മടക്കയാത്ര

ദുബായിലെ സുഹ്യത്തും വ്യവസായിയുമായ ഇന്ത്യാക്കാരൻ്റെ ജന്മദിനാഘോഷം ജോർജിയയിൽ വച്ചു നടക്കുന്നു. ജീവിതം ആഘോഷിച്ചു തീർക്കേണ്ടതാണെന്നു വിശ്വസിക്കുന്ന സുഹൃത്ത് അവിടുള്ള ഏറ്റവും വലിയ റിസോർട്ടിൽ മൂന്നു ദിവസത്തെ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണക്കാലത്തെ അപൂർവ്വ ആഘോഷം. ബോളിവുഡ് സ്റ്റൈലിൽ നടക്കുന്ന പാർട്ടിയായതുകൊണ്ട് മൂന്നു നേരവും ഫാഷൻ പരേഡിനവസരമുണ്ടെന്നറിഞ്ഞ ഭാര്യ ഡബിൾ ഡോസിൽ ഇരട്ട വാക്സിനെടുത്ത ധൈര്യത്തിൽ ചാടിയിറങ്ങി. പക്ഷേ നാട്ടിൽ നടക്കേണ്ട നാലു ഔദ്യോഗിക ചടങ്ങുകൾക്ക് ചെല്ലേണ്ടിയിരുന്ന ഞാൻ പെട്ടു. അവസാന ചടങ്ങ് ഗവർണർ നിർവ്വഹിക്കേണ്ട പുസ്തക പ്രകാശന ചടങ്ങായതിനാൽ മാറ്റിവയ്ക്കാനോ രചയിതാവെന്ന നിലയിൽ മാറി നിൽക്കാനോ സാദ്ധ്യമല്ല. ഇടയ്ക്കു വച്ചു മുങ്ങാമെന്നു വച്ചാൽ കൊറോണ മൂലം ഇന്ത്യ വിട്ടു പതിനഞ്ചു ദിവസം കഴിഞ്ഞേ ജോർജിയയിൽ കയറ്റൂ എന്ന കുരുക്കും. സന്തുഷ്ടമായ കുടുംബ ജീവിതത്തിന് ഭാര്യയുടെ സന്തോഷം അനിവാര്യമായതു കൊണ്ട് നാട്ടിലെ ചടങ്ങുകൾ മാറ്റിവയ്ക്കപ്പെട്ടു. പക്ഷെ തിരിച്ചെത്തി നാലു ചടങ്ങുകൾ നാലു ദിവസം കൊണ്ടു തീർക്കണമെങ്കിൽ ദുബായിൽ മടങ്ങിയെത്തിയാൽ അടുത്ത ഫ്ലൈറ്റു പിടിയ്ക്കണം. ഭാര്യയുടെ പല തീരുമാനങ്ങളിലും ഒപ്പം നിൽക്കാറില്ലെന്ന ആരോപണം തിരുത്താൻ ത്യാഗ സമ്പന്നനായ എന്നിലെ ഭർത്താവിന് പിന്നെ രണ്ടാമതൊന്നാലോചിക്കാനില്ലായിരുന്നു.

ഫ്ലൈറ്റു മുഴുവൻ അതിഥികളായ ഇന്ത്യൻ വ്യവസായ പ്രമുഖരെക്കൊണ്ടും വേഷം കെട്ടാനുള്ള സാധനങ്ങൾ കൊണ്ടും നിറഞ്ഞു. ആഘോഷ സംഘം മുഴുവൻ പാട്ടും ബഹളവുമായി തകർത്തതു കൊണ്ട് ജോർജിയയിലെത്താനെടുത്ത മൂന്നു മണിയ്ക്കൂർ പോയതറിഞ്ഞില്ല. ഏതായാലും ജന്മദിനാഘോഷം പൊടിപൊടിച്ചു. രാജേഷ് ഖന്നയുടെ മുതൽ ജയിംസ് ബോണ്ടിൻ്റെ വരെ വേഷം കെട്ടിയെടുത്ത ഫോട്ടോകൾ നോക്കി സന്തോഷിയ്ക്കുന്ന എന്നെ നോക്കി തൻ്റെ വഴിയ്ക്കു വന്നാൽ ജീവിതം സുന്ദരവും സുരഭിലവുമാവുമെന്ന മട്ടിൽ ഭാര്യയുടെ പരിഹാസച്ചിരിയും വാക്കുകളും വന്നു കൊണ്ടേയിരുന്നു. നഷ്ടങ്ങളും അബദ്ധങ്ങളും അപകടങ്ങളും ഒഴിവാക്കാൻ എന്തിനേയും പല വീക്ഷണകോണിലൂടെ കണ്ടു വേണം പ്രായോഗിക ബുദ്ധിയുപയോഗിച്ച് അനുയോജ്യമായ തീരുമാനങ്ങളെടുക്കേണ്ടതെന്നും സാഹചര്യത്തിനനുസരിച്ചു പെരുമാറേണ്ടതെന്നും പലപ്പോഴും ഉപദേശിക്കാറുള്ള ഞാൻ പന്തു മറു വശത്തായതു കൊണ്ടു മൗനിയായിരിയ്ക്കാൻ ബുദ്ധിപരമായി തീരുമാനിച്ചു.

