ഓട്ടച്ചെവി

അല്പം എടുത്തു ചാട്ടമുണ്ടെങ്കിലും എല്ലാം പെട്ടെന്നു പഠിച്ചെടുക്കണമെന്ന ത്വര രാഹുലിന്റെ ഉള്ളിലുണ്ടായിരുന്നു. നിഷ്കളങ്കത കൊണ്ടായിരിക്കാം അതവന്‍ മറച്ചു വയ്ക്കാറുമില്ല..
“ബോസ്‌, വിരോധമിലെങ്കില്‍ ദിവസവും എനിക്ക്‌ ഓരോ ഉപദേശം കൂടെ തന്നുകൂടെ…?” ഡ്രൈവു ചെയ്യുന്നതിനിടയില്‍ മുഖം തിരിച്ചവന്‍ ചോദിച്ചു.
ശരിക്കും മനസ്സിനു സന്തോഷം തോന്നി. ആദ്യമായാണ്‌ എന്റെ ഒരു സ്റ്റാഫ്‌ ഉപദേശം ചോദിച്ചു വാങ്ങുന്നത്‌.
“സുക്ഷ്മ നിരീക്ഷണം ഒരു കലയാണ്‌. ചുറ്റുമുള്ള കാര്യങ്ങള്‍ നിരീക്ഷിച്ച്‌ സ്വയം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ലക്ഷ്യബോധം. അതു മറക്കരുത്. ഏതു സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചാലും, കിട്ടുന്ന അവസരങ്ങളിലെല്ലാം അതിന്റെ പേരുയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കണം. നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ വേണം സ്ഥാപനം അറിയപ്പെടേണ്ടത്. മായാത്ത പുഞ്ചിരി… അതായിരിക്കണം മുഖമുദ്ര. തെറ്റു കണ്ടാല്‍ മുഖം നോക്കാതെ തിരുത്തണം”. എന്റെ ആദ്യ ഉപദേശം സ്വല്പം നീണ്ടു പോയി.
സാരഥിയായി ഒപ്പം കൂടിയിട്ട്‌ അധിക ദിവസമായില്ലെങ്കിലും എന്റെ പേഴ്‌സണല്‍ സെക്രട്ടറി കൂടിയായി രാഹുല്‍ ഇതിനകം സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കൂളിംഗ് ഗ്ലാസ്സും വച്ച്‌ നെഞ്ചും വിരിച്ചുള്ള ആ വരവ്‌ ഓഫീസിലെ താപ്പാനകള്‍ക്ക്‌ തീരെ പിടിച്ചിരുന്നില്ല.
അന്നത്തെ എന്റെ “ട്രാവല്‍ ഷെഡ്യൂള്‍” രാഹുലിനു രാവിലെ തന്നെ നല്‍കി. എറണാകുളത്തെ പ്രശസ്തനായ ജസ്റ്റിസ്‌ മരിച്ച ദിവസമാണ്‌. ശവസംസ്കാരത്തിനു പോകണം. മരണ വിവരം എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട്‌ 6 മണി എന്നെഴുതിയതിനു നേരെ ജസ്സിസിന്റെ പേരു മാത്രമേ ഞാന്‍ എഴുതിയിരുന്നുള്ളു. പക്ഷേ രാഹുല്‍ ആഴ്ചയിലൊരിക്കലേ പത്രം വായിക്കൂ എന്ന കാര്യം എനിക്കറിയില്ലായിരുന്നു.
“ഈ ജസ്സിസുമായുള്ള മീറ്റിംഗ്‌ എവിടെ വച്ചാണ്‌ ?’ അവന്‍ പോയി ചോദിച്ചത്‌ ഓഫീസിലെ മുത്ത താപ്പനയോട്‌.
“അഞ്ചു മണിക്ക്‌ മുന്‍പാണെങ്കില്‍ വീട്ടില്‍ ചെന്നാല്‍ മതി. അതു കഴിഞ്ഞാല്‍പ്പിന്നെ എതിര്‍വശത്തുള്ള പാര്‍ക്കിന്റെ അടുത്തു പോകേണ്ടി വരും”. മുത്ത താപ്പാനയുടെ ആക്കിയ മറുപടി. ചിലപ്പോള്‍ പാര്‍ക്കിലായിരിക്കും ജസ്റിസ്‌ ഈവനിംഗ്‌ വാക്കിനു പോകുന്നത്‌. രാഹുല്‍ കൂട്ടി വായിച്ചു.
