ഒറ്റമൂലി

സുകുമാരന്‍ വൈദ്യര്‍ നാട്ടിലെ പ്രശസ്തനായ നാട്ടു വൈദ്യനാണ് ലക്ഷണമൊത്ത പാരമ്പര്യ വൈദ്യന്‍.
പക്ഷേ പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം. അതു കൊണ്ട്‌ ഒരു മെഡിക്കല്‍ കോളേജിലും പോയി സര്‍ട്ടിഫിക്കറ്റെടുക്കാന്‍ യോഗമുണ്ടായില്ല..!! അതൊരു കുറവല്ലേ എന്നു ചോദിച്ചാല്‍ ചരകനും സുശ്രുതനും പത്താം തരം പോലും കണ്ടിട്ടില്ലല്ലോ എന്നാകും വൈദ്യരുടെ മറുവാദം. ഒരു കണക്കിനതു ശരിയല്ലേ ? ആയുര്‍വ്വേദത്തിനു മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിട്ട്‌ ഏതാനും പതിറ്റാണ്ടല്ലേ ആയിട്ടുള്ളു. അപ്പോൾ അയ്യായിരം വര്‍ഷം പഴക്കമുള്ള ഈ ശാസ്ത്രം ഇവിടം വരെയെത്തിയത്‌ സര്‍ട്ടിഫിക്കറ്റില്ലാത്ത പാരമ്പര്യ വൈദ്യന്മാരിലുടെയല്ലേ ?
ഏതായാലും പുള്ളിക്കാരനു രോഗനിര്‍ണ്ണയം നടത്താന്‍ സ്റ്റെതസ്‌കോപ്പും സ്‌കാനിംഗും ഒന്നും വേണ്ട. നാഡിയും നാക്കും കണ്ണും മാത്രം നോക്കി കാന്‍സര്‍ പോലും കണ്ടെത്തിക്കളയും. ഒട്ടുമിക്ക രോഗത്തിനുമുള്ള മരുന്നിന്റെ കൂട്ട്‌ വൈദ്യര്‍ക്കറിയാം. അതു രോഗികൾക്ക് സ്വയമുണ്ടാക്കാൻ പറഞ്ഞു കൊടുക്കുകയും ചെയ്യും. പറമ്പിലേക്കിറങ്ങുന്ന വൈദ്യര്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഒരു കെട്ടു മരുന്നു ചെടികളുമായി വരുന്നതു കാണുമ്പോളാണ്‌, നമ്മള്‍ വെറും പുല്ലായി കരുതുന്ന പല ചെടികളും ഔഷധ സസ്യങ്ങളാണെന്ന തിരിച്ചറിവ്‌ ഉണ്ടാവുക. പക്ഷേ മരുന്നിനെ ഭക്ഷണം പോലെ കണ്ട്‌ അപ്പപ്പോൾ ഉണ്ടാക്കിക്കഴിക്കണമെന്നത്‌ വൈദ്യര്‍ക്ക്‌ നിര്‍ബന്ധമാണ്‌. കേടാവാതിരിക്കാന്‍ പ്രിസര്‍വ്വേറ്റീവ്സ്‌ ചേര്‍ത്ത്‌ മെഡിക്കല്‍ സ്റ്റോറില്‍ വച്ചിരിക്കുന്ന ആയുര്‍വ്വേദ മരുന്നിനെക്കുറിച്ച്‌ ആലോചിച്ചാല്‍ തന്നെ വൈദ്യര്‍ക്കു കലി വരും.


ചില ഒറ്റമൂലികളും പുള്ളിക്കാരന്റെ കൈവശമുണ്ട്‌. അതിന്റെ കൂട്ടു മാത്രം ആര്‍ക്കും പറഞ്ഞു കൊടുക്കില്ല. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദിവസവും 16 മണിക്കുറോളം രോഗികളെ നോക്കുന്ന വൈദ്യരുടെ ഏക ഉപജീവനമാര്‍ഗ്ഗം ഈ ഒറ്റമൂലികളാണ്‌. മറ്റു വൈദ്യന്മാര്‍ക്കില്ലാത്ത ഒരു ഗുണം കുടി വൈദ്യര്‍ക്കുണ്ട്‌. തന്റെ കയ്യില്‍ ശരിയായ മരുന്നില്ലെന്നു കണ്ടാല്‍ മറ്റു വൈദ്യന്മാരുടെ കയ്യില്‍ അതിനുള്ള ഒറ്റമൂലിയുണ്ടെങ്കില്‍ അതൊരു മടിയും കുടാതെ വരുത്തിക്കൊടുക്കും.