സുന്ദരമായ ജോർജിയയെ കൂടുതൽ കണ്ടറിയാൻ തീരുമാനിച്ച രണ്ടു പേർ ടിക്കറ്റു മറ്റൊരു ദിവസത്തേയ്ക്കു മാറ്റിയപ്പോൾ കാലിയായ സീറ്റുകൾ തരപ്പെടുത്തിയ വിദേശ ദമ്പതികളും ഞങ്ങളോടൊപ്പം മടക്കയാത്രയിലുണ്ടായിരുന്നു. വിദേശ വനിതയുടെ മുഖം മറയ്ക്കുന്ന കണ്ണടയും വേഷം കെട്ടും കണ്ടപ്പോഴേ എന്തോ പന്തികേടു മണത്തു. ജീവിതത്തിൽ കുനിഞ്ഞൊരു പണി ചെയ്തിട്ടുണ്ടാവില്ലെന്ന് ശരീരഭാഷ കണ്ടാലറിയാം. എല്ലാവരേയും പുച്ഛിയ്ക്കുന്ന ആ മുഖത്തു എയർപ്പോർട്ടിലെ സൗകര്യക്കുറവിനോടുള്ള വെറുപ്പു പ്രകടമായിരുന്നു. ഒരു പറ്റം ഇന്ത്യാക്കാരുടെ കൂടെ എയർപ്പോർട്ടിനുള്ളിലെ ബസ്സിൽ ഒന്നിച്ചു കയറിയപ്പോഴേ അവരുടെ നിയന്ത്രണം വിട്ടു തുടങ്ങി. വാല്യക്കാരനെപ്പോലെ ഭാര്യയുടെ ഹാൻഡ് ബാഗേജു കൂടെ പിടിച്ചു പുറകേ നടക്കുന്ന ഭർത്താവിനെ നോക്കി കണ്ടു പഠിക്കാൻ എൻ്റെ ഭാര്യയുടെ വക ഉപദേശം കേൾക്കാത്ത മട്ടിൽ ഞാൻ നിന്നെങ്കിലും ബാഗൊന്നു കൂടി കയ്യിലെത്തി. ഉരുണ്ടുരുണ്ടു ബസ്സിൽ നിന്നിറങ്ങിയപ്പോഴേക്കും ക്യൂവിൽ ഞങ്ങളുടെ പുറകിൽ നിൽക്കേണ്ടി വന്നതോടു കൂടി വിദേശ നായിക പൊട്ടിത്തെറിച്ചു. ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റെടുത്തിട്ടും പ്രത്യേക ബസ്സ് കൊടുക്കാത്തതിനും ആദ്യം കയറ്റാത്തതിനും സീറ്റു ചെറുതായതിനും എന്തിനു പറയണം ബോയിംഗ് കമ്പനിയെയടക്കം തെറി വിളി കൊണ്ടു മൂടി. എയർലൈൻ സ്റ്റാഫ് അനുനയിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടും അവരടങ്ങുന്നില്ല. എരിതീയിലെണ്ണയൊഴിച്ചു കൊണ്ട് അടിമ ഭർത്താവ് അവരെ പ്രോത്സാഹിപ്പിക്കുന്നതു കണ്ട ഭാര്യ വീണ്ടുമെന്നെ തട്ടിക്കൊണ്ടു കണ്ടു പഠിയ്ക്കാൻ കണ്ണു കാട്ടി.

നാഗവല്ലി ആവേശിച്ച യാത്രിക സിറ്റിലിരുന്ന സാധനങ്ങളൊക്കെ എടുത്തെറിഞ്ഞു തുടങ്ങിയപ്പോഴേക്കും പൈലറ്റിടപ്പെട്ടു. നാഗവല്ലിക്കെന്തു പൈലറ്റ്.? പണി തെറിപ്പിയ്ക്കുമെന്നു വരെയായി ഭീഷണി.. ഭർത്താവിൻ്റെ പുറകിൽ നിന്നുള്ള പ്രകടനം കണ്ടപ്പോൾ പൈലറ്റിൻ്റെ നിയന്ത്രണം വിട്ടു. ഉടൻ പുറത്തു പോയില്ലെങ്കിൽ അറസ്റ്റു ചെയ്തു നീക്കുമെന്നും വിമാനം വൈകിച്ച് എയർലൈൻസിനു നഷ്ടം വന്നാൽ ഭാവി യാത്രകൾ വരെ വിലക്കപ്പെടുമെന്നും അദ്ദേഹം തീർത്തു പറഞ്ഞു. കപ്പലിലെ ക്യാപ്റ്റനെപ്പോലെ വിമാനത്തിലെ പൈലറ്റിനും യാത്രക്കാരിൽ പൂർണ്ണ അധികാരമുണ്ടെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചാൽ നടപടികളെടുക്കുമെന്നുള്ള സാമാന്യബോധം നാഗവല്ലിയ്ക്കും തുണക്കാരനും ഇല്ലെന്ന് ഞങ്ങൾക്കെല്ലാം മനസ്സിലായെങ്കിലും അവർക്കു മനസ്സിലായിത്തുടങ്ങിയത് പോലീസ് വാഹനങ്ങൾ വിമാനം വളഞ്ഞതോടെയാണ്.

