Corona Vaccine image not found

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കൊറോണ വാക്സിന്‍ എത്തി. ഏതോ ഭാവനാശാലി വാക്സിന്‍ കഴിച്ചാല്‍ വാലു വരും എന്നൊരു കഥയിറക്കിയതോടെ ആര്‍ക്കുമതെടുക്കാനുള്ള ധൈര്യമില്ലെന്നായി.
കൊറോണ വന്നു ചത്താലും വേണ്ടില്ല ഹനുമാനായി നടക്കേണ്ടല്ലോ. പോരാത്തതിനു ചൈന, റഷ്യ, യുകെ എന്നീ വകഭേദങ്ങള്‍ തമ്മിലുള്ളടിയും.. മതങ്ങളുടെ പേരിലുള്ളത ഇറങ്ങാത്തതിന്‍റെ കുറവു മാത്രം. ഏതായാലും ഞാന്‍ വാക്സിന്‍ രണ്ടും കല്പിച്ചെടുക്കാന്‍ തീരുമാനിച്ചു. പഴയ കമ്മ്യൂണിസ്റ്റു രക്തം ഉള്ളിലിപ്പോഴുമുള്ളതു കൊണ്ടാണോ എന്നറിയില്ല ചൈനയുടെ വാക്സിനാണു നറുക്കു വീണത്.. പുലിനഖം ഒറിജിനല്‍ വേണമെങ്കില്‍ പുലിമടയില്‍ തന്നെ കയറണ്ടേ..?!

ആദ്യ ഡോസ് എടുക്കുന്നതിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതും അഭ്യുദയ കാംക്ഷികള്‍ ചാടി വീണു. വാലു കിളിച്ചോ എന്നു പച്ചയ്ക്കു ചോദിച്ചില്ലെങ്കിലും ഞാനേതോ വലിയ അബദ്ധമാണു ചെയ്തതെന്നു ചിലര്‍ പറയാതെ പറഞ്ഞു. ചൈനയുടെ പക്ഷംപിടിച്ച ഞാന്‍ ഇന്ത്യക്കാരെ വഞ്ചിച്ചിരിയ്ക്കുന്നു എന്ന മറ്റൊരു പക്ഷം…
ഏതായാലും പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്ത പാര്‍ശ്വഫലങ്ങളെക്കുറിച്ചു കൂടിയറിഞ്ഞതോടെ കൂടെച്ചാടുമെന്നു വാക്കുതന്ന ഭാര്യ മുങ്ങി. പടത്തലവനോടൊപ്പം ഉണ്ടാവുമെന്നു കരുതിയ കമ്പനിയിലെ പടയാളികളുടെ പൊടി പോലുമില്ല കണ്ടു പിടിയ്ക്കാന്‍. റോള്‍മോഡലാവാന്‍ ഇറങ്ങിത്തിരിച്ചവന്‍റെ മേലെ റോഡ് റോളര്‍ കയറിയ അവസ്ഥ. എന്‍റെ നീണ്ടു വരുന്ന വാലിനായി കാത്തിരിയ്ക്കുന്നവരുടെ സഹതാപ തരംഗം ചുറ്റും പരന്നു.. ഫോണിലൂടെ നിരന്തരം കിട്ടിയ ഉപദേശങ്ങളിലും കുറ്റപ്പെടുത്തലുകളിലും കിളി പോയ സഹധര്‍മ്മിണിയുടെ സൂക്ഷ്മ നിരീക്ഷണത്തിലായി ഞാന്‍. ഉറക്കത്തില്‍ പോലും എന്നിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരീക്ഷിയ്ക്കപ്പെടുകയും ആ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളിലേയ്ക്ക അപ്പപ്പോള്‍ ചോര്‍ത്തപ്പെടുകയും ചെയ്യുന്ന വിവരം ഞാന്‍ മാത്രമറിഞ്ഞില്ല. ഏതായാലും വാക്സിനെടുത്തതോടു കൂടി കൊറോണപ്പേടി എന്നെ വിട്ടകന്നു. മാസ്ക്കെടുത്തു വലിച്ചെറിയണമെന്നു പോലും തോന്നിത്തുടങ്ങി. കഴിഞ്ഞ ഒന്‍പതു മാസമായി മിക്കവാറും വീട്ടുതടവിലായിരുന്ന എന്നെ, ഓഫീസില്‍ പോയിത്തുടങ്ങിയതോടെ വീട്ടില്‍ കിട്ടാതായി.. ചെയ്യുന്ന കാര്യങ്ങള്‍ക്കു വേഗതയേറി. വിട്ടു പോയ ഒരുപാടു കാര്യങ്ങ ള്‍ ചെയ്തു തീര്‍ക്കേണ്ടിയിരിയ്ക്കുന്നു. വാക്സിനെടുക്കാത്ത പേടിത്തൊണ്ടരെക്കണ്ടാല്‍ എനിയ്ക്കു സഹതാപവും പുച്ഛവും ഒന്നിച്ചു വരുന്ന അവസ്ഥ. എന്നാണാവോ ഇവറ്റകള്‍ക്ക് തലയില്‍ വെളിച്ചം വരിക? ഇനി മുതല്‍ ലോകത്തു വാക്സിനെടുത്തവരും എടുക്കാത്തവരും എന്ന രണ്ടു തരക്കാരേ ഉണ്ടാവൂ എന്നു ഞാന്‍ തിരിച്ചറിഞ്ഞു.

