ലേഡീസ് ഒൺലി

ഭക്തിയിൽ കൈവിഷം കിട്ടിയ ഭാര്യയുടെ തീർത്ഥാടന പരമ്പര പരിധികളെല്ലാം ലംഘിക്കുകയാണ്. എല്ലാ മാസവും  ഏതെങ്കിലും ഭക്തിപര്യവേഷണം നടത്താൻ എന്നെയും കൂട്ടിപ്പോയില്ലെങ്കിൽ സമാധാനം കിട്ടാത്ത അവസ്ഥ. ടൂസ്റ്റാർ  ഹോട്ടൽ ഫെസിലിറ്റി പോലുമില്ലാത്ത  മലയിടുക്കുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവങ്ങളോടാണ്‌ കക്ഷിക്ക്‌ കൂടുതൽ താത്പര്യം. ഒരിക്കൽ താമസിച്ച "സ്റ്റാർ"ഹോട്ടലിലെ മുറിയിൽ നൃത്തം വച്ച എലിക്കുട്ടനേയും   പുതയ്ക്കാൻ കിട്ടിയ വർഷങ്ങളായി കഴുകാത്ത കമ്പിളിപ്പുതപ്പിനേയും ഇപ്പോഴുമോർക്കാറുണ്ട്.   താലി കെട്ടിയതിനു കിട്ടുന്ന ജീവപര്യന്തം തടവ് ഇത്ര കഠിനമായിരിക്കുമെന്ന് ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ  ഹിമാലയത്തിൽ പോയി  അഘോരിയായി സ്വാമിയടിച്ചു ജീവിക്കാമായിരുന്നു. വെറുപ്പിക്കലിനൊക്കെയൊരു പരിധിയില്ലേയെന്ന്  ആലോചിച്ചുപോയിട്ടിനിയെന്തു കാര്യം...?

ക്ഷമയുടെ നെല്ലിപ്പലകയിൽ കണ്ണുനട്ടിരിക്കെയാണ് ആ ബുദ്ധി മനസ്സിൽ തെളിഞ്ഞത്. കക്ഷിയുടെ നേതൃത്വത്തിൽ വനിതകൾക്കു മാത്രമായി ഒരു വിനോദയാത്ര. അതും വിസ വേണ്ടാത്ത തായ്ലന്റിലേക്ക് . അവിടെയും ക്ഷേത്രങ്ങളൊക്കെയുണ്ടല്ലോ... ലേഡീസ് ഒൺലി ആയതുകൊണ്ട് കൂടെപ്പോകേണ്ടതുമില്ല.

ദുബയിലാണെങ്കിൽ എപ്പോൾ വിളിച്ചാലും ഏതു പരിപാടിയ്ക്കും ചാടിയിറങ്ങുന്ന പതിനഞ്ചിലേറെപ്പേരുള്ള അവരുടെയൊരു അടിപൊളി സംഘവുമുണ്ട്. അവരുടെ ഒന്നിച്ചുള്ള ഷോപ്പിംഗ് ദിനങ്ങളിൽ കിട്ടുന്ന ഏതാനും മണിയ്ക്കുറുകൾ മാത്രമാണ് അടിമക്കണ്ണുകളായ ഞങ്ങൾ ഭർത്താക്കന്മാർക്കു വല്ലപ്പോഴും കിട്ടുന്ന ഏക പരോൾ.  ഭാര്യമാരുടെ ഫ്ലൈറ്റു പൊങ്ങിയിട്ടു വേണം ഞങ്ങൾക്കിവിടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ. മാത്രവുമല്ല അവർ മടങ്ങിയെത്തിയാൽ ഭർത്താക്കൻമാർക്കു മാത്രമുള്ള ഒരു തായ്ലന്റ് ഭക്തിയാത്രയ്ക്കും സാധ്യതയില്ലാതില്ലല്ലോ.. ആലോചിച്ചപ്പോൾ തന്നെ മനസ്സിൽ ലഡ്ഡു പൊട്ടി. എന്താ ദാസാ ഈ ഐഡിയ ഇതുവരെ തോന്നാഞ്ഞതെന്ന് അറിയാതെ മനസ്സു ചോദിച്ചു.  പിന്നൊന്നും നോക്കിയില്ല. കഴിഞ്ഞു പോയ ബർത്ത്ഡേ പൊടി തട്ടിയെടുത്ത് അതിന്റെ പേരിലൊരു ഡെസ്റ്റിനേഷൻ പാർട്ടിയും ലേഡീസ് ഒൺലി ട്രിപ്പും സ്പോൺസർ ചെയ്യുന്നതായി പ്രഖ്യാപിച്ചു. 

