മാർഗ്ഗദർശി
ദുബായിലെത്തിയ ഭാര്യയുടെ ആദ്യ ആഗ്രഹമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് തരപ്പെടുത്തുക എന്നത്. നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെയോ തരപ്പെടുത്തിയതിൻ്റെ പേരിൽ തറവാടിൻ്റെ തകർന്ന മതിലിലും കാറിലും ഇപ്പോഴും ഇടിയുടെ പാടുകൾ അവശേഷിയ്ക്കുന്നതു കൊണ്ട് പല തവണ ആലോചിയ്ക്കേണ്ടി വന്നു… പ്രോത്സാഹിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാൻ.. നഷ്ടപരിഹാരം ഇൻഷുറൻസുകാർ കൊടുക്കുമെങ്കിലും ടാക്സിയോടിയ്ക്കുന്ന പാകിസ്ഥാനികളുടെ പച്ചത്തെറി ഫ്രീയായി കിട്ടേണ്ടി വരുമെന്ന് മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ നിർബന്ധം സഹിയ്ക്കവയ്യാതെ പച്ചക്കൊടി കാട്ടി.
എന്നെ ഞെട്ടിച്ചു കൊണ്ട് ആദ്യ റോഡ് ടെസ്റ്റിൽ തന്നെ കക്ഷി ലൈസൻസ് നേടിയെടുത്തു. ദുബായിലെ ട്രാഫിയ്ക്കിൽ പിന്നിൽ നിന്നു പാഞ്ഞു വരുന്ന വാഹനങ്ങളെ മുന്നിലേയും വശങ്ങളിലേയും കണ്ണാടികളിൽക്കൂടി നോക്കിക്കാണുമ്പോൾ ഉണ്ടാകുന്ന പരിഭ്രമത്തിൽ കൈവിറയ്ക്കുന്ന എന്നെപ്പോലെയുള്ളവർ നിരവധി തവണ പരാജയപ്പെടുന്നിടത്ത് എങ്ങനെ ആദ്യ തവണ തന്നെ സാധിച്ചെടുത്തു എന്നു ചോദിച്ചപ്പോൾ കിട്ടിയ “അതിന് ആര് ഏത് കണ്ണാടിയിൽ നോക്കി” എന്ന ഉത്തരത്തിനു മുന്നിൽ പകച്ചു പോയി എൻ്റെ ബാല്യം.
ലൈസൻസു കിട്ടി പിറ്റേ ദിവസം തന്നെ വണ്ടി വാങ്ങിയെങ്കിലും ഗൂഗിൾ മാപ്പില്ലാത്ത കാലമായതുകൊണ്ട് ദുബായിലെ വഴികൾ പരിചയമാവുന്നതുവരെ ഒറ്റയ്ക്കതെടുക്കേണ്ടെന്നു മുന്നറിയിപ്പു കൊടുത്താണ് രാവിലെ ഓഫീസിൽ പോയത്. പക്ഷേ ഉച്ചയായപ്പോഴേക്കും ഭാര്യയുടെ വിളിയെത്തി. ആത്മവിശ്വാസത്തിൻ്റെ നിറകുടമാണെന്ന ധൈര്യത്തിൽ വണ്ടിയുമെടുത്തിറങ്ങിയ ധീര, വഴി തെറ്റിയെവിടെയോ എത്തപ്പെട്ടെന്നും ഞാനുടനവിടെയെത്തണമെന്നുമുള്ള അടിയന്തിര സന്ദേശമായിരുന്നു അത്.. പക്ഷെ സ്ഥലം ചോദിച്ചപ്പോൾ എവിടെയാണെന്ന് ഒരു പിടിയുമില്ലത്രേ. ചുട്ടു പൊള്ളുന്ന വെയിലിൽ പുറത്തിറങ്ങി ആരോടും വഴി ചോദിയ്ക്കാൻ പറ്റില്ലെന്നു കൂടി പറഞ്ഞപ്പോൾ ഞാൻ ശരിയ്ക്കും പെട്ടു. അടുത്തുള്ള എന്തെങ്കിലും അടയാളം ചോദിച്ചപ്പോൾ ഒരു മൈതാനവും അതിൽ നിന്നു കറങ്ങുന്ന ഒരു കമ്പിവേലിയും മാത്രം കാണാമെന്നു പറഞ്ഞ് ഫോൺ കട്ടു ചെയ്തു. ഭാഗ്യം… മൈതാനം എയർപ്പോർട്ടാണെന്നും അതിലെ കറങ്ങുന്ന കമ്പിവേലി റഡാറാണെന്നും കൂട്ടിവായിക്കാൻ റോക്കറ്റ് ടെക്നോളജി പഠിയ്ക്കേണ്ടതില്ലാത്തതു കൊണ്ട് ദുബായ് എയർപോർട്ടിലെ കമ്പിവേലിറഡാറിനു നന്ദി പറഞ്ഞു. അത്യാവശ്യമായി ചെയ്തു കൊണ്ടിരുന്ന പണിയിട്ടെറിഞ്ഞു വണ്ടിയെടുത്തു കുതിച്ചു സ്ഥലം കണ്ടെത്തിയ എൻ്റെ പുറകേ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ വാമഭാഗം വീടെത്തി. ദയവു ചെയ്ത് ഇനിയെങ്കിലും ഒറ്റയ്ക്ക് ഇത്തരം സാഹസത്തിനിറങ്ങരുതെന്നും രക്ഷിയ്ക്കാനെന്നും കമ്പിവേലി കാണില്ലെന്നും കാലിൽ വീണപേക്ഷിച്ചിട്ടാണന്ന് ഓഫിസിലേക്ക് മടങ്ങിയത്.
