കിഡ്നാപ്പിംഗ്

ഫാേണ്‍ ബെല്ലടിച്ചതു കേട്ടു കണ്ണു തുറന്നതാണ്. എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുന്‍പ്‌ വാതില്‍ തുറക്കാന്‍ പറഞ്ഞയാള്‍ ഫോണ്‍വച്ചു. ഉറക്കച്ചടവോടെ വാതില്‍ തുറന്നതേയോര്‍മയുള്ളു, ആരോയെന്റെ കൈ പിടിച്ചു വലിച്ചു ഗേറ്റിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കു തള്ളിക്കയറ്റി വണ്ടിയുമെടുത്തൊരു പോക്ക്‌. എന്താണ്‌ സംഭവിയ്ക്കുന്നതെന്ന്‌ ഒരു പിടിയുമില്ല. നേരം പരപരാ വെളുക്കുന്നതേയുള്ളു. റോഡു കാലിയാണ്‌. മുഖത്ത്‌ മാസ്ക്ക്‌ ഇട്ടിരിയ്ക്കുന്നതു കൊണ്ട്‌ ജീപ്പില്‍ ഇടത്തും വലത്തും ഇരിയ്ക്കുന്നവരെ മനസ്സിലാകുന്നില്ല, ജീപ്പു നല്ല വേഗത്തില്‍ പായുകയാണ്‌. പഴയ ഏതോ സിനിമയില്‍ ജോസ്‌ പ്രകാശിന്റേയും ഉമ്മറിന്റേയും ഇടയില്‍പെട്ട ഷീലയുടെ അവസ്ഥയിലാണു ഞാന്‍. നിലവിളിയ്ക്കണമെന്നുണ്ട്. പക്ഷെ ശബ്ദം പുറത്തു വരുന്നില്ല. ചാരിത്ര്യം കൊടുക്കാന്‍ പറ്റാത്ത എന്നില്‍ നിന്ന്‌ ഇവര്‍ക്കെന്താണ്‌ വേണ്ടി വരിക..? കാശോ കിഡ്‌നിയോ..?
‘യു ആര്‍ കിഡ്‌നാപ്പ്‌ഡ് ‌ ഉമ്മര്‍ കണ്ണുരുട്ടി. ഞാനൊരു നിമിഷം ഞെട്ടി. ഏതോ ക്വട്ടേഷന്‍ സംഘം തന്നെ. പക്ഷെ പരിചയമുള്ള ഡയലോഗ്‌… മറക്കാനാവാത്ത ശബ്ദം.
‘എടാ തെണ്ടീ. … ഇതു ഞാനാ സൈമണ്‍ ‘ ഉമ്മര്‍ മാസ്‌ക്‌ മാറ്റി. …. രണ്ടു ദിവസം മുന്‍പ്‌ അമേരിയ്ക്കയില്‍ നിന്നവന്‍ വിളിച്ചിരുന്നതോര്‍മ വന്നു.
കൊച്ചിന്‍ യുണിവേഴ്‌സിറ്റിയില്‍ വച്ചു കിട്ടിയ ചങ്ങാതിയാണ്‌ സൈമണ്‍. ഇടുക്കിയിലെവിടെയോ ആണ്‌ വീട്‌. പഠിപ്പിസ്റായിരുന്നു. പക്ഷെ സരസന്‍. നന്നായി കാര്‍ട്ടൂണ്‍ വരയ്ക്കും. പാരഡിപ്പാട്ടിന്റെ ഉസ്താദ്‌. കാമ്പസിലെ തിക്കുറിശ്ശി തന്നെ. പക്ഷെ രസതന്ത്രം പഠിയ്ക്കാനായിരുന്നു യോഗം.