ഡെസ്റ്റിനേഷൻ ബർത്ത്ഡേ പദ്ധതി എല്ലാവർക്കും ശ്ശി ബോധിച്ചു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഗ്യാങ്ങിലെ നൂറു ശതമാനവും സമ്മതപത്രം നൽകി. ഭർത്താക്കന്മാരുടെ സന്തോഷം നന്ദി സന്ദേശമായി പ്രവഹിയ്ക്കാൻ തുടങ്ങിയതോടൊപ്പം സ്വാതന്ത്ര്യ മോഹികളുടെ സംസ്ഥാന പ്രസിഡന്റായവർ എന്നെ വാഴ്ത്താതെ വാഴ്ത്തി. പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു.
ചാറ്റ് ജീപിറ്റിയുടെ സഹായത്തോടെ തായ്ലന്റിലെ എല്ലാ ക്ഷേത്രങ്ങളുടേയും പട്ടിക കണ്ടെത്തി ടൂർ പ്ലാൻ തീർത്ഥാടക സംഘത്തിനു കൈമാറി.  കൂട്ടിനായി സ്ത്രീകളുടെ മുഖത്തു പോലും നോക്കാത്ത  രാധയെന്നു വിളിപ്പേരുള്ള രാധാകൃഷ്ണനെന്ന സ്വന്തം  വിശ്വസ്തഡ്രൈവറേയും .  സമാപനച്ചടങ്ങിൽ കേക്കുമുറിക്കാൻ ഒപ്പം കൂടിക്കൊള്ളാമെന്ന് ബർത്ത്ഡേ ബോയ് വാക്കും കൊടുത്തു.

ഒടുവിൽ ആ ദിനമെത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൊണ്ടാട്ടിമാർക്ക് "അമ്മനാട്ടിലേക്ക് ' ആത്മീയ യാത്രയയപ്പ് നൽകിയ കണവന്മാർ ഫ്ലൈറ്റു പൊങ്ങിയതും  "പൊണ്ടാട്ടി ഊരുക്ക് പോയാച്ച് " എന്ന് മനസ്സിൽ ഉറക്കെപ്പറഞ്ഞു കൊണ്ട് സ്വാതന്ത്ര്യത്തിന്റെ മുഷ്ടിചുരുട്ടി..... 

രാത്രിയാഘോഷം കഴിഞ്ഞ് വൈകിയാണുണർന്നത്.  സ്വപ്നഗ്രഹത്തിലേക്ക് വിക്ഷേപിച്ച ഹൃദയപേടകം നിലത്തിറങ്ങിയതും ചിത്രങ്ങളയച്ചു തുടങ്ങിയിരിക്കുന്നു. എയർപ്പോർട്ടിൽ വച്ചുതന്നെയെടുത്ത ചിത്രങ്ങൾക്ക് മൊത്തത്തിലൊരു പന്തികേട്....  കുലസ്ത്രീയായി കുറിതൊട്ട് ചെക്ക് ഇൻ ചെയ്ത ഭക്ത, കുട്ടിനിക്കറും സ്ലീവ്‌ലെസ്സുമിട്ട് കൂളിംഗ് ഗ്ലാസ്സും വച്ച്  ചെക്കൗട്ട് ചെയ്യുന്നു.  അടുത്ത ചിത്രം അതിലും ഭീകരം. അല്പവസ്ത്രധാരിണികളുടെ ഒരു സംഘമതാ ചുണ്ടു ചുമപ്പിച്ചു മുട്ടൻ കണ്ണടയും വച്ച് ഫാഷൻ പരേഡു നടത്തുന്നു. ഹാങ്ങോവറിന്റെ ഹലൂസിനേഷനല്ലെന്നുറപ്പുവരുത്താൻ കണ്ണുതിരുമ്മി ഒന്നു കൂടി നോക്കി. ഇല്ല ... മായയല്ല.... വാമഭാഗം നടുക്കുതന്നെയുണ്ട്.  ഈശ്വരാ..' ഇതെന്തു മാജിക്ക്....? 

