സൗഹൃദക്കെണി

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ്പഠനത്തോടൊപ്പം തുടങ്ങി വച്ച മറ്റൊരഭദ്യാസമായിരുന്നു കരാട്ടേ പഠനം. കാമ്പസിനു പുറത്തു പോയി വേണം അതു പഠിക്കാന്‍. കൂട്ടിനു ഉറ്റമിത്രം രാജേഷുമുണ്ട്‌. ഗുരുവായ സെന്‍സായിക്കും ശിഷ്യര്‍ക്കും പകല്‍ സമയമില്ലാത്തതു കൊണ്ട്‌ രാത്രിയിലാണ്‌ ക്ലാസ്സുകള്‍. ഹോസ്റ്റലില്‍ ദിവസവും ഞങ്ങളുടെ പരിശീലന പരിപാടിയുമുണ്ട്. അതു കാണാന്‍ അനുദിനം ആരാധകര്‍ കൂടി കൂടി വന്നു. അവര്‍ മെല്ലെ ശിഷ്യന്മാരുമായി. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവിനെ പോലെ കാമ്പസ്‌ ബ്രൂസ്‌ലി പട്ടം ഞങ്ങള്‍ സ്വയമെടുത്തണിഞ്ഞിരുന്ന കാലം. എവിടെ അടിപിടിയുണ്ടോ അവിടെ ഞങ്ങളൊരുമിച്ചുണ്ടാവും. ഇടയ്ക്കൊറ്റയ്ക്കു പോയി അങ്കം കുറിച്ച്‌ തല്ലു കൊടുത്തും വാങ്ങിയും വരുന്ന ശീലം രാജേഷിനുണ്ടായിരുന്നു. അതുമൂലം ശത്രുക്കളുടെ എണ്ണം കൂടിയപ്പോൾ കാമ്പസിനു പുറത്തു പോയി കരാട്ടേ പഠിക്കുന്നത്‌ ആരോഗ്യത്തിനു ഹാനികരമാണെന്നു തോന്നിത്തുടങ്ങി. ക്വട്ടേഷന്‍ ടീമുകളുമായി അവര്‍ ഞങ്ങളുടെ വരവും കാത്തു നില്‍പ്പു തുടങ്ങി. രാജേഷിനെക്കിട്ടിയില്ലെങ്കില്‍ എന്നെ ഹംസമാക്കി എന്റെ മേല്‍ അവര്‍ കളം വരയ്ക്കുമെന്ന അവസ്ഥ. നാക്കിന്റെ ബലത്തില്‍ ഒന്നു രണ്ടു തവണ തടി കേടാവാതെ ഊരിപ്പോന്നു. ഒടുവില്‍ കാമ്പസിലെ ജിമ്മിനുള്ളില്‍ തന്നെ കരാട്ടേ സ്‌കുളിന്റെ ഒരു ബ്രാഞ്ചു തുടങ്ങാന്‍ സെന്‍സായി സമ്മതിച്ചു. അമ്പതിലേറെ അനധികൃത ശിഷ്യന്മാര്‍ അപ്പോള്‍ തന്നെയുണ്ടായിരുന്നതു കൊണ്ട്‌ അല്പം വിപുലമായിത്തന്നെ പരസ്യമൊക്കെ കൊടുത്ത്‌ അത്‌ തുടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ബ്ലാക്ക്‌ ബെല്‍റ്റില്ലാതെ തന്നെ ഏറ്റവും കുടുതല്‍ ശിഷ്യന്മാരുള്ള കേരളത്തിലെ ഗുരുക്കളായി മാറാന്‍ മനസ്സു വെമ്പിത്തുടങ്ങി. ഒപ്പം ഫീസിനത്തില്‍ ലഭിക്കാന്‍ പോകുന്ന വന്‍ തുകയുടെ അമ്പതു ശതമാനത്തെക്കുറിച്ചോര്‍ത്തുള്ള രോമാഞ്ചവും. കുടാതെ ക്വട്ടേഷന്‍ പാര്‍ട്ടികളില്‍ നിന്നുള്ള രക്ഷപെടലും.