കോഴ്‌സു കഴിഞ്ഞു മര്‍ച്ചന്റ്‌ നേവിയില്‍ പോയ ഞാന്‍ ആറു മാസം കഴിഞ്ഞു തിരിച്ചെത്തി. കൈ നിറയെ പണം. ആറു മാസം അവധി. അടിച്ചു പൊളിയ്ക്കുക തന്നെ. ഒരു ബൈക്കുമെടുത്ത്‌ കറക്കം തുടങ്ങി. നേരെ പോയതു പഴയ കാമ്പസിലേക്ക്‌ അടുത്ത പരിചയക്കാര്‍ പലരും അവിടുന്നു വിട്ടു പോയിരുന്നു. പക്ഷേ സൈമണുണ്ട്‌. ഏതോ ഭീകരന്റെ കീഴില്‍ ഗവേഷണം തുടങ്ങിയിരിയ്ക്കുന്നു. അവധി ദിവസം കൂടി ഒഴിവു കൊടുക്കാത്ത ഗൈഡ്‌. അവനയച്ചിരുന്ന കത്തുകളിലൂടെ ഗൈഡിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിച്ചിരുന്നു. അര്‍ദ്ധരാത്രി വരെ ലാബില്‍ തന്നെ. കള്ളടിച്ച കാലം മറന്നു. ഏതോ ഗേള്‍ഫ്രണ്ട്‌ ഒത്തുവന്നത്‌ കൃത്യമായി പരിപാലിയ്ക്കാത്തതിനാല്‍ ആ വഴിയ്ക്കു പോയി. അവന്റെ ജീവിതം ആകെ മൊത്തം കോഞ്ഞാട്ടയായ അവസ്ഥ. ഒരാഴ്ച്ച പോയിട്ട്‌ ഒരു മണിയ്ക്കൂര്‍ അവനെക്കിട്ടുമോ എന്നു സംശയം.
പിന്നൊന്നും നോക്കിയില്ല. ഒരു രാത്രിയില്‍ അവനെ ഞാന്‍ കിഡ്നാപ്പു ചെയ്തു ഗോവയ്ക്കു വിട്ടു. അന്നു ഞാന്‍ പറഞ്ഞ ഡയലോഗാണിന്നു കേട്ടത്‌. സംഗതി പിടികിട്ടി. പ്രതികാരം തന്നെ. മധുരമായ പ്രതികാരം.
ഗോവയിലെത്തിയതേ ഓര്‍മ്മയുള്ളു. സൈമണ്‍ സ്വാതന്ത്യം പ്രഖ്യാപിച്ചു. ഗോവയിലെ ബീച്ചുകളും ബാറുകളും അവന്‍ ലാബാക്കി മാറ്റി. പിപ്പറ്റും ബ്യുററ്റുമില്ലാതെ നാടന്‍ ഗ്ലാസിൽ മദ്യവും സോഡയും കൊണ്ടവന്‍ അക്വാറീജിയ തീര്‍ത്തു. കന്നിനെ കയം കാണിച്ച അവസ്ഥ. രണ്ടോ മുന്നോ ദിവസം കൊണ്ടു കണ്ടു തീര്‍ക്കേണ്ട ഗോവയില്‍ നിന്നു പത്തു ദിവസം കഴിഞ്ഞിട്ടും സൈമണു മടങ്ങണ്ട. ഗൈഡും ഗവേഷണവുമില്ലാത്ത ആ ലോകം അവനു സ്വാതന്ത്ര്യത്തിന്റെ പറുദീസയായി.


മടങ്ങിയെത്തിയ സൈണ്‍ന്റെ കാര്യം ഗൈഡൊരു തീരുമാനമാക്കി. അവന്‍ മുറു വഴികള്‍ തേടിത്തുടങ്ങി. ‘ഉര്‍വ്വരീരാപം ഉപകാരം’ എന്ന പോലെ
അമേരിയ്ക്കയില്‍ നിന്നൊരു സ്കോളര്‍ഷിപ്പ് അവനെത്തേടിയെത്തി. അങ്ങനെ കടല്‍ കടന്ന സൈമണെ പിന്നീടാരും കണ്ടിട്ടില്ല.
