Career Design - A Short Story By Sohan Roy

അഞ്ചാം ക്ലാസ്സിൽ സ്വന്തമായി നാടകം സംവിധാനം ചെയ്തവതരിപ്പിച്ച എന്നിലെ സംവിധായകനെ കണ്ടെത്താനോ പ്രോത്സാഹിപ്പിയ്ക്കാനോ അതു തൊഴിലാക്കി മാറ്റണമെന്ന് ഉപദേശിയ്ക്കാനോ മാതാപിതാക്കൾക്കോ പത്തുപതിനേഴു വർഷം പഠിപ്പിച്ച അദ്ധ്യാപകർക്കോ സാധിച്ചില്ല എന്നതാണു നഗ്നസത്യം. കണക്കിൽ കൈവിഷം കിട്ടിയതു കൊണ്ട് എഞ്ചിനീയർ ആകണമെന്ന് അവരെല്ലാം കൂടിയങ്ങു തീരുമാനിച്ചു. കപ്പൽ, ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഞാൻ ഒടുവിൽ ചെന്നുപെട്ടതോ ഏറ്റവും സങ്കീർണ്ണത നിറഞ്ഞ വിഭാഗമായ നേവൽ ആർക്കിടെക്ചറിലും.

മറ്റെല്ലാവരും നാലു വർഷം കൊണ്ട് എഞ്ചിനീയറാകുമ്പോൾ ഞങ്ങൾ നാലര വർഷം അവധിയില്ലാതെ പഠിയ്ക്കണം. മറ്റുള്ളവർ വാർഷിക അവധിയ്ക്കു പോകുമ്പോൾ ഞങ്ങൾ ഏതെങ്കിലും ഷിപ്പ് യാർഡിൽ ട്രയിനിംഗ് യജ്ഞത്തിലായിരിക്കും. പ്രക്ഷുബ്ധമായ കടലിലെ തിരമാലകളെ അതിജീവിച്ച് ലോകം മുഴുവൻ ചുറ്റേണ്ട ഭീമാകാരൻ കപ്പലുകൾ വരച്ചുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ തരുന്നത് ജർമ്മനിയിൽ നിന്നെത്തിയ പ്രൊഫസേഴ്സ് ആയതു കൊണ്ട് ജർമ്മൻ ഭാഷയും പഠിയ്ക്കണം. ആറടി മൂന്നിഞ്ചിൽ കുറയാത്ത ഘടാഘടിയൻമാരായ സായിപ്പൻമാരുടെ കൃത്യനിഷ്ഠ മൂലം ഞങ്ങൾക്കും ഒൻപതു മണിയെന്നു വച്ചാൽ എട്ടു മണി കഴിഞ്ഞ് 59 മിനിട്ടും അറുപതു സെക്കൻ്റുമാണ്. രൂപം കണ്ടു പേടിച്ചിട്ടാണോ എന്നറിയില്ല, വൈറസും ബാക്ടീരിയയും ജർമ്മൻകാരുടെ ഏഴയലത്തെത്താത്തതുകൊണ്ടവർ മെഡിക്കൽ ലീവെടുക്കുകയുമില്ല, ഞങ്ങൾക്കവധി വീണു കിട്ടുകയുമില്ല. അസൈൻമെൻ്റുകളും പരീക്ഷകളും കൃത്യമായി നടത്തുന്നതു കൊണ്ട് ആവശ്യത്തിലേറെ മുറയ്ക്കു കിട്ടിയിരുന്നു. കൊടുങ്കാറ്റിലും പേമാരിയിലും പെട്ടുലഞ്ഞ ആ കപ്പൽ പഠനയാത്ര കരയ്ക്കണഞ്ഞപ്പോഴേക്കും ഉള്ളിലെ കലാകാരൻ ഒരു വഴിയ്ക്കായിരുന്നു. പിന്നൊന്നുമാലോചിച്ചില്ല , കോഴ്സു കഴിഞ്ഞു പിറ്റേ ദിവസം തന്നെ സിനിമാ സംവിധാനം പഠിയ്ക്കണമെന്നു പറഞ്ഞു വീടുവിട്ടപ്പോൾ, മകനെ ഒരു എഞ്ചിനീയർ ആയിക്കാണാൻ മുണ്ടു മുറുക്കി ആഗ്രഹിച്ച മാതാപിതാക്കളുടെ കണ്ണു നിറഞ്ഞത് കണ്ടില്ലെന്നു നടിച്ചു.