ഒറ്റ ദിവസം കൊണ്ട് ‌പോസ്റ്റർ ഡിസൈന്‍ ചെയ്ത്‌ 250 കോപ്പി അടിച്ചിറക്കി. സെന്‍സായിയുടെ പേരിനോടൊപ്പം തന്നെ വെണ്ടയ്ക്കാ വലിപ്പത്തില്‍ ഞങ്ങളുടെ പേരും, ഹോസ്റല്‍ റൂം നമ്പരും, ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്‌. പിറ്റേ ദിവസം വൈകിട്ടാണ്‌ ഉത്ഘാടനം. ഒരു രാത്രി കൊണ്ട്‌ പോസ്റ്റര്‍ മുഴുവന്‍ ഒട്ടിച്ചു തീര്‍ക്കണമെങ്കില്‍ ഒറ്റയ്ക്കു പറ്റില്ലെന്നുറപ്പായപ്പോഴാണ്‌ മനസ്സില്‍ ബൾബു കത്തിയത്‌. ജൂനിയർ ബാച്ചു വന്ന സമയമാണ്‌. റാഗിംങ്‌ പൊടിപൊടിക്കുന്ന കാലം. സീനിയേഴ്‌സ്‌ എന്തു പറഞ്ഞാലും ജുനിയേഴ്‌സ്‌ അക്ഷരം പ്രതി കേള്‍ക്കണമെന്ന അലിഖിത നിയമമാണന്ന്‌. റാഗിംങ്ങിന്റെ നേതൃത്വം രാജേഷിനായതു കൊണ്ട്‌ ഡിന്നര്‍ കഴിഞ്ഞതും ഇരുപതോളം വരുന്ന ജുനിയേഴ്‌സ്‌ ഭയഭക്തി ബഹുമാനത്തോടെ മുന്നില്‍ വന്നു നിരന്നു. കാണുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തന്നെ ഒട്ടിക്കണമെന്ന നിര്‍ദ്ദേശം കിട്ടിയതും അവര്‍ പോസ്റററും മൈദയുമായി അപ്രത്യക്ഷരായി. ഒരു വലിയ ഭാരം ഒഴിച്ച സന്തോഷത്തില്‍ ഞങ്ങള്‍ സ്ഥിരം ചീട്ടുകളിയിലേക്കു മുങ്ങാം കുഴിയിട്ടു. പിന്നെ സുഖനിദ്രയിലേക്കും.
രാവിലെ ആറു മണിക്ക്‌ ആരോ ഫോണ്‍ വിളിക്കുന്നു എന്ന അറിയിപ്പു കിട്ടിയാണ്‌ കണ്ണു തുറക്കുന്നത്‌. പരസ്യം ഏറ്റിരിക്കുന്നു. ഈ ബുദ്ധി നമുക്കെന്താ ദാസാ നേരത്തേ തോന്നാഞ്ഞതെന്ന്‌ പരസ്പരം ചോദിച്ചു കൊണ്ട്‌ ഞങ്ങള്‍ ഹോസ്റ്റല്‍ ഫോണിനടുത്തേക്കു പാഞ്ഞു. റിസീവര്‍ എടുത്തപ്പോള്‍ കാമ്പസ്‌ പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌ മാസ്റ്ററാണ്‌. ഈ പ്രായത്തില്‍ മാസ്റ്റര്‍
കരാട്ടേ പഠിക്കുകയോ. ഏയ്‌.. മകനു വേണ്ടിയായിരിയ്ക്കണം..
‘അതേ എട്ടു മണിക്കെനിക്ക്‌ പോസ്റ്റ്‌ ഓഫീസ്‌ തുറക്കണം. അതിനു മുന്‍പ്‌ ഇതെല്ലാം പഴയ പടിയാക്കിയില്ലെങ്കില്‍ എനിക്ക്‌ പോലീസിനെ വിളിയ്ക്കേണ്ടി വരും ഒന്നും തെളിച്ചു പറയാതെ മാസ്റര്‍ ഫോണ്‍ കട്ടു ചെയ്തു. ഫോണ്‍ വീണ്ടും റിങ്ങു ചെയ്തു. ഇത്തവണ എടുത്തതും തെറിയുടെ മാലപ്പടക്കം. ഹോസ്റ്റലിലെ തെറിയൊക്കെ ഏഴു പറമ്പിനപ്പുറം നില്‍ക്കും. തുടരെ തുടരെ കോളുകള്‍ . ആരും ഒന്നും തുറന്നു പറയുന്നില്ല. തെറി കേട്ടു കേട്ടു കാതടച്ചു തുടങ്ങി. ഒരു കാര്യം മാത്രം മനസ്സിലായി പോസ്റ്ററുകള്‍ അസ്ഥാനത്താണ്‌ പതിയ്ക്കപ്പെട്ടിരിക്കുന്നത്‌. ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ പണി പാളും. പിന്നൊന്നും നോക്കിയില്ല ഒരു ബക്കറ്റു വെള്ളവും പോസ്റര്‍ ഇളക്കാനുള്ള സാമഗ്രികളുമായി കാമ്പസിന്റെ ഹൃദയഭാഗത്തേക്ക്‌ ഞങ്ങള്‍ പാഞ്ഞു. ഞങ്ങളുടെ അടുത്തേക്കു നീങ്ങിവരുന്ന പോസ്റ്ററിന്റെ കൂട്ടം കണ്ടൊരു നിമിഷം ഞെട്ടി. അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌ കാമ്പസ്‌ കാന്റീനിലെ പാലുല്പാദകയായ എരുമകളിലൊന്നാണ്‌ പുറം മുഴുവന്‍ പോസ്റ്ററുകളാൽ പൊതിയപ്പെട്ട്‌ പരസ്യവാഹനമായി മാറിക്കഴിഞ്ഞിരുന്നതെന്നത്‌.