“കാണുമ്പോള്‍ ഇതു കൂടി കൊടുത്തേര്‌ ഒരു പൊതി രാഹുലിനെ ഏല്പിച്ചു കൊണ്ട്‌ മുത്ത താപ്പാന ഊറിച്ചിരിച്ചു.
ജസ്സിസിനു കൊടുക്കാനുള്ള എന്തോ ഗിഫ്റ്റായിരിക്കണം. സ്വയം മനസ്സിലാക്കി രാഹുല്‍ ഭദ്രമായിട്ടതു കാറില്‍ വച്ചു.
പക്ഷെ, വൈകിട്ടിറങ്ങുമ്പോള്‍ ഏറെ വൈകി. ആറു മണി കഴിഞ്ഞതു കൊണ്ടു പാര്‍ക്കിന്റെ ദാഗത്തേക്കാണു നേരെ പോയത്‌. അവിടെ ചെന്നപ്പോള്‍ പാര്‍ക്കിന്റെ മുന്നിലെ ശ്മാശാനത്തിനരികില്‍ കൂറ്റന്‍ ജനാവലി. രാഹുലിനു പന്തികേടു മണത്തു. അവന്‍ കാറു നിര്‍ത്തി പൊതിയഴിച്ചു. നല്ല ഒന്നാന്തരമൊരു റീത്ത്‌.. ജസ്തിസിന്റെ അടുത്ത ആരെങ്കിലും ആയിരിക്കും മരിച്ചിട്ടുണ്ടാവുക. ആത്മ നിരീക്ഷണത്തിലൂടെ വീണ്ടുമവൻ ഉത്തരം കണ്ടെത്തി.
ഗേറ്റിനടുത്തേക്ക്‌ അടുക്കാന്‍ വയ്യ. പോലീസ്‌ ഗേറ്റു പൂട്ടിക്കഴിഞ്ഞു. അകത്തേക്ക്‌ ആരെയും കയറ്റുന്നില്ല. വൈകിയതില്‍ സ്വയം ശപിച്ചു
കൊണ്ട്‌ തിരിച്ചു പോരാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷെ രാഹുല്‍ അതിനു തയ്യാറല്ലായിരുന്നു. ഒരു കയ്യില്‍ റീത്തു പിടിച്ച്‌, മറു കൈ കൊണ്ടു ജനത്തെ വകഞ്ഞു മാറ്റി എന്നെ ഗേറ്റിനടുത്തവന്‍ ഒരു വിധമെത്തിച്ചു. ഒരു ബോഡിഗാര്‍ഡിനെ പോലെ. “ഡയറക്ടര്‍”. “ഡയറക്ടര്‍”. എന്ന്‌ ഇടയ്ക്കിടയ്ക്ക്‌ അവന്‍ ഉറക്കെ വിളിച്ചു പറയുന്നത്‌ കേള്‍ക്കാമായിരുന്നു. എന്റെ ‘മോദി ജാക്കറ്റ്‌ ‘ കണ്ട്‌ ഡല്‍ഹിയില്‍ നിന്നു വന്ന ഏതോ വകുപ്പു ഡയറക്ടര്‍ ആയി ധരിച്ചാവണം പോലീസുകാരന്‍ രാഹുലിന്റെ പ്രകടനത്തിനു മുന്‍പില്‍, പൂട്ടിയ ഗേറ്റ്‌ തുറന്നു തന്നു.
ചടങേതാണ്ട് തീര്‍ന്നിരിക്കുന്നു. റീത്തുകളെല്ലാം എടുത്തു മാറ്റിക്കഴിഞ്ഞു.. മക്കള്‍ വായ്ക്കരിയിടുന്ന കര്‍മ്മമാണ്‌ ഇനി . പിന്നെ ആചാരവെടി. അതോടെ എല്ലാം തീര്‍ന്നു. മൃതദേഹത്തിനരികില്‍ ഞങ്ങളും മക്കളും മാത്രം.. റീത്തിനി വയ്ക്കുന്നത്‌ ശരിയല്ല. ഞാന്‍ പരേതന്റെ കാല്‍ക്കല്‍ ചെന്ന്‌ തല താഴ്ത്തി കണ്ണടച്ച്‌ കുറച്ചു നേരം ആദരവു പ്രകടിപ്പിച്ചു..
എന്റെ മൊബൈല്‍ പെട്ടെന്നടിച്ചു. കട്ട്‌ ചെയ്തപ്പോള്‍ വീണ്ടുമടിക്കുന്നു. ചുറ്റുമുള്ള എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. ഒടുവില്‍ അതു നിശബ്ദമാക്കി.