ആറു മാസം കഴിഞ്ഞപ്പോഴാണ് ഒരു പ്രൊഡ്യുസറനുഗ്രഹിച്ചാലേ ഒരു സംവിധായകൻ ജനിയ്ക്കൂ എന്നും കാശിറക്കുന്നവനിൽ ആ വിശ്വാസമുണ്ടാക്കിയെടുക്കാൻ ഒരഞ്ചുപത്തു വർഷം കൂടിയിനിയും കഷ്ടപ്പെടേണ്ടി വരുമെന്നുമുള്ള ബോധം തന്നെ വരുന്നത്. സ്വന്തം പണത്തിനു പടം പിടിച്ചാൽ സംവിധായകനാവാൻ ഗോഡ്ഫാദർ വേണ്ടി വരില്ലല്ലോ എന്ന കുരുട്ടു ബുദ്ധിയാണ് എന്നെ അതുണ്ടാക്കാൻ വീണ്ടും കപ്പലിലെത്തിച്ചത്. സ്വപ്ന സാക്ഷാത്കാരത്തിനായി കഷ്ടപ്പെട്ട നീണ്ട പതിനാറുവർഷത്തെ സമ്പാദ്യവുമായി ആദ്യ സിനിമ സംവിധാനം ചെയ്യാൻ രണ്ടും കല്പിച്ചിറങ്ങി. ഒപ്പം എൻ്റെ ഗതി മക്കൾക്കു വരാതിരിയ്ക്കാൻ അവരുടെ കഴിവുകളേയും ഇഷ്ടങ്ങളേയും കണ്ടെത്തി അതിനൊത്ത തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കാനുള്ള ചുമതല വിദ്യാലയത്തിനു വിട്ടു കൊടുത്തു. ഒടുവിൽ അച്ഛൻ്റെ പാത തന്നെ മക്കളും പിൻതുടരാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ ഇരട്ടി മധുരം കഴിച്ച അവസ്ഥ.
ലോകത്തിലെ ഏറ്റവും മികച്ച നേവൽ ആർക്കിടെക്ചർ കോഴ്സിലേയ്ക്ക് ഇരട്ടക്കുട്ടികളെ അവരുടെ ആഗ്രഹപ്രകാരം തന്നെ അയക്കുമ്പോൾ, കഴിവും പാരമ്പര്യവും പിൻബലവുമുള്ളതുകൊണ്ട് കപ്പൽ നിർമ്മാണരംഗത്തെ ലോകമറിയുന്ന രണ്ടു “ലേഡി നേവൽ ആർക്കിടെക്റ്റ് “മാരുടെ അച്ഛനായി ഭാവിയിൽ അറിയപ്പെടുന്നതിനെക്കുറിച്ചു ഞാൻ സ്വപ്നം കണ്ടു തുടങ്ങി.

കോഴ്സു തുടങ്ങി ആറു മാസം കഴിഞ്ഞപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് ഇരട്ടകളിലിളയയാൾ തനിയ്ക്ക് കോഴ്സ് മാറി സൈക്കോളജിക്ക് പോകണമെന്നൊരാഗ്രഹം പറഞ്ഞു. കുട്ടികളുടെ പഠന കാര്യങ്ങളിൽ മാതാപിതാക്കൾ ആവശ്യമില്ലാതെ ഇടപെടരുതെന്നു നിഷ്കർഷിക്കുന്ന ഇൻ്റർനാഷണൽ സ്ക്കൂൾ ആയിട്ടു പോലും കരിയർ ഡിസൈനിൻ്റെ അടിസ്ഥാനം പോലുമറിയാത്ത വഴികാട്ടികളുടെ കീഴിലാണു മക്കൾ പതിനാലു വർഷം പഠിച്ചതെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു കളഞ്ഞു.. സൈക്കോളജിക്കലായി നീങ്ങാതെ അമരീഷ് പുരിയെപ്പോലെ ഗർജ്ജിച്ചാൽ സംഗതി പാളുമെന്നറിയാവുന്നതു കൊണ്ട് സൈക്കോളജി പഠിയ്ക്കാൻ യൂറോപ്പിൽ നിൽക്കേണ്ടെന്നും ഞങ്ങൾക്കൊപ്പം ദുബായിൽ വന്നുനിന്നു പഠിച്ചോളാനും പറഞ്ഞതും, യൂറോപ്യൻ ക്യാമ്പസിൻ്റെ ഭാഗമായിക്കഴിഞ്ഞ പുത്രിയുടെ ആഗ്രഹം പിൻവലിയ്ക്കപ്പെട്ടു…..!! തന്ത്രം വിജയിച്ച ഞാൻ ” മൊഗാമ്പോ ഖുഷ് ഹുവാ ” എന്നറിയാതെ പറഞ്ഞ് ഉള്ളിൽ ചുമക്കുന്ന ദ്വന്ദ്വ വ്യക്തിത്വത്തെ പുറത്തു ചാടിച്ചു.

