Parinamasathwam image not found

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമയത്ത് ഗ്ലോബല്‍ വില്ലേജില്‍ പോയ വാമഭാഗം കുറെ ജീവികളുടെ കളിമണ്‍ പ്രതിമകളുമായാണന്നു മടങ്ങി വന്നത്‌. എന്താണുദ്ദേശമെന്നു ചോദിച്ചപ്പോൾ, ഉത്തരം മൗനം. ഒന്നെങ്കില്‍ ഇട്ടിരിയ്ക്കുന്ന ചുരിദാര്‍ നന്നായിട്ടുണ്ടെന്നു കടക്കാരി പറഞ്ഞിട്ടുണ്ടാവും. ഇല്ലെങ്കിലവരുടെ ദയനീയ കഥ കേട്ടു മനസ്സലിഞ്ഞു കാണണം. അല്ലാതെ ഒരു ഗുണവുമില്ലാത്ത ഈ സ്ഥലം മുടക്കികള്‍ വാങ്ങി, വീട്ടില്‍ കയറി വരുന്നിടത്തു തന്നെയിങ്ങനെ നിരത്തില്ല. ഏതായാലും കൊണ്ടു വന്നു. ഒന്നു വൃത്തിയായി നിരത്തി വച്ചു കളയാമെന്നു തന്നെ തീരുമാനിച്ചു.

അരയന്നം, പുച്ച, പട്ടി, ആന, സിംഹം എന്നി ക്രമത്തില്‍ നിരന്നിരിയ്ക്കുന്ന അഞ്ചു രൂപങ്ങളെ നോക്കി കുറച്ചു നേരം ഞാന്‍ നിന്നു. ആ രൂപങ്ങള്‍ എന്നോടെന്തോ പറയാന്‍ ശ്രമിയ്ക്കുന്നതു പോലെ. വീണ്ടും സുക്ഷിച്ചു നോക്കി. ഒരു നിമിഷം ഞാന്‍ ഞെട്ടി. ആ രൂപങ്ങളില്‍ ഞാന്‍ കണ്ടതെന്റെ ഭാര്യയെത്തന്നെയാണ്‌. ഒപ്പം പച്ചയായ ചില ജീവിത സത്യങ്ങളെയും. ഒരു നിമിഷം ചിന്തകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു പാഞ്ഞു.
പെണ്ണുകാണാന്‍ പോയ ദിനം. ഒരരയന്നപ്പിടപോലാണവള്‍ മുന്നിലേക്കു കടന്നു വന്നത്‌. പിന്നിടാദ്യ രാത്രിയില്‍ പമ്മിപമ്മി ഒരു പുച്ചയെപ്പോലെയെത്തി. വിസയെടുത്തു ഗൾഫിൽ കൊണ്ടു വന്നതോടെ കുര തുടങ്ങി. മെല്ലെ മെല്ലെ പരിപാലനച്ചിലവു കൂടിയപ്പോള്‍ ഒരാനയെ കിട്ടിയ അവസ്ഥയായി. ഇപ്പോൾ തനി സിംഹരുപിണി. പരിണാമ സിദ്ധാന്തത്തിന്‍റെ നേര്‍ക്കാഴ്ച്ച ഇടത്തു നിന്നു വലത്തേക്കു കണ്ടു സ്തബ്ദനായി നിന്ന ഞാന്‍ ഒരു നിമിഷം വലത്തു നിന്നു ഇടത്തേയ്ക്കൊന്നു കണ്ണോടിച്ചു. പരിണാമത്തിന്റെ മറ്റൊരവസ്ഥാന്തരം ഞാനവിടെ ദര്‍ശിച്ചു. ഒരു സിംഹത്തെപ്പോലെ പെണ്ണുകാണാന്‍ ചെന്നത്‌. കെട്ടിക്കഴിഞ്ഞപ്പോള്‍ ആന പോലെ മെരുങ്ങി. മെല്ലെ മെല്ലെ കുരമാത്രമായി. പിന്നെപ്പിന്നെ പുച്ചയെപ്പോലെ ഒരു മൂലയിൽ മൗനിയായി. ഇപ്പോള്‍ ഒരരയന്നം പോലെ പുറകേ നീന്തുന്നു. വൈരുദ്ധ്യാത്മകതയുടെ അപാരതയല്ലേ ജീവിതമെന്ന്‌ കൂലംകഷകമായി ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ഡോര്‍ ബെല്ലടിച്ചത്‌. ഭാര്യ വാതില്‍ തുറന്നു. അടുത്ത ഫ്ളാറ്റിലെ സുഹൃത്തും ഭാര്യയുമാണ്‌.

