Nithyaharidham image not found

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്‌. ബാഹുബലിയെ തോല്പിക്കുന്ന
കണ്ണഞ്ചിപ്പിക്കുന്ന സെറ്റ്‌. നിര്‍മ്മാതാവായ സുഹൃത്തിനെ കാണാന്‍ ചെന്നതാണ്‌. യാദൃശ്ചികമായി അവിടെ വച്ച്‌ പഴയ ഒരു നിര്‍മ്മാതാവിനെ കണ്ടുമുട്ടി. കുറെ നേരം സംസാരിച്ചു. നായക നടന്‍റെ ഡേറ്റന്വേഷിച്ചു വന്നതാണ്‌. ഇതേ നടനെ വച്ചെടുത്ത കഴിഞ്ഞ പടം എട്ടു നിലയ്ക്കു പൊട്ടി. ആകെ ഉണ്ടായിരുന്ന എസ്റ്റേറ്റും വീടും പോയിക്കിട്ടി. അടുത്ത പടത്തിനു മാര്‍വാഡി കനിയണം. അതിനു നായകന്റെ ഡേറ്റു വേണം. എന്തു ചെയ്യാം തന്റെ നമ്പര്‍ കണ്ടാല്‍ പുള്ളിക്കാരന്‍ ഫോണ്‍ കൂടി എടുക്കില്ല. അതു കൊണ്ടു നേരിട്ടു കണ്ടു ബോധിപ്പിക്കാന്‍ വന്നതാണ്‌.

“കര്‍മദോഷം. അല്ലാതെന്താ” നിര്‍മാതാവിന്റെ ആത്മഗതം

“എന്തേ അങ്ങനെ തോന്നാന്‍” ഞാനറിയാതെ ചോദിച്ചു.
അതൊരു നീണ്ട കഥയാണ്‌. അയാൾ പറഞ്ഞു തുടങ്ങി. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ മലയാളത്തിലെ നിത്യവസന്ത
നായകനെ വച്ചു താനെടുത്ത ആദ്യ ചിത്രത്തിന്റെ ചരിത്രം മുതല്‍.
നെടുവരിയന്‍ നായികമാരും, അഞ്ചു പാട്ടും ഗുസ്തിയും കാബറേയും തുടങ്ങി സര്‍വ്വ മസാലയും ഉണ്ടായിട്ടു കൂടി പടം നിലം തൊട്ടില്ല. നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥ. വീടിന്റെ ആധാരം പണയം വച്ചെടുത്ത പടമാണ്‌ ആവിയായിപ്പോയത്‌. കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ചു കഴിയേണ്ട അവസ്ഥ.

