സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

ക്യാമ്പസ്‌ ഇന്റര്‍വ്യു നടത്താന്‍ നാട്ടിലെ പ്രശസ്തമായ ഒരു പ്രൊഫഷണല്‍ കോളേജില്‍ ഒരിയ്ക്കല്‍ പോകേണ്ടി വന്നു . പട്ടാളത്തില്‍ നിന്നു വിരമിച്ച കിലുക്കത്തിലെ തിലകനെപ്പാേലൊരു മീശക്കാരന്‍ ഭീകരനാണു പ്രിന്‍സിപ്പല്‍. ഉദ്ദേശലക്ഷ്യമറിഞ്ഞിരുന്നിട്ടും ബഹുകേമമ്മാരെന്ന പട്ടം ചാര്‍ത്തി പുഷ്ടിയില്ലാത്ത ഒരഞ്ചു പേരെ പുള്ളി മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. വലിയ കപ്പലുകളുടെ പത്തുനിലപ്പൊക്കമുള്ള ടാങ്കിലെ കുത്തനെയുള്ള ഏണിയിലും മറ്റും വലിഞ്ഞു കയറി പരിശോധന നടത്താന്‍ ആരോഗ്യവും ചുറുചുറുക്കുമുള്ള ഒരാളെയാണെനിയ്ക്കു വേണ്ടിയിരുന്നത്‌. ഈ കാറ്റടിച്ചാല്‍ പറന്നു പോകുന്ന ജന്മങ്ങളെ കൂുടെക്കൂട്ടിയാല്‍ ബാധ്യതയാകുമെന്ന്‌ ഉപബോധമനസ്സു പറഞ്ഞു തുടങ്ങി. എങ്കിലും പുതുതലമുറയുടെ സോഫ്റ്റ്‌ സ്കില്‍സ്‌ എങ്ങനെയുണ്ടെന്നിയാന്‍ തയ്യാറാക്കിക്കൊണ്ടുവന്ന ചോദ്യാവലി അഞ്ചു പേര്‍ക്കും കൊടുത്തു. ഫലം തീര്‍ത്തും നിരാശാജനകമായിരുന്നു. കേമന്മാരുടെ അവസ്ഥയിതാണെങ്കില്‍ മറ്റുള്ളവരെന്തായിരിയ്ക്കുമോ എന്തോ… !!


