ഏകലവ്യ
ദുബായില്‍ നിരവധി ഹൗസ് മെയ്ഡുകളെ മാറി മാറി പരിക്ഷിച്ചതിനൊടുവിലാണ് ആനിയെന്ന
ഉത്തരവാദിത്തബോധമുള്ള ഒരു മലയാളിയെ ഞങ്ങള്‍ക്കു കിട്ടിയത്. എന്തും കണ്ടറിഞ്ഞു ചെയ്യുന്ന പ്രകൃതം. ഇന്നത്തെ പണി ഇന്നലെ തന്നെ പറയാതെ ചെയ്തിരിക്കും. അറിയാത്ത കാര്യങ്ങള്‍ കണ്ടു പഠിച്ചു ചെയ്യുന്നതില്‍ അഗ്രഗണ്യ.
ഒരോണത്തിന് ആനിയെ വീടേല്‍പ്പിച്ച് ഞങ്ങള്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. വീട്ടിലെ പഴയ ഫര്‍ണീച്ചര്‍ എല്ലാം കൂടി കപ്പലില്‍ നാട്ടിലേക്കയയ്ക്കാന്‍ കാര്‍ഗോ കമ്പനിക്കാരെ വിളിച്ചു തീരുമാനവുമാക്കി. പെട്ടി നിറയ്ക്കുന്ന കാര്യം ഞാന്‍ നേരിട്ടേറ്റെടുത്തു. ഭാര്യയെ തീരെ വിശ്വാസം പോര. ദാനശീലത്തില്‍ ശിബിയുടെ വംശത്തിലെ അവസാന കണ്ണിയായ് വരുന്നതു കൊണ്ട് നാട്ടിലെ ഒരു അനാഥാലയത്തിലേക്ക് പഴയ തുണികളൊക്കെ സ്ഥിരമായി കൊണ്ടു പോയിക്കൊടുക്കുന്ന ശീലമുണ്ട്
കക്ഷിക്ക്. കണ്ണു തെറ്റിയാല്‍ എന്റെ പുതിയ ഡ്രസ്സുകളും കുട്ടത്തില്‍ അപ്രത്യക്ഷമാകും. കുടെ എക്സസ്സ് ബാഗ്ഗേജ് ആക്കേണ്ട ഗതികേടും. നാലാൾക്കും കൂടി 120 കിലോ ലഗ്ഗേജും നാലു ഹാന്‍ഡ് ബാഗ്ഗേജും കൊണ്ടു പോകാം. ദാനശീലയ്ക്കു വേണ്ടി ഇരുപതു കിലോ മാറ്റി വച്ച് പെട്ടിയൊതുക്കി. അഞ്ചു കിലോ വീതമുള്ള നാലു ഹാന്‍ഡ് ബാഗ്ഗേജും. ഭാര്യയുടെ അവസാന നിമിഷ നീക്കങ്ങളില്‍ എങ്ങാനും എക്സസ്സ് ബാഗ്ഗേജ് ആയാല്‍ ലഗ്ഗേജില്‍ നിന്ന് കുറച്ചെടുത്ത് ഹാന്‍ഡ് ബാഗ്ഗേജിൽ വയ്ക്കാമല്ലോ. എന്റെയി നീക്കങ്ങളൊക്കെ ആനി ഏകലവ്യചിന്തയോടെ സസുക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്ന കാര്യം എന്നിലെ ദ്രോണാചാര്യന്‍ പക്ഷെ അറിയുന്നുണ്ടായിരുന്നു.
വൈകിട്ടാണ് ഫ്ളൈറ്റ്. അന്നും ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു. നല്ല തിരക്കുള്ള ദിവസം. ഉച്ചകഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ഫോണ്‍. ആനിയാണ്.
“സാര്‍, പായ്ക്കിങ്ങ് ഒക്കെ കഴിഞ്ഞു. ഞാനിപ്പോഴാ ശ്രദ്ധിച്ചത്. എക്സസ് ബാഗ്ഗേജ് ആയിട്ടുണ്ട്.. ചേച്ചിയാണെങ്കില്‍ പുറത്തു പോയിരിക്കുകയുമാണ്
“എത്ര കിലോ ?’ ഹാന്‍ഡ് ബാഗ്ഗേജ് രക്ഷകനായുള്ളതുകൊണ്ട് ടെന്‍ഷനില്ലാതെ ചോദിച്ചു. ഞാനാരാ മോന്‍..!!