ഒരു മണിക്കൂറിലധികം വൈകിയതോടെ കണക്ഷൻ ഫ്ലൈറ്റ് നഷ്ടപ്പെടുമെന്ന ചിന്തയെന്നെ പിടികൂടി. പോലീസിനെ വരെ വകവയ്ക്കാത്ത നാഗവല്ലിയോട് ആരാധന മൂത്ത ഭാര്യ ഇടയ്ക്കിടയ്ക്ക് തട്ടുന്നത് ഞാനറിയാതായി. പ്ലാൻ ബി ഇല്ലാത്ത പരിപാടിയിൽ പങ്കെടുക്കേണ്ടതാണ് പിറ്റേന്ന്. ചെന്നില്ലെങ്കിൽ സാമ്പത്തിക നഷ്ടവും മാനനഷ്ടവും പലരുടേയും ശാപവും ഒക്കെ ഏറ്റു വാങ്ങേണ്ടി വരും. ഇതൊന്നും ഭാര്യയറിയുന്നില്ലല്ലോ … ശരിയ്ക്കും ഞങ്ങൾ ഭർത്താക്കന്മാർ ഇത്തരം നീറുന്ന പ്രശ്നങ്ങൾ അറിയിക്കാറില്ലല്ലോ എന്നു പറയുന്നതാവും ശരി.

സമയത്തിനു വിലയുള്ളവരായിരുന്നു എല്ലാവരുമെങ്കിലും ആഘോഷത്തിൻ്റെ ബാക്കിപത്രമെന്ന നിലയിൽ എല്ലാവരും സംഭവങ്ങളെ ആസ്വദിച്ചു തുടങ്ങി. പുറത്തിറങ്ങില്ലെന്നു ശഠിച്ച അവരെപ്പൊക്കാൻ ഒടുവിൽ വനിതാപ്പോലീസ് നേരിട്ടെത്തി. അതോടെ ഞങ്ങൾ ഉറക്കെ സംസാരിച്ചു ഫോട്ടോ എടുത്തു എന്നും മറ്റുമായി അവരുടെ “ആരോപണങ്ങൾ. ബിസിനസ്സ് ക്ലാസ്സിൽ ഇടയ്ക്കിടെ വന്നു പൊയ്ക്കോണ്ടിരുന്ന ബ്ലഡി ഇന്ത്യൻസിൽ സ്വന്തമായി ഫ്ലൈറ്റുള്ള കോടീശ്വരൻമാർ വരെ ഉണ്ടായിരുന്നെന്നും അവരെയാണ് തങ്ങളിത്രനേരവും പണത്തിൻ്റെ ഹുങ്കിൽ പുച്ഛിച്ചതെന്നും അവരറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. എന്തുവന്നാലും അവരുമായി ഫ്ലൈറ്റു പൊങ്ങില്ല എന്നു പൈലറ്റ് തീർത്തു പറഞ്ഞതോടെ അറസ്റ്റ് ഉറപ്പായി. ലഗ്ഗേജ് ഇതിനകം ഫ്ലൈറ്റിൽ നിന്നും മാറ്റിയിരുന്നു. അതോടെ നാഗവല്ലി ലേലു അല്ലു ലേലു അല്ലു എന്നു പറഞ്ഞു ഓന്തിനെപ്പോലെ നിലപാടു മാറ്റി. കൂടെ തുണക്കാരൻ ഭർത്താവും. പക്ഷേ ഭാര്യയുടെ മുട്ടു പ്രതീക്ഷിച്ചിരുന്ന എന്നെ എന്തോ കക്ഷി ഇത്തവണ മുട്ടിയില്ല.

കഥയുടെ ക്ലൈമാക്സിൽ സ്വബോധം തിരിച്ചു കിട്ടിയ നാഗവല്ലി തൻ്റെ ഹാൻഡ് ബാഗ് സ്വയം പിടിച്ച് മുഖം താഴ്ത്തി തുണയുമായ് പുറത്തേക്കു പോകുമ്പോൾ മൂന്നു മണിക്കൂർ ഒരു പാട്ടു പോലുമില്ലാതെ നീണ്ട നാടകം ശരിയ്ക്കുമാസ്വദിച്ച കാണികൾ ഒന്നടങ്കം നായകനായ പൈലറ്റിനുവേണ്ടി കയ്യടിച്ചപ്പോൾ കണക്ഷൻ ഫ്ലൈറ്റു നഷ്ടപ്പെട്ട വേദനയിലും ഞാനറിയാതെ അടുത്തിരുന്ന ഭാര്യയെയൊന്നു തോണ്ടിപ്പോയി.

സമീപകാല കഥകൾ

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