എല്ലാ ചികിത്സകളും നടത്തി പ്രതീക്ഷകളെല്ലാം അസ്തമിച്ചു കഴിയുമ്പോഴാണ്‌ മിക്കവരും വൈദ്യരുടെ അടുത്തെത്തുന്നത്‌. ഒരിക്കല്‍ ഞാനും അതുപോലെ വൈദ്യരെ സമീപിക്കുകയുണ്ടായി. കൂടെക്കഴിഞ്ഞ ഒന്നര മാസം ആയിരക്കണക്കിനു മഹാ രോഗികള്‍ നാടിന്റെ നാനാദിക്കില്‍ നിന്നും അവിടെ വന്നു സുഖം പ്രാപിച്ചു പോകുന്നത്‌ ഞാന്‍ നേരിട്ടനുഭവിച്ചറിഞ്ഞതുകൊണ്ട്‌ വൈദ്യരെ ആരു കുറ്റം പറഞ്ഞാലും എനിക്കൊരിക്കലുമതിനാവില്ല. വൈദ്യരെ അടുത്തറിഞ്ഞപ്പോഴാണു മനസ്സിലായത്‌ അദ്ദേഹം ചികിത്സിക്കുന്നത്‌ ശരീരത്തിനേക്കാൾ മനസ്സിനെയാണെന്ന്‌. കുടെ ശുദ്ധമായ ഭക്ഷണവും. വയറിളക്കി, വിയര്‍പ്പിച്ച്‌ ശരീരത്തിനുള്ളിലെ വിഷാംശമെല്ലാം മാറ്റിയാല്‍ ശരീരം താനെ രോഗം ശമിപ്പിക്കും എന്നാണ്‌ വൈദ്യരുടെ സിദ്ധാന്തം. പക്ഷെ കൂടെ മനസ്സും വിചാരിക്കണം.. അതിനദ്ദേഹം എല്ലാ രോഗികള്‍ക്കുമായി ആദ്യം തന്നെ ഒരു നാലു മണിക്കൂര്‍ ക്ലാസ്സെടുക്കും. അതു കേട്ടു കഴിഞ്ഞാല്‍ തളര്‍ന്നു കിടക്കുന്നവന്‍ പോലും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തും. തന്റെയടുത്തു വരുന്ന തൊണ്ണൂറു ശതമാനത്തിലേറെപ്പേരും സുഖമായി മടങ്ങാറുണ്ടെങ്കിലും എത്താന്‍ വൈകി പരാജയപ്പെടുന്നവര്‍ കുറച്ചു നേരത്തേ എത്തിയിരുന്നെങ്കില്‍ എന്നദ്ദേഹം ഇടയ്ക്കു പരിഭവത്തോടെ പറയാറുണ്ട്‌.
ഇതൊക്കെയായാലും വൈദ്യര്‍ക്കൊരു കുഴപ്പമുണ്ട്‌. ആധുനിക വൈദ്യരാസ്ത്രത്തിനേയും പണത്തിനു വേണ്ടിയുള്ള അവരുടെ ചികിത്സാരീതിയേയും സോഷ്യല്‍ മീഡിയയിലൂടെ നിശിതമായി വിമര്‍ശിക്കുന്നത്‌ വൈദ്യര്‍ പതിവാക്കിയിരിക്കുന്നു. അതുമുലം ശത്രുക്കളുടെ എണ്ണം നാൾക്കുനാൾ പെരുകി. വൈദ്യരെ വ്യാജ വൈദ്യനായി ശത്രുക്കള്‍ മുദ്രകുത്തി. പോലീസ്‌ ഇടപെടല്‍ കാരണം വൈദ്യര്‍ക്ക്‌ നിരന്തരം തന്റെ താവളം മാറേണ്ടി വന്നു. പക്ഷേ വൈദ്യരെവിടെ പോകുന്നോ രോഗികള്‍ അദ്ദേഹത്തെ തേടി അവിടെത്തിക്കൊണ്ടുമിരുന്നു. ഒടുവില്‍ വൈദ്യരെക്കുറിച്ച്‌ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ എന്ന പേരിലൊരു സിനിമ പോലുമിറങ്ങി.