അഞ്ചു വർഷങ്ങൾ നല്ല ഒരു സിനിമ പോലെ പെട്ടെന്നു തീർന്നു പോയതറിഞ്ഞില്ല. പ്രതീക്ഷകൾ തെറ്റിയ്ക്കാതെ രണ്ടാളും ഉയർന്ന സ്കോറോടെ മാസ്റ്റേഴ്സും പൂർത്തിയാക്കി. മൂത്തയാൾ നൂറ്റമ്പതു വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടു ക്യാമ്പസിലെ ആദ്യ വനിതാ പ്രസിഡൻ്റാവുകയും അവിടെത്തന്നെയുള്ള ഒരന്താരാഷ്ട്ര ഷിപ്പ് മാനേജുമെൻറു കമ്പനിയിലേക്ക് കാമ്പസിൽ നിന്നു തന്നെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോൾ, അഭിമാനം മൂത്ത അച്ഛൻ ഒരു നിമിഷം അമരീഷ് പുരിയായി മാറി ഹൃദയം തുറന്നട്ടഹസിച്ചാഹ്ലാദിച്ചു..

പിതാവിൻ്റെ പാത പിൻതുടരാൻ ദുബായിലേക്കു മടങ്ങിയ കനിഷ്ഠ പുത്രി, വീട്ടിലെത്തിയതും പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും ഒരു മൂലയ്ക്കു വച്ച് ജോലിക്കു കയറുന്നതിനു മുൻപേ ആറു മാസം അവധി സ്വയം പ്രഖ്യാപിച്ചു. കപ്പലു പോയിട്ട് കടലിലോട്ടു പോലും നോക്കാതെ ഹിപ്പ്നോ തെറാപ്പിയും യോഗയും മെഡിറ്റേഷനും, ഇൻഡസ്ട്രിയൽ വെൽബീയിംഗും മറ്റും പഠിയ്ക്കാൻ ദിവസം മുഴുവൻ ഭ്രാന്തമായി ഓടിനടക്കുന്ന പുത്രിയെ കണ്ട്, വില്ലനാവേണ്ട അപ്പൻ കർമ്മദോഷമോ തനിയാവർത്തനമോ എന്നറിയാതെ നെറ്റി ചുളിച്ചു. കിരീടവും ചെങ്കോലും മക്കളെ ഏല്പിച്ച് വിരമിയ്ക്കാനുള്ള പുരിയുടെ പൂതി പുതിയ പുതിയ കോഴ്സുകളിൽ ചേർന്ന് മകൾ തകർത്തു കൊണ്ടേയിരുന്നു.