തിരിഞ്ഞു നടന്ന ഞാന്‍ പുറകില്‍ നിന്നുയര്‍ന്ന രാഹുലിന്റെ വാക്കുകള്‍ കേട്ട്‌ ഒരു നിമിഷം തരിച്ചു നിന്നു…
“ബോസ്‌, ഇവിടം വരെ വന്നിട്ട്‌ ജസ്സിസിനെ കണ്ടു യാത്ര പറയാതെ പോകുന്നത്‌ ശരിയാണോ…!!’ ബോസിനെ പോലും തിരുത്തുന്ന ഉത്തരവാദിത്തബോധം തുളുമ്പി നില്‍ക്കുന്ന വാക്കുകൾ…!!
പുറത്തിറങ്ങി മൊബൈലില്‍ നോക്കിയ ഞാന്‍ ഞെട്ടി. നിരവധി മിസ്സ്ഡ്‌ കോളുകള്‍… എണ്ണിയാല്‍ തീരാത്തത്ര മെസ്സേജുകള്‍. പലതിലും തെറി. കാര്യമറിയാതെ ഒരെണ്ണം തുറന്നപ്പോള്‍ ഞങ്ങളുടെ കമ്പനിയുടെ പേര്‌ വ്യക്തമായി കാണുന്ന രീതിയില്‍ റീത്ത്‌ ക്യാമറയ്ക്കു നേരെ ഉയര്‍ത്തിപ്പിടിച്ച്‌ എന്റടുത്തു സുസ്‌മേരവദനനായി നില്‍ക്കുന്ന രാഹുലിന്റെ സ്ക്രീന്‍ ഷോട്ട്‌. ദു:ഖം രേഖക്കെടുത്തുന്നതിനിടയില്‍, ഇരുട്ടില്‍ നിന്ന്‌ ഞങ്ങളെ ലൈവായി തുറിച്ചു നോക്കിക്കൊണ്ടിരുന്ന നിരവധി ചാനല്‍ ക്യാമറകളെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ കൂടി, എന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വെമ്പി നിന്ന രാഹുല്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു…!!


ഓതിക്കൊടുക്കുന്ന വേദത്തിനര്‍ത്ഥം

ഓട്ടച്ചെവികളില്‍ പാഴ്മന്ത്രമായാല്‍

ഓടക്കുഴല്‍ നാദം തേടിത്തിരഞ്ഞ്‌
“ഓട‌” കുഴൽ വഴിപോയെന്നിരിക്കും

 

സോഹന്‍ റോയ്‌

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