അധികം വൈകിയില്ല. നാട്ടിൽ നിന്നും  പല ബന്ധുക്കളും വിളിക്കാൻ തുടങ്ങി. എനിക്കു കിട്ടിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്രേ.. തീർത്ഥാടന സംഘം മത്സരിച്ചു പോസ്റ്റു ചെയ്യുകയാണ്. അതു കണ്ട് അവളുടെ രാവുകളുടെ പോസ്റ്റർ ഓർമ്മ വന്ന കാരണവന്മാരുടെ സദാചാര ബോധം സട കുടഞ്ഞെഴുന്നേറ്റു..  ആ ചിത്രങ്ങൾ കുടുംബത്തിനു പേരുദോഷമുണ്ടാക്കുമത്രേ... പക്ഷേ സ്ത്രീവിമോചന പക്ഷം അതൊരു വിമോചന സമരമായിട്ടാണെടുത്തിരിക്കുന്നത്. ഭക്ത സംഘം അവരുടെ വിമോചനപ്പോരാളികളായിരിക്കുന്നു.  പൊളിച്ചു.... ഇതു വിപ്ലവം.... അടിമച്ചങ്ങലയഴിയട്ടെ.....പട്ടായ കൂടി കീഴടക്കിയേ മടങ്ങാവൂ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ അടുക്കള സമൂഹത്തിന്റെ  കമന്റ്സ് . ഫെമിനിസ്റ്റ് ആരാധികമാർ തലങ്ങും വിലങ്ങും നിക്കർ വിപ്ലവത്തിന്റെ ഫോട്ടോസ് ഷെയർ ചെയ്യുകയാണ്. ഏതായാലും ഭാര്യയും സംഘവും ഒറ്റ ദിവസം കൊണ്ട് വൈറലായിരിക്കുന്നു.. 

അധികം വൈകാതെ ഭർത്താക്കന്മാർ ഓരോരുത്തരായി വിളി തുടങ്ങി. കാരണവക്കൂട്ടത്തിന്റെ ശകാരത്തേക്കാൾ തലയിൽ തുണിയിട്ടു നടക്കേണ്ടി വരുമോ എന്ന സംശയമാണ് പലർക്കും. മനോഹരമായി രചിക്കപ്പെട്ട എന്റെ തിരക്കഥയുടെ ആദ്യ റീലിൽ തന്നെ ഇങ്ങനൊരു ട്വിസ്റ്റുണ്ടാകുമെന്ന് ആരും കരുതിയില്ല. തുടക്കമിതാണെങ്കിൽ ഇനിയുള്ള നാലു ദിവസങ്ങൾ എന്താകുമോ എന്തോ....

ദിവസങ്ങളോരോന്നായ് കഴിഞ്ഞു. ഓരോ ദിവസവും നിക്കറിന്റെ വലിപ്പം കുറഞ്ഞു കുറഞ്ഞു ഒടുവിലത് സ്വിം  സ്യൂട്ടിലെത്തി.  അവയുടെ റീൽസ് ഇതിനകം ട്രന്റിംഗ് ആയിരിക്കുന്നു. ഏറ്റവും ഞെട്ടിച്ച ഫോട്ടോ , ഒഫിഷ്യൽ ഫോട്ടോഗ്രാഫറും ചാരനുമായി വിട്ട ഡ്രൈവർ രാധ,ഗോപികമാരുടെ നടുവിൽ ബർമുഡയിട്ടു ഓടക്കുഴലില്ലാതെ സ്വിംമ്മിഗ് പൂളിനടുത്തു നിൽക്കുന്നതായിരുന്നു.  ഒരിക്കലും കൂളിങ്ങ് ഗ്ലാസ്സ് വച്ചു കണ്ടിട്ടില്ലാത്ത വിനയാന്വിതന്റെ മുഖത്തിരിക്കുന്ന റയ്ബാൻ  എന്നെ തുറിച്ചു നോക്കുന്നതു പോലെ..... കൃഷ്ണനും ഗോപികമാരുമെന്നു കേട്ടിട്ടുണ്ട്. ഇതിപ്പോൾ രാധയും ഗോപികമാരുമായി. 

