മൂഢ വിദ്വാൻ

എന്നെ ആദ്യമായ് കാണാന്‍ വരുമ്പോള്‍ നിര്‍മ്മല്‍ ബിടെക് ഇലക്ട്രിയ്ക്കല്‍ ബിരുദധാരിയായിരുന്നു. സപ്ലിയെത്രയെന്നു നിശ്ചയമില്ല. പഠിച്ചതുമായി പുലബന്ധമില്ലാത്ത ഏതോ സ്ഥാപനത്തില്‍ രണ്ടു വര്‍ഷമായ് തുച്ഛമായ ശമ്പളത്തിനു എന്തെല്ലാമോ പണിയെടുത്തത്രേ. വാര്‍ക്കപ്പണിയ്ക്കു പോയിരുന്നെങ്കില്‍ ഒരു പണിയെങ്കിലും പഠിച്ചെടുക്കാമായിരുന്നു. കുറച്ചു നാളായി ആ പണിയുമില്ല. സത്യം പറഞ്ഞാല്‍ ദുരിതത്തിലാണ്. നാട്ടുകാരനും ഞാന്‍ പഠിച്ച സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്നതുകൊണ്ടാണ് നേരിട്ടു കാണാന്‍ സമ്മതിച്ചത്.. പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇലക്ട്രിയ്ക്കല്‍ എഞ്ചിനീയറിംഗ് ഒഴിച്ച് സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും കക്ഷിയ്ക്കു വിമര്‍ശിയ്ക്കാനറിയാം. വീട്ടിലെ ഫ്യൂസുകെട്ടാന്‍ തടിയന്‍ വയറെടുക്കുമോ മെലിഞ്ഞ വയറെടുക്കുമോ എന്ന അവസാന ചോദ്യത്തിന് തടിച്ചവയറെന്ന ഉറച്ച ഉത്തരം കേട്ടതും
ഇടമലയാറിലെ ഫ്യൂസടിച്ചു പോയതു കൊണ്ടാണോ എന്നറിയില്ല
കൊച്ചിയിലെ മൊത്തം കറന്‍റും കട്ടായി. ടെസ്റ്ററു കണ്ടു സ്ക്രൂ
ഡ്രെെവറാണെന്നും നട്ടു കണ്ടു ബോള്‍ട്ടാണെന്നും പറഞ്ഞ
ബിടെക്കുകാരെ  കണ്ടിട്ടുള്ളതുകൊണ്ടു ഞാനൊട്ടും ഞെട്ടിയില്ല.

ആവശ്യമില്ലാതിരുന്നിട്ടു കൂടി അലൂമിനി സ്പിരിറ്റു കാരണം
ഞാനവനെയെടുത്തു. മാര്‍ക്കറ്റില്‍ കിട്ടാവുന്നതില്‍ കൂടുതല്‍
ശമ്പളവും തീരുമാനിച്ചു രണ്ടു മൂന്നു മാസം നല്‍കിയിട്ടും ഒന്നും പഠിച്ചു കാണാഞ്ഞപ്പോള്‍ ഒരു ട്രയിനിംഗിനയച്ചു. കപ്പലിലെ ലൈഫ്റാഫ്റ്റ് സര്‍വ്വീസ് ചെയ്യുന്ന പണി പഠിയ്ക്കാന്‍.. ഞങ്ങളുടെ ക്ലയന്‍റിന്‍റെ കപ്പലുകള്‍ കൊച്ചിയില്‍ വരുമ്പോള്‍ ആ കമ്പനിയാണ് സ്ഥിരം ലൈഫ്റാഫ്റ്റ് സര്‍വ്വീസ് ചെയ്യുന്നത്.. കപ്പല്‍ മുങ്ങിയാല്‍ നാവികര്‍ക്കു രക്ഷപെടാന്‍ സ്വയം വായുനിറഞ്ഞ തുറന്ന പൊങ്ങിക്കിടന്ന ആറു മുതല്‍ പത്തിരുപത്തഞ്ചു പേരെ വരെ ആഴ്ചകളോളം രക്ഷപെടാന്‍ സഹായിയ്ക്കുന്ന സംവിധാനമാണ് ലൈഫ്റാഫ്റ്റ്. ഭക്ഷണവും വെള്ളവും ചൂണ്ടയും കത്തിയും വാണവുമടക്കം നൂറോളം സംഗതികള്‍ അതിലുണ്ടോ എന്ന എല്ലാ വര്‍ഷവും തുറന്നു പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തണം. ദിവസവും ഓരോ ലൈഫ്റാഫ്റ്റ് സര്‍വ്വീസ് ചെയ്യുന്നതിനു ടെക്നിഷ്യന്‌ 1000 രൂപ വച്ചു
ബോണസ് കിട്ടും. വേണമെങ്കില്‍ ഒരു ദിവസം രണ്ടെണ്ണം ചെയ്യാം. ആ കമ്പനിയില്‍ ഒരു ബംഗാളിയാണ് ഒറ്റയ്ക്കെല്ലാ സര്‍വ്വീസും ചെയ്യുന്നത്. കിടപ്പവിടെത്തന്നെ. നിര്‍മ്മല്‍ എത്ര കഷ്ടപ്പെട്ടിട്ടും ഒരെണ്ണം പോലും തീരുന്നുമില്ല. എല്ലാം പായ്ക്കു ചെയ്തു കഴിയുമ്പോഴായിരിയ്ക്കും എന്തെങ്കിലുമൊക്കെ പുറത്തു കിടക്കുന്നതു കാണുക. പുറത്തു കിടക്കേണ്ട പലതും അകത്തും. ഓപ്പറേഷന്‍ കഴിയുമ്പോള്‍ കിഡ്നി പുറത്തും കത്തിയകത്തുമാവുന്ന അവസ്ഥ… !! സഹായത്തിനു വന്നവന്‍ തനിയ്ക്കു മുട്ടന്‍ പണി തരുന്ന കാര്യം ബംഗാളിയും തിരിച്ചറിഞ്ഞു.