ഓഫീസില്‍ വന്നു തുടങ്ങിയതോടെ ഉണര്‍വും ഉന്മേഷവും കൂടിയതായി എനിയ്ക്കു തന്നെ തോന്നി. ഇടയ്ക്കിടയ്ക്കു വിളിച്ചു
ക്ഷേമമന്വേഷിച്ചു കൊണ്ടിരുന്ന ഭാര്യയോട് അതു പറഞ്ഞിട്ടും
ഫോണ്‍ വിളിയ്ക്കു മാത്രം കുറവുണ്ടായില്ല, ‘ശുഷ്കാന്തി സ്വല്പം
കൂടുതലല്ലേ എന്നൊരു സംശയം’ എന്നൊടുവില്‍ പറയേണ്ടി വന്നു.

എന്നെ ഞെട്ടിച്ചു കൊണ്ട് വാക്സിനെ പേടിച്ചു നടന്നിരുന്ന അഭ്യുദയകാംക്ഷികള്‍ ഓരോരുത്തരായ അടുത്ത ദിവസങ്ങളില്‍ അതെടുത്തു തുടങ്ങി. ഭാര്യയിലൂടെ എനിയ്ക്കൊന്നും സംഭവിച്ചില്ലെന്നുള്ള വിവരമറിഞ്ഞ് എടുത്തു തുടങ്ങിയതായിരിയ്ക്കണം. അങ്ങനെ ഞാനവര്‍ക്കൊരു റോള്‍ മോഡലായതില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍. കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യയുടെ നാട്ടുകാരനായ സുഹൃത്തു സ്വകാര്യമായ വിളിച്ചു ചോദിച്ച സംശയം കേട്ടപ്പോള്‍ ആകെയൊരു പന്തികേട്. എനിയ്ക്ക ശുഷ്കാന്തി വന്നു തുടങ്ങിയത് വാക്സിനേഷന്‍ എടുത്ത അന്നു മുതല്‍ തന്നെയായിരുന്നോ എന്ന്. പുള്ളിക്കാരന്‍ എടുത്തിട്ട് രണ്ടു മൂന്നു ദിവസമായിട്ടും ശുഷ്കാന്തിയില്‍ മാറ്റമൊന്നും കണ്ടുതുടങ്ങിയിട്ടില്ലത്രേ. ഒന്നും മനസ്സിലാവാതെ നിന്ന എന്നോടവന്‍ ഒടുവില്‍ തട്ടിക്കയറി.

‘നിനക്കു വാക്സിനെടുത്തു ശുഷ്കാന്തി കൂടിയെങ്കില്‍ അതു നിന്‍റെ
ഭാര്യയെന്‍റെ ഭാര്യയെ വിളിച്ചു പറഞ്ഞെന്‍റെ ശുഷ്കാന്തിയും
കൂട്ടിയ്ക്കണോ…??’
ശുദ്ധ മലയാളം സംസാരിയ്ക്കുന്ന മദ്ധ്യതിരുവിതാംകൂറുകാരനില്‍
നിന്നും വടക്കത്തിയായ എന്‍റെ ഭാര്യ ഇതിനുമുന്‍പും പല സാഹിത്യ
വാക്കുകളും പഠിച്ചെടുത്തിട്ടുണ്ടെങ്കിലും ‘ശുഷ്ക്കാന്തി’ എന്നൊരു പദത്തിന് ഇത്ര വലിയ ഒരു അര്‍ത്ഥതലം നല്‍കി പഠിച്ചെടുത്ത്
കൊറോണാ വാക്സിനേഷനെ ഇങ്ങനെ പ്രോത്സാഹിപ്പിയ്ക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല. പിന്നില്‍ കിളിയ്ക്കാതെ പോയ വാല്‍, മുന്നില്‍ ശുഷ്കാന്തിയായി വന്നു പണി തരുമെന്ന് വാക്സിനെടുപ്പില്‍ മാതൃകയാവാന്‍ ഇറങ്ങിത്തിരിച്ച ഞാനൊട്ടു പ്രതീക്ഷിച്ചതുമില്ല.. ഇക്കണക്കിനു മൂന്നാഴ്ച കഴിഞ്ഞെടുക്കേണ്ട ബൂസ്റ്റര്‍ ഡോസ് കൂടിക്കഴിയുമ്പോള്‍ ഒരു ‘ശുഷ്കാന്തി കണ്‍സള്‍ട്ടന്‍റായി’ കാന്തയെന്നെ മാറ്റുമോ എന്തോ.. എന്ന ശുഷ്കാന്തിയെന്നെ അലട്ടിത്തുടങ്ങി.

സോഹൻ റോയ്

One thought on “കൊറോണ വാക്‌സിൻ

Leave a Reply

Your email address will not be published. Required fields are marked *

Related Posts