മൊബൈലടിച്ചു കൊണ്ടേയിരിക്കുന്നു...ഒരിക്കലും വിളിക്കാത്ത അകന്ന സുഹൃത്തുക്കൾ പോലും കുശലാന്വേഷണം നടത്താൻ വിളിക്കുന്നതാണ്. അവരുടെ സംസാരത്തിലുള്ള പരിഹാസച്ചിരി കേട്ടില്ലെന്നു നടിച്ചു. സംഗതി കൈവിട്ടു പോയി എന്നു തിരിച്ചറിഞ്ഞ ഞാൻ  ദിവസങ്ങൾ പിന്നെയും തള്ളി നീക്കുകയായിരുന്നു. അവസാന ദിവസം മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ കേക്കുമുറിക്കാൻ ഞാനും ബാങ്കോക്കിലെത്തി.

സ്പോൺസറുടെ ബർത്തു ഡേ ഗംഭീരമാക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വനിതാ രത്നങ്ങൾ സ്വയം മറന്ന് ക്ലബ്ബിൽ നിറഞ്ഞാടുന്നതു കണ്ട് പകച്ചു പോയി എന്റെ ബാല്യം.  ഇതൊക്കെയിവർ ദിവസങ്ങൾ കൊണ്ടു പഠിച്ചെടുത്തതോ കഴിഞ്ഞ ജന്മത്തിന്റെ ബാക്കിപത്രമോ..?  ഫോട്ടോഗ്രാഫർ രാധ അർദ്ധരാത്രിയായിട്ടും റയ്ബാൻ ഊരിയിട്ടില്ല.  അവരെപ്പേടിച്ച് പുരുഷ കേസരികൾ സ്ഥലം വിടുന്ന അവസ്ഥ. .ആയ കാലത്തൊന്നും ഇതു പോലൊന്നടിച്ചു പൊളിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നോർത്തപ്പോൾ സ്വയം പുച്ഛം തോന്നിയ നിമിഷങ്ങൾ. നൃത്തച്ചുവടുകൾ വഴങ്ങാത്ത ഞാൻ ഹാളിന്റെ ഒരു മൂലപിടിച്ചിരിപ്പാണ്. അതിരാവിലെയുള്ള ഫ്ലൈറ്റിൽ അവരെല്ലാം മടങ്ങും.ജപ്പാനിലേക്കുള്ള എന്റെ ഫ്ലൈറ്റു തൊട്ടു പുറകേയാണ്.   അതിനിടയ്ക്ക് പോപ്പ് കോൺ , കുക്കീസ് . ഗമ്മീസ് തുടങ്ങിയവ വേണോ എന്നാരോ ചോദിച്ചു കൊണ്ടു വന്നു.. പോരട്ടെയെന്നു പറഞ്ഞതും സംഗതി മുന്നിൽ വന്നു . ബോറഡി മാറ്റാൻ  കപ്പലണ്ടി കൊറിയ്ക്കുന്നതുപോലെ അതോരാന്നായി എടുത്തടിച്ചുതുടങ്ങി. 

സ്പോൺസറുടെ ബർത്തേ ഡേ കേക്കു മുറിയ്ക്കാൻ സമയമായി. ഇത്രയും ഗംഭീര പാർട്ടി സംഘടിപ്പിച്ചതിലുള്ള സന്തോഷത്തിൽ റിട്ടേൺ ഗിഫ്റ്റായി എന്തു വേണമെന്ന് അറിയാതെ ചോദിച്ചതേ ഓർമ്മയുള്ളൂ.  അടുത്ത വർഷം ഭക്തയാത്രയുടെ സീസൺ ടു ആംസ്റ്റർഡാമിലേക്ക് ഉണ്ടാകുമെന്നും അതിന്റെ സ്പോൺസറാവാനുള്ള അവസരവും എനിക്കു തന്നെയായിരിക്കുമെന്ന് ഒരു കുരുട്ടു ബുദ്ധിക്കാരി ഏകപക്ഷീയമായി പറയുകയും സംഘം  കയ്യടിച്ചു പാസാക്കുകയും ചെയ്തത് നിർവ്വികാരനായി എനിക്ക് നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ..... കയ്യടിക്കു കൂട്ടു നിന്ന സംഘത്തലൈവി ഭാര്യ, താനടുത്ത മാസം മറ്റൊരു ഭക്തസംഘത്തോടൊപ്പം ആംസ്റ്റർ ഡാം തീർത്ഥാടനത്തിന് പോകുന്നതു കൊണ്ട്  ലൊക്കേഷൻ മാറ്റണമെന്ന് പറയുന്നത് കേട്ട്,  കന്നിനെ കയം കാണിക്കരുതെന്ന് പറയുന്നതിന്റെ ശരിയായ അർത്ഥം ഞാൻ തിരിച്ചറിഞ്ഞു.