ബംഗാളി വാങ്ങുന്ന ബോണസ്സു കണ്ടു നിര്‍മ്മല്‍ ഞെട്ടി. അതിനെക്കാള്‍ അവനെ ഞെട്ടിച്ചത് ഞങ്ങളുടെ കമ്പനി സര്‍വ്വീസിനായ് അതിന്‍റെ പത്തിരട്ടി വാങ്ങിയിട്ട് പകുതി തുകയ്ക്ക് . മറിച്ചു കൊടുക്കുന്നതു കണ്ടപ്പോഴാണ്. സ്ക്കൂളിന്‍റെ പടി കാണാത്ത ബംഗാളിയുടെ ബോണസ്സു പോലും ബിടെക്കുകാരനു ശമ്പളമായിത്തരുന്നില്ല. ഇതല്ലേ പച്ചയായ ചൂഷണം? നിര്‍മ്മലിലെ
വിപ്ലവകാരി കണ്ണുകടിയോടെ സടകുടഞ്ഞെണീറ്റു. ഞങ്ങളുടെ
കമ്പനിയില്‍ എന്തിനിങ്ങനെ ചൂഷണം ചെയ്യപ്പെടാന്‍ നിന്നു
കൊടുക്കണം? സര്‍വ്വീസ് കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട് ഷിപ്പിംഗ്
കമ്പനിയെ സമീപിച്ച് നേരിട്ടുള്ള കോണ്‍ട്രാക്റ്റ ആക്കുക. പകരം
അധിക ലാഭത്തിന്‍റെ അമ്പതു ശതമാനം തനിയ്ക്കു ശമ്പളം കൂടാതെ ബോണസ്സായി വാങ്ങുക.