അവര്‍ പുതിയതായി വാങ്ങിയ ടെലസ്‌കോപ്പിനെക്കുറിച്ചു പറയാന്‍ വന്നതാണ്‌. രാത്രിയില്‍ ടെറസ്സില്‍ അതു കാണാന്‍ ചെല്ലണമത്രേ.
വാനനിരീക്ഷണത്തില്‍ കൈവിഷം കിട്ടിയ പാര്‍ട്ടിയാണു സുഹൃത്തിന്റെ ഭാര്യ. നക്ഷത്ര ലോകത്തെ ഭാര്യയുടെ അപാര പാണ്ഡിത്യത്തെക്കുറിച്ച്‌ എത്ര പറഞ്ഞാലും മതിവരാത്ത വ്യക്തിയാണ്‌ സുഹൃത്ത്‌. എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ ഇടയ്ക്കിടയ്ക്ക്‌ ടെലസ്‌ക്കോപ്പുകളുടെ വലിപ്പം കൂട്ടും. അപ്പോഴൊക്കെ ഞങ്ങളും ചെന്നു കാണണം. വാനനിരീക്ഷണത്തില്‍ എന്റെ ഭാര്യയോളം വരില്ല അവന്റെ ഭാര്യയെന്നു പറയണമെന്നുണ്ട്. നക്ഷത്രം എണ്ണിയ്ക്കുന്നതില്‍ എന്റെ ഭാര്യയ്ക്ക്‌ ടെലസ്‌ക്കോപ്പു വേണ്ടെന്നവനറിയില്ലല്ലോ
നിരന്നിരിയ്ക്കുന്ന പരിണാമ ബിംബങ്ങളെ അവരും കണ്ടു. അരയന്നവേഷത്തിന്‌ എനിയ്ക്കു സംസ്ഥാന അവാര്‍ഡു കിട്ടുമെങ്കില്‍ അവനു ദേശീയ അവാര്‍ഡുറപ്പുള്ളതു കൊണ്ട്‌ സുഹൃദസംഗമമൊന്നു കൊഴുപ്പിയ്ക്കാന്‍ അരയന്നത്തിന്റെ പരിണാമ കഥ ഞാനൊന്നു പൊലിപ്പിച്ചു പറഞ്ഞു. പ്രേക്ഷകര്‍ മൂന്നു പേരെ ഉള്ളുവെങ്കിലും ഞാന്‍ നിറഞ്ഞാടി. ചാക്യാർകൂത്തും ഓട്ടന്‍തുള്ളലും കഥാപ്രസംഗവും മാറി നില്‍ക്കുന്ന രീതിയിലുള്ള അവതരണം. പക്ഷെ പ്രതികരണമില്ല. ഞാന്‍ വല്ലാതായി. കഥ ചീറ്റിപ്പോയോ ? അങ്ങനെ വരാന്‍ വഴിയില്ലല്ലോ… സുഹൃത്തിന്റേയും അവന്റെ ഭാര്യയുടേയും മുഖഭാവം മാറുന്നതു ഞാന്‍ ശ്രദ്ധിച്ചു. അരയന്നം പോലെ വീട്ടിലേക്കു കടന്നു വന്നവര്‍ സിംഹ രൂപിണിയായി പുറത്തേയ്ക്കു പാഞ്ഞു. കുടെ അരയന്നഭാവത്തില്‍ സുഹൃത്തും.
ഒന്നും മനസ്സിലാവാതെ ഞാന്‍ ഭാര്യയെ നോക്കി. അവിടെയും സിംഹഭാവം തന്നെ. ഭാര്യ വരച്ച വരയില്‍ നടക്കുന്നതു കാരണം പേരില്‍ മാത്രം സിംഹമുള്ള നരസിംഹന്റെ ഭാര്യ സ്നേഹയുടെ ഇരട്ടപ്പേര്‌ സിംഹമെന്നാണല്ലോ എന്ന്‌ ഒരു നിമിഷം ഞാനോര്‍ത്തു. കഴിഞ്ഞ കിറ്റിപ്പാര്‍ട്ടിയില്‍ ആരോ സ്നേഹമുള്ള സിംഹം എന്ന സിനിമ കണ്ടിട്ടുണ്ടോ എന്നൊന്നു ചോദിച്ചതിന്റെ പുകില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നു ഭാര്യ പറഞ്ഞതോര്‍മ്മ വന്നു.
“നിങ്ങടെ ഒടുക്കലത്തെ ഒരു കോമഡി ‘ എന്ന്‌ ഗര്‍ജജിച്ച ഭാര്യയുടെ മുഖം ഒരു ടെലിസ്‌കോപ്പായി മാറി. കാര്യങ്ങളുടെ കിടപ്പുവശം മോശമെന്നു മനസ്സിലാക്കിയ ഞാന്‍ ഒരരയന്നമായ്‌ ഒരു മൂലയിലൊതുങ്ങി സാധാരണ പോലെ നക്ഷത്രമെണ്ണിത്തുടങ്ങി.


സോഹൻ റോയ്‌

Leave a Reply

Your email address will not be published. Required fields are marked *

Related Posts