സംഘം മുഴുവൻ അർമാദിച്ചു 
പാപ്പരായിക്കഴിഞ്ഞതു കൊണ്ട് സ്പോൺസർക്കു കിട്ടിയ പാർട്ടിയുടെ ബില്ലും സ്പോൺസർക്കു തന്നെ  കിട്ടിയപ്പോൾ ഞാൻ പോലുമറിയാതെ കൈ പേഴ്സിലേക്കു നീണ്ടു.എന്നിൽ വരുന്ന . ചില മാറ്റങ്ങൾ മെല്ലെ മെല്ലെ ഞാനറിഞ്ഞു തുടങ്ങി.. സംഘാഗങ്ങളുടെ  എണ്ണം കൂടുന്നതു പോലെ... എന്തോ ഒരു പ്രശ്നം....നാക്കനങ്ങുന്നില്ല... കാലു നിലത്തുറയ്ക്കാത്തതു പോലെ... തല കറങ്ങുന്നതോ ഭൂമി ചുറ്റും കറങ്ങുന്നതോ.... അഘോരിയായി രൂപപരിണാമം സംഭവിക്കുന്നുവോ..?മുന്നിൽ ഹിമാലയ സാനുക്കൾ.... ചുറ്റും നൃത്തം ചെയ്യുന്ന അഘോരികൾ....സംഘത്തിന്റെ അവസ്ഥയും മോശമല്ല. ചില ഝാൻസി റാണിമാർ വാളുവയ്ക്കുന്നു. ചിലർ അട്ടഹസിക്കുന്നു. ഗോഡ് ഫാദർ സിനിമയിൽ ശങ്കരാടിയ്ക്കു കണ്ണട വച്ചു കൊണ്ടു പോകുന്നതു പോലെ ചിലരെ കണ്ണട വച്ചു വണ്ടിയിൽ കയറ്റുന്നു.

ഓർമ്മ വരുമ്പോൾ ഞാൻ ഹോട്ടൽ മുറിയിലാണ്. സമയം നോക്കി.
ജപ്പാനു പോകേണ്ട ഫ്ലൈറ്റ് അവിടെത്തിക്കാണും...  എന്നെ സുരക്ഷിതമായി ഹോട്ടലിലെത്തിച്ച സ്ത്രീവിമോചനസംഘം ദുബായിലെത്തിയതായി ഭാര്യയുടെ മെസ്സേജ് വന്നിട്ടുണ്ട്.  സ്ത്രീശാക്തീകരണത്തിന്റെ അപാരത.....ബാങ്കോക്കിലെ പോപ്കോണും കുക്കീസും ഗമ്മീസും സാധാരണക്കാരല്ലെന്നും   അതറിയാതെ ഏകലവ്യനായി കപ്പലണ്ടി പോലെടുത്തടിച്ചാൽ  വലിയ വില കൊടുക്കേണ്ടി വരും എന്ന ഭാര്യയുടെ മുന്നറിയിപ്പവഗണിച്ചെങ്കിലും  അനുഭവത്തിലൂടെ ആ പാഠം പഠിച്ച ഞാൻ, ടാക്സിക്കു ക്രെഡിറ്റ് കാർഡിൽ എന്തെങ്കിലും ബാക്കിയുണ്ടോ എന്നറിയാൻ മൊബൈൽ തപ്പിത്തുടങ്ങി

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