വിപ്ലവകരമായ ആശയവുമായെത്തിയ നിര്‍മ്മലിനെ നോക്കി ഒരു
വര്‍ഷമായി വിചാരിച്ചിട്ട് ആ യൂറോപ്യന്‍ ഷിപ്പിംഗ് കമ്പനിയുമായി ഒരു
മീറ്റിംഗ് പോലും കിട്ടാത്ത പാവം സര്‍വ്വീസ് കമ്പനി മുതലാളി
അറിയാതെ ചിരിച്ചു പോയി. വലിയ വിദേശ കമ്പനികളുടെ
സബ്കോണ്‍ട്രാക്റ്ററാവണമെങ്കില്‍ വര്‍ഷങ്ങളുടെ മികച്ച സേവന
പരിചയവും നിരവധി ഗുണനിലവാരപ്പരിശോധനകളുടെ കടമ്പകളും കടക്കണം. അപ്പോഴാണു മുട്ടയില്‍ നിന്നു വിരിയാത്തവന്‍റെ
അങ്കസ്വപ്നം. ഡപ്യൂട്ടേഷനില്‍ പോകുന്ന കമ്പനിയില്‍ പണിയ്ക്കു
കയറില്ലെന്ന എംപ്ലോയ്മെന്‍റ കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടു കൊടുത്തതു
പോലുമീ പൊട്ടനോര്‍മ്മയില്ലേ.? കപ്പലിലെ ലൈഫ്റാഫ്റ്റ് കരയില്‍
കൊണ്ടു വന്നു തിരിച്ചു കൊണ്ടുപോകണമെങ്കില്‍ ബോട്ടിനായും
ക്രയിനിനായും വാഹനത്തിനായും ഇന്‍ഷുറന്‍സിനായും അപ്രൂവലിനായും കമ്പനി ലൈസന്‍സിനായും വാടകയ്ക്കായും കറന്‍റിനായും ടാക്സിനായും മറ്റുള്ള സ്റ്റാഫിന്‍റെ ശമ്പളത്തിനായും വാര്‍ഷിക ലീവിനായും ആരോഗ്യ പരിപാലനത്തിനായും പലിശയായും മറ്റാനുകൂല്യങ്ങള്‍ക്കായും ചിലവിടേണ്ട തുക ഒരിയ്ക്കലും എത്ര മാര്‍ജിന്‍ ഉണ്ടെങ്കിലും സര്‍വ്വീസ് ചാര്‍ജില്‍ നിന്ന് ലഭിയ്ക്കില്ലെന്ന ഈ അറിവില്‍ ശിശു എപ്പോഴാണുമനസ്സിലാക്കുന്നത്?. കാലാവധി തീര്‍ന്ന സാധനങ്ങള്‍ മാറ്റുമ്പോഴോ പുതിയ ലൈഫ്റാഫ്റ്റ വില്‍ക്കുമ്പോഴോ കിട്ടുന്ന നേരിയ ലാഭമാണീ
മുതലാളിയുടെ ബിസിനസ്സിന്‍റെ ബാക്കിപത്രമെന്ന എങ്ങനെ പറഞ്ഞു മനസ്സിലാക്കാന്‍…?!: പേരില്‍ തന്നെയൊരക്ഷരപ്പിശകുണ്ടെന്ന്
കണ്ടപ്പോഴേ തോന്നിയതാ… നിര്‍മ്മലനല്ലാത്ത സ്വാര്‍ത്ഥനായ ഈ
അജ്ഞാനിയെ ഇനിയിവിടെ നിര്‍ത്തിയാല്‍ വിപ്ലവം പഠിച്ച്
ബംഗാളിയതിരു കടക്കാന്‍ സാദ്ധ്യതയുണ്ടെന്നാലോചിച്ചപ്പോഴാണ്
ഞാന്‍ ഫോണില്‍ വിളിച്ചത്.


‘എടേ ആ നിര്‍മ്മല്‍ പണി പഠിച്ചെങ്കില്‍ നിനക്കവിടെ
സ്ഥിരമാക്കിക്കൂടേ.’ അറിയാതെയാണെങ്കിലും വേലിയില്‍ക്കിടക്കുന്ന
പാമ്പിനെയെടുത്തു കഴുത്തില്‍ ചുറ്റാന്‍ സുഹൃത്തിനോടു പറയുകയായിരുന്നെന്ന് ഞാനറിഞ്ഞില്ല. നാവിക ലോകം വളരെച്ചെറുതാണെന്നും ഒരു കമ്പനിയെ പറ്റിച്ച്
മറുകമ്പനിയെത്തേടിയാല്‍ പരസ്പരമറിയുന്ന മുതലാളിമാരുടെയിടയില്‍ സജീവമായ അന്തര്‍ധാരയാല്‍ എട്ടിന്‍റെ പണി പുറകേ വരുമെന്ന അറിവ്‌ ബിടെക്കിന്‍റെ സിലബസ്സില്‍ ചേര്‍ക്കേണ്ട കാലം അതിക്രമിച്ചുവെന്ന ടെര്‍മിനേഷന്‍ ലെറ്ററന്നു കയ്യില്‍ കിട്ടിയപ്പോള്‍ മാത്രമാണ് നിര്‍മ്മല്‍ തിരിച്ചറിഞ്ഞത്..

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