“നൂറു കിലോ’ കേട്ടതും കക്ഷത്തിരുന്ന ഫയല്‍ അറിയാതെ താഴെ വീണു. ഭാര്യ പഴന്തുണിയുടെ രുപത്തില്‍ ഇത്തവണയും ഒന്നാംതരം പണി തന്നിരിക്കുന്നു. ടിക്കറ്റു ചാര്‍ജജിനെക്കാൾ വലിയ തുക കൊടുക്കേണ്ടി വരും ആ നുറു കിലോയ്ക്ക്
“വിഷമിക്കേണ്ട സാര്‍, ഞാനതു കാര്‍ഗോയിലയക്കാന്‍ ഏര്‍പ്പാടാക്കി.” ആനിയെപ്പോലൊരു പണിക്കാരിയെ കണ്ടെത്തിയതിന് ഞാനെണീറ്റു നിന്ന് എനിക്കു തന്നെ കൈ കൊടുത്തു. വാച്ചില്‍ നോക്കി. വൈകിയിരിക്കുന്നു.
വീട്ടിലെത്തിയപ്പോള്‍ ഹാന്‍ഡ് ബാഗ്ഗേജ് മാത്രമുണ്ടവിടെ. ലേറ്റായതു കൊണ്ട് പെട്ടിയെല്ലാം ചിലപ്പോള്‍ ആനി വണ്ടിയിലേക്ക് മാറ്റിയിരിക്കാം. എങ്കിലും സംശയം തീര്‍ക്കാന്‍ ചോദിച്ചു ‘പെട്ടിയെല്ലാം എവിടെ?
“ഞാന്‍ പറഞ്ഞില്ലേ കാര്‍ഗോയിലയച്ചെന്ന്.”
ആത്മവിശ്വാസത്തോടെയുള്ള ആനിയുടെ പറച്ചില്‍ കേട്ട് എനിക്കൊന്നും മനസ്സിലായില്ല. എന്റെ സംശയം മാറ്റാന്‍ രണ്ടു കയ്യിലും ഓരോ ഹാന്‍ഡ് ബാഗ്ഗേജും പിടിച്ച് ആനി വെയിംഗ് മെഷീനില്‍ കയറി നിന്നു.
‘ഇതറുപതു കിലോ’ ആനിയുടെ വെയിറ്റ് അമ്പതു കിലോയാണെന്ന് എനിക്കു മനസ്സിലായെങ്കിലും ആനിക്കതു മനസ്സിലായില്ലെന്നുതോന്നുന്നു.. മനസ്സിലാകണമെങ്കില്‍ ഭാരം നോക്കുന്നതു കണ്ടു പഠിച്ച ശിഷ്യയോടു തൂക്കുന്നയാളുടെ ഭാരം കുറയ്ക്കണമെന്നു ഗുരു വാ തുറന്നു പറയണമായിരുന്നല്ലോ ?
അടുത്ത രണ്ടു ബാഗുമെടുത്തു ഭാരം നോക്കുന്ന ആനി ഞെട്ടിത്തരിച്ചു നിന്ന എന്നോടു ചോദിച്ചു.
‘ഇതും അറുപതു കിലോ. എല്ലാം കുടി 120 കിലോ. അത്രയല്ലേ കൊണ്ടുപോകാനാകൂ…?’ ഭാഗ്യം. .! പെട്ടി തുക്കി നോക്കിയതു കാര്‍ഗഗോക്കാരായതുകൊണ്ടു എക്സസ്സ് ബാഗ്ഗേജ് നുറിലൊതുങ്ങി..!!
ഓണം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ അറബിക്കടലിലുടെ മന്ദം മന്ദം നീങ്ങുന്ന കപ്പലില്‍ എന്നെയും തേടി പോകുന്ന എന്റെ അവശ്യസാധനങ്ങളെക്കുറിച്ചോര്‍ത്തു സ്വയം ശപിക്കവേ, “പാതിവിദ്യ’ കൊടുത്തു കിട്ടിയ ഗുരുദക്ഷിണയുടെ കാര്യം പറഞ്ഞ് ഭാര്യ അടുത്തിരുന്നു വെറുപ്പിച്ചുകൊണ്ടേയിരുന്നു…!!
സോഹൻ റോയ്