ബോധമനസ്സിൻ്റെയും ഉപബോധമനസ്സിൻ്റെയും കാണാപ്പുറങ്ങളിൽ ആത്മാക്കളുമായി സംവേദിയ്ക്കാനും പൂർവ്വജന്മ സത്യങ്ങൾ കണ്ടെത്താനും മായ്ക്കേണ്ടവ മായ്ക്കാനും സഹായിക്കുന്ന മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയിലേക്കുള്ള മകളുടെ പരകായ പ്രവേശം മൂന്നു വർഷം കൊണ്ടേതാണ്ടു പൂർണ്ണമായിരിയ്ക്കുന്നു. പുലർച്ച മുതൽ അർദ്ധരാത്രി വരെ പല പല പ്രശ്നങ്ങളുമായി പരിഹാരം തേടി മകളെക്കാണാനെത്തി സന്തോഷത്തോടെ മടങ്ങുന്ന നിരവധി വിദേശികൾ, മകളിലൂടെ താൻ നാളെ അറിയപ്പെടുമെന്നു പറയുന്നതു കേട്ട അമരീഷ് പുരിയിൽ അഭിമാനത്തിൻ്റെ പുഞ്ചിരി വന്നു തുടങ്ങി. കയ്യക്ഷരം കൂടി നോക്കി തൻ്റെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാർത്ഥികളുടെ സ്വഭാവം കൃത്യമായി മുൻ കൂട്ടിയറിയാൻ സാധിയ്ക്കുന്നതു ചീഫ് ഹാപ്പിനസ് ഓഫീസർ കൂടിയായ മകളുടെ മാത്രം കഴിവുകൊണ്ടാണെന്ന് അവരോടെല്ലാം പുരി ആവേശത്തോടെ പറഞ്ഞു. കൂടാതെ ഓഫീസിലെ പല പഴയ വില്ലന്മാരും തനി സ്വരൂപം കയ്യക്ഷരത്തിലൂടെയും, ഹിപ്പ്നോസിസിലൂടെയും മകൾക്കറിയാവുന്ന മറ്റു പല മാർഗ്ഗങ്ങളിലൂടെയും തെളിയാതിരിയ്ക്കാൻ മുങ്ങി നടക്കുന്ന കാര്യവും.. സ്ക്കൂളിൽ പഠിക്കുമ്പോൾ ഹസ്തരേഖാ ശാസ്ത്രത്തിൻ്റെ പുസ്തകം ഒറ്റയ്ക്കു പഠിച്ചു കൂട്ടുകാരെയും അദ്ധ്യാപകരേയും കൈനോക്കി ഞെട്ടിയ്ക്കുമായിരുന്ന മകളുടെ മനസ്സു വായിക്കുന്ന കഴിവിനെ പ്രോത്സാഹിപ്പിക്കാതെ കളിയാക്കിയവരിൽ അന്നു താനുമുണ്ടായിരുന്ന കാര്യവും കുറ്റബോധത്തോടെ തുറന്നു പറയാൻ മറന്നില്ല.

ഇതാ ഒടുവിൽ ലോകപ്രശസ്ത ഹോളിസ്റ്റിക്ക് സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൺസൽട്ടൻ്റായി മകൾ ഇന്ന് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു. മനസ്സു വായിയ്ക്കുന്ന തൻ്റെ കഴിവിനെ സ്വയം കണ്ടെത്തി പരിശീലിച്ച് ആ മേഖലയിൽ സ്ഥാനമുറപ്പിച്ചതിനു മകൾക്കു കിട്ടിയ ആദ്യ അംഗീകാരം.

എങ്കിലും നീന്തേണ്ട മീനിനെ മരം കേറാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയേയും ഇഞ്ചി കൃഷി ചെയ്യേണ്ടവരെ എഞ്ചിനീയറാക്കാൻ നടക്കുന്ന മാതാപിതാക്കളേയുമോർത്തു സ്വയം ശപിക്കുന്ന ഉള്ളിലെ ആത്മാവ് അഞ്ചുവർഷം ഉറക്കമില്ലാതെ കഷ്ടപ്പെട്ടു മകൾ നേടിയ നാവിക ശില്പകലയുടെ സർട്ടിഫിക്കറ്റ് ഗതികിട്ടാത്ത ഒരാത്മാവിനെപ്പോലെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നതു നോക്കുന്ന ഷോട്ടിൽ ഈ കഥ അവസാനി പ്പിക്കുന്നു.

അല്ലെങ്കിൽ പാസ്റ്റ് ലൈഫ് റിഗ്രഷ”നെന്ന ഭൂതകാല സംവേദനത്തിലൂടെ എൻ്റെ ഉള്ളിലൊളിച്ചിരിയ്ക്കുന്ന ആത്മാവിനെ മകൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടി എൻ്റെ തൊഴിലിൻ്റെ രൂപരേഖയും മാറ്റിച്ചേക്കാം എന്നു ബോധമനസ്സു ആവർത്തിച്ചാവർത്തിച്ചു പറയുന്നു.

Related Posts