ഒരിക്കല്‍ ആയുര്‍വ്വേദ മേഖലയിലെ തലതൊട്ടപ്പന്മാരെ ആദരിക്കുന്ന ഒരു ചടങ്ങു ഞങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. കൂട്ടത്തിൽ സുകുമാരന്‍ വൈദ്യരുടെ പേരും നിർദ്ദേശിക്കപ്പെട്ടു. ഇതറിഞ്ഞതോടുകൂടി സര്‍ട്ടിഫിക്കറ്റുള്ള ഡോക്ടേഴ്‌സിന്റെ പ്രതിനിധികളായെത്തിയ ചെറുപ്പക്കാര്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി. ഞങ്ങള്‍ പക്ഷെ തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല ചടങ്ങാരംഭിച്ചു. വിളിക്കാതെ തന്നെ ചടങ്ങിനെത്തിയ ആയുര്‍വ്വേദപ്രേമികളുടെ തിരക്കു കണ്ട്‌ ഞങ്ങള്‍ സംഘാടകര്‍ ശരിക്കും ഞെട്ടി,
ചടങ്ങില്‍ വൈദ്യര്‍ക്കെതിരെ ആധുനിക വൈദ്യന്മാരുടെ കുട്ട ആക്രമണമായിരുന്നു. വൈദ്യരെ ശരിക്കുമൊരു വ്യാജനാക്കി വലിച്ചു കീറി തേച്ചൊട്ടിച്ചു. ഞങ്ങള്‍ സംഘാടകര്‍ എങ്ങനെ വൈദ്യരുടെ മുഖത്തു നോക്കും എന്ന അവസ്ഥയിലായി. വിളിച്ചു വരുത്തി അപമാനിക്കപെട്ടതിന്റെ വിഷമം ആ മുഖത്തു കാണാമായിരുന്നു. ആയുര്‍വ്വേദത്തിന്റെ അന്ത്യം ആയുര്‍വ്വേദക്കാരെക്കൊണ്ടു തന്നെയെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.
തനിക്കു കിട്ടിയ പുരസ്‌കാരവും വാങ്ങി ഒരക്ഷരം മിണ്ടാതെ അപമാനിതനായ വൈദ്യര്‍ തല താഴ്ത്തി പുറത്തേക്കിറങ്ങി. പക്ഷേ വൈദ്യരോടൊപ്പം സദസ്സും കാലിയാകുന്നതു കണ്ട്‌ ഒരു നിമിഷം ഞങ്ങള്‍ വീണ്ടും ഞെട്ടി. അവാര്‍ഡു ജേതാക്കളൊഴിച്ചു അവിടെ മറ്റാരുമില്ല.
നടന്നടുക്കുന്ന വൈദ്യരെക്കണ്ടു തൊഴുതു നില്‍ക്കുന്ന സദസ്യര്‍ കൂപ്പുകൈകളോടെ അദ്ദേഹത്തെ പിന്തുടരുന്നതു കണ്ടപ്പോള്‍ മാത്രമാണ്‌ ഞങ്ങള്‍ തിരിച്ചറിഞ്ഞത്‌ അവിടെത്തിയ സദസ്യരെല്ലാം ഈശ്വര തുല്ല്യനായി അവര്‍ വിശ്വസിക്കുന്ന വൈദ്യരെ മാത്രം കാണാനെത്തിയവരായിരുന്നു എന്ന്‌.
സ്വന്തമായൊരുകൂട്ടു മരുന്നുണ്ടാക്കാന്‍ പോലുമറിയാതെ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ വിലസുന്നവനാണു ശരിക്കുള്ള വ്യാജനെന്നു തിരിച്ചറിയാത്ത യുവതലമുറയുടെ പ്രതിനിധി അപ്പോഴും ശൂന്യ സദസ്സിനെ നോക്കി വ്യാജവൈദ്യന്മാര്‍ക്കെതിരെ മൈക്കിലൂടെ ഉച്ചത്തില്‍ ഓലിയിട്ട്‌ ഒറ്റമുലി പ്രയോഗം നടത്തുന്നുണ്ടായിരുന്നു.


സോഹൻ റോയ്

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