അവിടവതരിപ്പിച്ച് ഞാനവന്‍റെ നിമിഷ കവിപ്പട്ടം കളഞ്ഞില്ല.
ഏതാനും വര്‍ഷം കഴിഞ്ഞ്‌ അവന്‍റെ വിവാഹം കഴിഞ്ഞു. പ്രണയ
വിവാഹമായിരുന്നു. ആദ്യരാത്രി ഞങ്ങളുടെ വക റാഗിംങ് തുടങ്ങി.
ഒരു മൂഡാവട്ടെ എന്നു കരുതി ഒരു നാലു വരി പ്രണയക്കുറിപ്പ് 
വധൂവരന്‍മാര്‍ക്കായി എല്ലാവരും കേള്‍ക്കെ ഞാനവതരിപ്പിച്ചു.
ഒപ്പം പണ്ടു ബിച്ചു ഡയറി അടിച്ചു മാറ്റി നിമിഷ കവിയായ കഥയും.
നവവധുവിന്‍റെ മുഖഭാവം പെട്ടെന്നു മാറി മറിഞ്ഞു. ഒരു തരം
നാഗവല്ലി ആവേശിച്ചതു പോലെ. താനിരുന്ന കസേര ഒറ്റക്കൈയില്‍
വലിച്ചൊരേറ്. ശരിക്കും  നാഗവല്ലിയുടെ പരകായപ്രവേശം.
മണിയറയിലേക്ക്‌  പാഞ്ഞ വള്‍ വാതില്‍ കൊട്ടിയടച്ചു.
ബിച്ചു ദയനീയമായി എന്നെ നോക്കി എന്നോടീ ചതി
വേണ്ടായിരുന്നു അമ്മാവാ എന്നാ കണ്ണുകള്‍
പറയുന്നുണ്ടായിരുന്നു. അർദ്ധരാത്രിയ്ക്കു  മുന്‍പു തന്നെ ഒരാദ്യ
രാത്രിയുടെ അന്ത്യത്തിനെല്ലാവരും അന്നവിടെ സാക്ഷിയായി.
അവനിലെ നിമിഷ കവിയില്‍ അനുരക്തയാവാന്‍ കാരണമായ ആദ്യ കവിതയാണ് അന്നു ഞാനവിടെ ചൊല്ലിയതെന്നറിയാഞ്ഞ എനിക്കു മാത്രം ഒന്നും മനസ്സിലായില്ല. ആ രാത്രിയുടെ അന്ത്യയാമങ്ങളില്‍ കംസവധം നടക്കാഞ്ഞത്‌  എന്‍റെ ഭാഗ്യം…

സോഹന്‍ റോയ്

Leave a Reply

Your email address will not be published. Required fields are marked *

Related Posts