മുന്നു പതിറ്റാണ്ടു നീണ്ട അജഞാതവാസത്തിന്റെ കഥ സൈമണ്‍ പറഞ്ഞിരുന്നു. അമേരിയ്ക്കയില്‍ ചെന്നു പെട്ടത്‌ ഡിഫന്‍സിനു വേണ്ടി വളരെ രഹസ്യ സ്വഭാവമുള്ള ഒരു പ്രോജക്റ്റില്‍. നിയന്ത്രണങ്ങള്‍ക്കു മേല്‍ നിയന്ത്രണം. അതിനിടയില്‍ കുടെ പ്രവര്‍ത്തിച്ച മദാമയുമായുള്ള ലിവിംഗ്‌ ടുഗതര്‍ വിവാഹത്തിലെത്തി. മദാമ്മയാണെങ്കിലോ പട്ടാളച്ചിട്ടയില്‍ ഡോക്ടറേറ്റ്‌ എടുത്ത, കലോറി നോക്കി ജീവിയ്ക്കുന്ന ഡയറ്റിഷ്യന്‍. പടപേടിച്ചു പന്തളത്തു ചെന്നപ്പാേൾ പന്തോം കൊളുത്തി പടയെന്ന അവസ്ഥ. ഒന്നിനു പുറകേ മറ്റൊന്നായി മൂന്നു തലതെറിച്ച പിള്ളേരും. ബ്ലഡി ഇന്ത്യനായ ഡാഡിനെക്കണ്ടാൽ പുച്ഛം. ധിക്കാരി, താന്തോന്നി, മൂതേവി തുടങ്ങിയ പേരുകളിടാന്‍ പറ്റിയ പ്രകൃതം. പതിനെട്ടു തികഞ്ഞ അന്നു തന്നെ മൂന്നും വീടുവിട്ടിറങ്ങി. പട്ടിയടക്കം അമേരിയ്ക്കക്കാരുടെയിടയില്‍ ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന, ഇനിയും പാസ്പോര്‍ട്ട്‌ മാറ്റാത്ത, ഒരു തനി ഇന്ത്യന്‍ ദേശസ്നേഹിയുടെ മനസ്സിലെ വിങ്ങലാരു കാണാന്‍?. വീട്ടിലെ പട്ടിയ്ക്കു കിട്ടുന്ന സ്നേഹമെങ്കിലും കിട്ടിയിരുന്നെങ്കില്‍ സമാധാനിയ്ക്കാമായിരുന്നു.
ഏതായാലും രണ്ടു ദിവസം മുന്‍പവന്‍ റിട്ടയര്‍ ചെയ്തു. അന്നു രാത്രിയില്‍ അമേരിയ്ക്കയെത്തന്നെ മൊഴി ചൊല്ലി നാട്ടിലേയ്ക്കു പോന്നു. സിം കാര്‍ഡു പോലുമുപേക്ഷിച്ചു. മദാമ്മയിനി മഷിയിട്ടു നോക്കിയാല്‍ കിട്ടില്ല. ഇനിയൊന്നു ജീവിയ്ക്കണം. സ്വാതന്ത്രത്തോടെ. ശുദ്ധവായു ശ്വസിച്ച്‌ . പുട്ടും ദോശയും ചോറും സാമ്പാറുമൊക്കെ ഇഷ്ടം പോലെ കലോറി നോക്കാതെ കഴിയ്ക്കണം. എന്നെ പക്ഷെ വിഷമിപ്പിച്ചത്‌ ഇത്രയും കാലമായി സൈമണ്‍ ഒരു കാര്‍ട്ടുണോ പാരഡിയോ സൃഷ്ടിച്ചില്ല എന്നുള്ളതാണ്‌. ഒപ്പം സരസനായ അവന്റെ നഷ്ടപ്പെട്ട സൗഹൃദക്കുട്ടായ്മകളും.