ഹെല്‍ത്ത്‌ സെന്ററിന്റെ മുന്നില്‍ വച്ചിരുന്ന സ്കുട്ടറിന്റെ അവസ്ഥ അതിലും ദയനീയമായിരുന്നു. പല ഡിപ്പാര്‍ട്ടുമെന്റുകളുടേയും പേരെഴുതിയ ബോര്‍ഡുകള്‍ ഇടയ്ക്കിടയ്ക്ക്‌ പോസ്റ്റര്‍ ഒട്ടിച്ച്‌ അര്‍ത്ഥം മാറ്റിയിരിക്കുന്നു. ‘അത്തിനില്‍ക്കുന്നതില്‍’ എന്ന്‌ ഇംഗ്ലീഷില്‍ എഴുതിയ വീട്ടുപേര്‍ ഇടയ്ക്കുള്ള അഞ്ചക്ഷരമായൊതുങ്ങിയപ്പോൾ പരത്തെറി. പോസ്റ്റോഫീസിലെ ലെറ്റര്‍ ബോക്സിന്റെ ഓട്ട മറച്ചു കൊണ്ടാണ്‌ പോസ്റ്ററവിടെ ഒട്ടിച്ചിരിക്കുന്നത്‌. മറ്റൊരെണ്ണം പൂട്ടിനു മുകളിലും . ചുരുക്കിപ്പറഞ്ഞാല്‍ 250 പോസ്റ്ററിനും ഒരോ കഥ പറയാവുന്ന അവസ്ഥ. അതൊക്കെ ഞങ്ങള്‍ സഹിച്ചു. പക്ഷെ ബംഗാളിയെപ്പോലെ ലുങ്കിയുമുടുത്ത്‌ ബക്കറ്റുമായി പോസ്റ്ററിളക്കുന്ന ഞങ്ങളെ നോക്കി ലേഡീസ്‌ ഹോസ്റ്റലില്‍ നിന്ന്‌ രാവിലെ ആ വഴി അമ്പലത്തിലേക്കു പോകുന്നവര്‍ ഊറിയൂറിച്ചിരിച്ചത്‌ അന്ന്‌ ഉപബോധമനസ്സിലേക്ക്‌ കയറിയത്‌ ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.
പോസ്റ്ററുകള്‍ എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലങ്ങളില്‍ ഒട്ടിക്കണമെന്നു പറഞ്ഞപ്പോള്‍ ഇത്രയ്ക്കു ശ്രദ്ധിയ്ക്കപ്പെടുമെന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയില്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പറയുന്നത്‌ റാഗിംങ്ങിനും ബാധകമാണെന്ന്‌ ഞങ്ങള്‍ തേച്ചു കഴുകി ഇളക്കിക്കൊണ്ടിരുന്ന പോസ്റ്ററുകള്‍ വിളിച്ചു പറയുമ്പോഴും തന്റെ തലേദിവസത്തെ അരിരു വിട്ട റാഗിംങ്‌ പിഡനം ഏറ്റുവാങ്ങിയ വേന്ദ്രന്മാര്‍ തന്ന മറുപണിയാണെന്ന്‌ മാത്രം അടുത്തിരുന്നു ചുരണ്ടുന്ന ആ ദുഷ്ടന്‍ മിണ്ടിയില്ല.


സോഹൻ റോയ്‌

സമീപകാല കഥകൾ

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