ഒടുവില്‍ ആത്മഹത്യയെക്കുറിച്ചാലോചിച്ച ദിവസമാണ്‌ തന്റെ ജീവിതത്തിന്റെ തന്നെ ഗതി മാറിയ സംഭവം നടന്നത്‌.
തന്നെ കണ്ടെത്തിക്കൊണ്ടു ചെല്ലാന്‍ “നിത്യവസന്തം” ആളെ വിട്ടിരിക്കുന്നു. നിര്‍വ്വികാരനായി കുടെച്ചെന്ന തന്നെക്കണ്ടതും മലയാളത്തിന്റെ ആ പ്രേമ നായകന്‍ ഓടി വന്നു കെട്ടിപ്പിടിച്ചു. വിഷമിക്കേണ്ടെന്നും, ഡേറ്റു തരാമെന്നും ഇനിയും പടം ചെയ്യണമെന്നും പറഞ്ഞ്‌ ഒരു പൊതിയെടുത്തു തന്നു. തുറന്നു നോക്കിയ താന്‍ ഞെട്ടി. കഴിഞ്ഞ ചിത്രത്തിനു നല്‍കിയ പ്രതിഫലത്തിനേക്കാള്‍ വലിയ ഒരു തുക. താനറിയാതെ കരഞ്ഞു പോയി.
നിത്യനായകന്റെ ഡേറ്റ്‌ കിട്ടിയതോടെ പിന്നെല്ലാം പെട്ടെന്നായിരുന്നു. പണവുമായി മാര്‍വാഡി പുറകെ. കഥയും സംവിധായകനും റെഡി. ആകെയുള്ള പ്രശ്നം കഥാനായകന്‍ മറ്റു രണ്ടു ചിത്രങ്ങളില്‍ മാറിമാറി അഭിനയിക്കുകയാണ്‌. എല്ലാം ഓണത്തിനിറങ്ങേണ്ടവയും. തന്നെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ദിവസവും അര്‍ദ്ധരാത്രി മുതല്‍ മുന്നാം ഷിഫ്റ്റില്‍ അഭിനയിച്ച്‌ ചിത്രത്തിന്റെ ഒരു ഭാഗം തീര്‍ത്തു തരാമെന്നദ്ദേഹം പറഞ്ഞപ്പോള്‍ ദൈവ വചനമായാണു തോന്നിയത്‌. ഷൂട്ടിംഗിന്റെ ചെറിയ ഇടവേളകളില്‍ മാത്രം കസേരയിലിരുന്ന്‌ മയങ്ങി “ദൈവം” തന്റെ ചിത്രം സമയത്തിനു തീര്‍ത്തു തന്നു.
ഒടുവില്‍ ചിത്രം ഓണത്തിന്‌ തന്നെ റിലീസ്‌ ചെയ്തു. സുപ്പര്‍ ഹിറ്റ്‌. നൂറു ദിവസം നിര്‍ത്താതെ ഓടി, തന്നെ കോടീശ്വരനാക്കി. ദൈവത്തിനു കൊടുക്കാനുള്ളതു മുഴുവന്‍ താന്‍ കൊടുത്തു തീര്‍ത്തു. നിരവധി ചിത്രങ്ങള്‍ തുടരെത്തുടരെ പിന്നീടു ചെയ്തു. അതിൽ രണ്ടെണ്ണം തന്റെ പഴയ ദൈവത്തെ വച്ചും. അതു രണ്ടും ഉദ്ദേശിച്ച വിജയം കണ്ടില്ല. പുതിയ നായകന്മാരുടെ പുറകെയാണ്‌ ജനം. ദൈവത്തിനു പ്രായം അറുപതോടടുക്കുന്നു. അതു കൊണ്ടു തന്നെ വൃദ്ധനായ ദൈവത്തിന്റെ കാലം കഴിഞ്ഞതായി ഞങ്ങള്‍ നിര്‍മ്മാതാക്കൾ പൊതുവേ കരുതി. ദൈവത്തിന്റെ ഫോണ്‍ അനുദിനം നിശബ്ദമായിത്തുടങ്ങി. കുടെ ദൈവവും. എന്നും രാവിലെ കുളിച്ചു വേഷം മാറി സ്വയം മേക്കപ്പിട്ട്‌ ആ ഫോണിന്റെ അടുത്ത്‌ അദ്ദേഹം കാത്തിരിക്കും. ഒരു നിര്‍മ്മാതാവിന്റേയോ സംവിധായകന്റേയോ വിളിക്കായി. തീരെ സഹികെടുമ്പോള്‍ ദൈവം പണ്ടു താന്‍ ഡേറ്റും പണവും കൊടുത്തു സഹായിച്ചവരെയൊക്കെ അങ്ങോട്ടു വിളിച്ചു നോക്കും. അടുത്ത ചിത്രത്തില്‍ നോക്കട്ടെ എന്ന മറുപടി മാത്രം. പലരും ദൈവമാണെന്നു മനസ്സിലായാല്‍ ഫോണ്‍ കട്ട്‌ ചെയ്യാന്‍ വരെ തുടങ്ങി. ശപിക്കപ്പെട്ട ഏതോ നിമിഷത്തില്‍ ഒരിക്കല്‍ താനും അങ്ങനെ ചെയ്തു. ദൈവം പിന്നീടൊരിക്കലും തനിക്കു ഫോണ്‍ ചെയ്തിട്ടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ദൈവം ഈ നശിച്ച ലോകം വിട്ടു പോയെന്നറിയുന്നതു വരെ താന്‍ ആ കരുണാമയനെക്കുറിച്ച്‌ ആലോചിച്ചതു പോലുമില്ല എന്നതാണു സത്യം. ദൈവത്തിന്റെ ശാപമാണോ എന്നറിയില്ല എന്റെ പതനമവിടെ തുടങ്ങി.
നിര്‍മ്മാതാവ്‌ ആത്മകഥ പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും കാരവന്റെ ടയറില്‍ നിറച്ച കാറ്റ്‌ ബ്രാന്‍ഡഡല്ലാത്തതില്‍ ദേഷ്യപെട്ട്‌ സെറ്റില്‍ വൈകിയെത്തിയ നായകന്‍ ഷോട്ടിനു റെഡിയായി. മൂന്നര പതിറ്റാണ്ടു മുന്‍പ്‌ അമ്പത്തൊമ്പതാം വയസ്സില്‍ വൃദ്ധനായകനായി കളമൊഴിയേണ്ടി വന്ന ദൈവം, മേൽവസ്ത്രമില്ലാതെ ചുള്ളനായി നാല്പതടി ക്രയിനില്‍ പറന്നു കളിക്കുന്ന തന്നോടൊപ്പം അഭിനയിച്ച നായകനെ നോക്കി സ്വര്‍ഗത്തിന്റെ വാതിലും തുറന്നിരുന്നു നെടുവീര്‍പ്പിട്ടു.


സോഹൻ റോയ്‌

Leave a Reply

Your email address will not be published. Required fields are marked *

Related Posts