ജീപ്പു ഇടുക്കിയുടെ മലമടക്കുകള്‍ കയറുകയാണ്‌. സൈമണ്‍ന്റെ സാമ്രാജ്യം. തണുപ്പരിച്ചരിച്ചു കയറുന്നു. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ചെങ്കുത്തായ കയറ്റം. ഡ്രൈവർ സമർത്ഥനായതു കൊണ്ടു കുഴപ്പമില്ല. മൊബൈല്‍ റേഞ്ചില്ല. വരുന്ന വഴിയ്ക്ക്‌ അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങിയിരുന്നു. പേസ്റ്റും ബ്രഷുമടക്കം. കുടെ കുറെ ചോക്കും. അതു കൊണ്ടു വഴിയില്‍ കണ്ട പല സ്ഥലത്തും ഞാന്‍ അവനെക്കൊണ്ടു കാര്‍ട്ടൂണ്‍ വരപ്പിച്ചു.. പാരഡികള്‍ ഉച്ചത്തില്‍ നിര്‍ത്താതെ പാടിപ്പിച്ചു. പലതും അപ്പപ്പോൾ സൃഷ്ടിച്ചവ. കള്ളു ഷാഷുകളൊന്നും വിട്ടില്ല. ഡാമിലും വെള്ളച്ചാട്ടത്തിലും കുളിച്ചു. സത്യം പറഞ്ഞാല്‍ സൈമണ്‍ പണ്ടു ഗോവയിലെത്തിയ മാനസികാവസ്ഥയിലായി ഞാന്‍. അത്യാവശ്യമായ ഔദ്യോഗികാവശ്യത്തിനു രണ്ടു ദിവസത്തേക്കു നാട്ടിലേക്കു വന്നതാണെന്ന കാര്യം പോലും മറന്നു. ജീവപര്യന്തം തടവനുഭദവിയ്ക്കുന്ന എനിയ്ക്കും ആസ്വദിയ്ക്കണം സ്വാതന്ത്യത്തിന്റെ മാധുര്യം.
ദിവസങ്ങള്‍ പോയതറിഞ്ഞില്ല. ഇപ്പോൾ വീട്ടുകാരും നാട്ടുകാരും പോലീസും അമേരിയ്ക്കന്‍ പട്ടാളവുമൊക്കെ അന്വേഷിയ്ക്കുന്നുണ്ടാവും. ഞങ്ങള്‍ക്കതൊന്നുമൊരു പ്രശ്നമായിരുന്നില്ല. യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു… ഒരു കുന്നിനു മുകളിലെത്തിയപ്പോൾ പെട്ടെന്നു മൊബൈല്‍ ശബ്ദിച്ചു. നാശ൦. ഇതിനിയാര്‍ക്കു വേണം? സ്വാതന്ത്യത്തിന്റെ ശത്രുവാണിവന്‍. ഭാര്യയുടെ ഇഷ്ടചാരന്‍. പിന്നൊന്നും നോക്കിയില്ല. വലിച്ചൊരേറ്‌.
‘പണ്ടാരം.. മൊബൈല്‍ ബെഡ്‌ റൂമില്‍ കേറ്റരുതെന്ന്‌ പറഞ്ഞാല്‍ കേള്‍ക്കില്ല…” ഭാര്യയുടെ ഗര്‍ജ്ജനം കേട്ടാണുണര്‍ന്നത്‌. സിങ്കപ്പൂരിലെ ക്ലയന്റുമായി സൂം മിറ്റിംഗ്‌ ഉള്ളതു കൊണ്ട്‌ വേക്കപ്പ്‌ കോള്‍ വച്ചതോര്‍മ വന്ന ഞാന്‍ തപ്പിയെടുത്ത ഫോണുമായി ബാത്ത്‌ റൂമിലേയ്ക്കു പാഞ്ഞപ്പോള്‍ ഉപബോധമനസ്സിലെ തിരക്കഥാകൃത്തിനോടറിയാതെ പറഞ്ഞു. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.”


സോഹന്‍ റോയ്‌

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