അത്ഭുതമെന്നു പറയട്ടെ, പിന്നീടൊരിയ്ക്കലും വഴി തെറ്റി രക്ഷാപ്രവർത്തനത്തിനു സഹായം തേടി എൻ്റെ മൊബൈലിലേക്ക് ഒരു വിളിയും വന്നില്ല. പക്ഷേ എല്ലാ ദിവസവും വണ്ടിയുമായി ദുബായ് മുഴുവൻ ഭാര്യ അരിച്ചുപെറുക്കുന്ന വിവരം ചാരന്മാർ വഴി ഞാനറിഞ്ഞു കൊണ്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ദുബായിലെ വഴികൾ ശരിയ്ക്കുമറിയാതെ കുഴങ്ങുന്ന എനിയ്ക്ക് എന്നോടു തന്നെ പുച്ഛം തോന്നി.
ദുബായ് പൂർണ്ണമായും കീഴടക്കിയ പ്രിയതമ ഒടുവിൽ ഒരു ദിവസം പര്യവേക്ഷണത്തിൽ സ്ഥിരം കൂടെക്കൂട്ടാറുള്ള എൻ്റെ സുഹൃത്തിൻ്റെ ഭാര്യയുമായി അബുദാബി കീഴടക്കാൻ രണ്ടു മണിയ്ക്കൂർ വണ്ടിയോടിച്ചു പോവുകയും വിജയകരമായി കാണേണ്ടവരെയെല്ലാം കണ്ട് ഷോപ്പിംഗും നടത്തി വഴി തെറ്റാതെ മടങ്ങിയെത്തിയെന്നുമറിഞ്ഞപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു.. അവർ പോയ സ്ഥലങ്ങളൊന്നും എനിയ്ക്കു പരിചയം പോലുമില്ല. അതു കൊണ്ടു തന്നെ പല തവണ കൊണ്ടു പോകണമെന്നാവശ്യപ്പെട്ടിട്ടും ഞാനിതുവരെ മുങ്ങിക്കളിയ്ക്കുകയായിരുന്നു. എങ്ങനെയൊപ്പിച്ചു എന്ന എൻ്റെ സ്ഥിരം സംശയത്തിനു മുൻപിൽ ഇത്തവണ ഒരു പുച്ഛ രസമായിരുന്നു മറുപടിയായി മുഖത്തു വിരിഞ്ഞത്.
സഹികെട്ട എന്നിലെ ഷെർലക്ക് ഹോംസ് സടകുടഞ്ഞെഴുന്നേറ്റു. അഞ്ഞൂറാനോടാണോടാ കളി. നേരെ ഫോണെടുത്തു. ചാരപ്പണിയ്ക്കായി സുഹൃത്തിനെത്തന്നെ വിളിച്ചു. ചോർത്തുമ്പോൾ കൂട്ടു പ്രതിയിൽ നിന്നു തന്നെ ചോർത്തുന്നതാണ് ഞങ്ങൾ ഡിറ്റക്ടീവ്സിൻ്റെ ഒരു രീതി. പക്ഷെ സാക്ഷികളോ തെളിവുകളോ, ഫോറൻസിക്ക് പരിശോധനയോ ഡമ്മി ടെസ്റ്റോ, ലൈ ഡിറ്റക്ഷനോ ഒന്നുമില്ലാതെ ആദ്യ ചോദ്യത്തിൽ തന്നെ രഹസ്യം പുറത്തായി. മന്ത്രിമാർക്കു പൈലറ്റു വാഹനം ഉള്ളതു പോലെ ഒരെണ്ണം ഞാനറിയാതെ ഭാര്യയ്ക്കുമുണ്ടായിരുന്നെന്നറിഞ്ഞ ഞാൻ വീണ്ടും ഞെട്ടി….. സാധാരണ ചെയ്യാറുള്ളതുപോലെ അറിയാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു ടാക്സി വിളിച്ച് വഴികാട്ടിയായ് മുന്നിൽ വിടുകയും വഴി തെറ്റാതെ അതിൻ്റെ പിന്നിൽ സ്വന്തം കാറോടിച്ചു കൃത്യമായെത്തുകയും ചെയ്യുന്ന ഭാര്യയുടെ കൂർമ്മ ബുദ്ധിയ്ക്കു മുന്നിൽ സുഹൃത്തിൻ്റെ ഭാര്യയും നമിയ്ക്കാറുണ്ടത്രേ…!! ബെസ്റ്റ് …അടയ്ക്കൊത്ത ഇല.
ഇന്ത്യൻ കുട്ടികളെ ഭരതനാട്യവും മോഹിനിയാട്ടവും നാടോടി നൃത്തവുമൊക്കെ പഠിപ്പിച്ചു ഭാര്യ നേടുന്ന കാശു മുഴുവൻ എങ്ങോട്ടാണു പോകുന്നതെന്നറിയാതെ അത്രയും കാലം കുഴങ്ങിയിരുന്ന എൻ്റെ സംശയത്തിനുള്ള ഉത്തരം കിട്ടിയതിനോടൊപ്പം തലേന്ന്
ഇലക്ട്രിസിറ്റി ബില്ലടയ്ക്കാൻ കൊടുത്ത കാശും പാകിസ്ഥാനിലേക്ക് പോയെന്നറിഞ്ഞപ്പോൾ ഈ വഴികാട്ടൽ വിദ്യ പഠിപ്പിച്ചത് താൻ തന്നെയാണല്ലോ എന്നോർത്ത് ഒരു നിമിഷം സ്വയം ശപിച്ചു. ഒപ്പം മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നു പറഞ്ഞ ആ മഹാനേയും.