എന്റെ അഭിപ്രായം പോലും ചോദിയ്ക്കാതെ പ്രിന്‍സിപ്പല്‍ ഇന്റര്‍വ്യു സ്വയമങ്ങു തുടങ്ങി. അഞ്ചു പേരില്‍ സോഡാഗ്ലാസ്സു വച്ച ഒരു ബുദ്ധിജീവി നിറഞ്ഞാടി. ആരോ പറഞ്ഞു പഠിപ്പിച്ച പോലെ. പക്ഷേ (𝑎+𝑏)2 ന്റെ പ്രയോഗികത എന്തെന്ന എന്റെ ഒറ്റ ചോദ്യത്തിനു മാത്രം ഉത്തരം കിട്ടിയില്ല. അവനെപ്പോലൊരു ബുദ്ധിജീവി ആ കോളേജിലില്ലത്രേ. മീശയ്ക്ക്‌ എങ്ങനെയെങ്കിലും ആ ബുജിയെ എന്റെ തലയില്‍ കെട്ടിവയ്ക്കണമെന്നു നിര്‍ബന്ധം.പെട്ടെന്നാണ്‌ നല്ല ഉയരവും ചുറുചുറുക്കുമുള്ള
കായിക താരമെന്നു തോന്നിപ്പിയ്ക്കുന്ന ഒരു പയ്യന്‍ മുറിയിലേയ്ക്ക്‌ ഇടിച്ചു കയറി വന്നത്‌.
സര്‍, ‘ഫ്രഷേഴ്‌സ്‌ ഡേ ഇന്നലെ കഴിഞ്ഞതാണ്‌. അവന്മാര്‍ വീണ്ടും റാഗിംങ്ങ്‌ തുടങ്ങിയിട്ടുണ്ട്. സാറതു നിര്‍ത്തിച്ചില്ലെങ്കില്‍ ഞങ്ങൾ സൂപ്പര്‍ സീനിയേഴ്‌സ്‌ പിടിച്ചു പൊട്ടിയ്ക്കും. സെക്കന്‍ഡ്‌ ഫ്ളോറില്‍ ചെന്നാല്‍ കയ്യോടെ പൊക്കാം.’
മീശ പുറത്തേയ്ക്ക്‌ പാഞ്ഞതും അവനെന്റെ നേരെ തിരിഞ്ഞു. ‘സാര്‍ ഞാന്‍ ശോഭരാജ്‌. ഇവിടുത്തെ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനാണ്‌. സാറിന്റെ കമ്പനിയ്ക്കു പറ്റിയ അടിപൊളി പിള്ളേര്‍ ഞങ്ങളുടെ ടീമിലുണ്ട്‌. പ്രിന്‍സിപ്പലിന്റെ വാക്കു കേട്ട്‌ ഈ അഞ്ചു പാഴുകളിലാരെയും എടുക്കരുത്‌ പ്ലീസ്‌. പ്രത്യേകിച്ച്‌ ആ സോഡാക്കുപ്പിയെ. അവന്‍ വലിയ പുലിയാണെന്നൊക്കെ അങ്ങേര്‌ പറഞ്ഞെന്നിരിയ്ക്കും.. ശരിയ്ക്കു പറഞ്ഞാല്‍ പുള്ളിക്കാരന്റെ പ്രധാന ശിങ്കിടിയും ചാരനുമാണാ വിഷം. ആ പണിയും രഹസ്യമായ്‌ ചെയ്യാനറിയില്ല. പാകിസ്ഥാന്റെ ചാരനാക്കിയാല്‍ ഇന്ത്യ രക്ഷപെടും. കഴിഞ്ഞ ഹോസ്റ്റല്‍ ഡേയ്ക്ക്‌ അവനെ ഒരു പണിയേല്‍പ്പിച്ചിട്ട്‌ ഒടുവില്‍ ‘ഹോസ്റ്റല്‍ ഡേ’ തന്നെ വേണ്ടെന്നു വയ്ക്കേണ്ടി വന്നു. ഇന്‍ഡസ്ട്രിയ്ക്കു ശാപമാകാന്‍ പോകുന്ന ജന്മം. എങ്ങനെങ്കിലും അമേരിയ്ക്കക്കു കടക്കണമെന്ന ഒറ്റ ചിന്തയേ അവനുള്ളു. ഈ കുരിശിനെയെങ്ങാനും തിരഞ്ഞെടുത്താല്‍ സാറീ കോളേജില്‍ നിന്നും വേറൊരുത്തനെ ഈ ജന്മമെടുക്കില്ല. സപ്ലിയുണ്ടെന്നു പറഞ്ഞാണ്‌ ഞങ്ങളെയൊക്കെ ഒഴിവാക്കിയത്‌. ഇവിടെ താങ്ങി നിന്നില്ലെങ്കില്‍ ഇന്റേണല്‍ കിട്ടില്ല. ഇന്റേണല്‍ മാര്‍ക്ക്‌സ്‌ കുറഞ്ഞാല്‍ സപ്ലിയൊന്നെങ്കിലു൦ ഉറപ്പ്. കഴിഞ്ഞ വര്‍ഷം രഞ്ജിയുടെ സെലക്ഷന്‍ ക്യാമ്പിനു പോയി, അറ്റന്റന്‍സ്‌ കുറഞ്ഞതു കാരണം എന്റെ ഒരു കൊല്ലമാണ്‌ പോയത്‌. ഇനിയതെഴുതിയെടുക്കണമെങ്കില്‍ ആറു മാസം കൂടിക്കഴിയണം. പരാജയം ധൈര്യപൂര്‍വ്വം നേരിട്ടു മറികിടക്കുന്നവരെയല്ലേ സാര്‍ ഇന്റഡസ്ട്രിയ്ക്കു ശരിയ്ക്കും വേണ്ടത്‌?” അവന്‍ പറഞ്ഞു നിര്‍ത്തി.


എനിയ്ക്കവനെ ഒത്തിരി ഇഷ്ടമായി. കയ്യിലിരുന്ന ചോദ്യപ്പേപ്പര്‍ ഒരെണ്ണം അവനും കൊടുത്തു. നിന്ന നില്‍പ്പില്‍ അഞ്ചു മിനിട്ടു കൊണ്ടവന്‍ മുഴുവന്‍ പൂര്‍ത്തിയാക്കി. ഉത്തരങ്ങള്‍ കണ്ട ഞാന്‍ ശരിയ്ക്കും ഞെട്ടിയെന്നതാണു സത്യം.. സാമാന്യബുദ്ധിയിലും പ്രായോഗിക ബുദ്ധിയിലും മാത്രമല്ല കണക്കിലുമവന്‍ അഗ്രഗണ്യനെന്നുറപ്പ്.
ഇതില്‍ ചോദിച്ചിരിയ്ക്കുന്നതെല്ലാം ക്രിക്കറ്റ്‌ കളിയില്‍ ഞങ്ങള്‍ സ്ഥിരം പരിശീലിക്കുന്നതാണ്. പ്രത്യേകിച്ച്‌ ക്യാപ്റ്റന്മാർ. നേതൃപാടവം, വിജയലക്ഷ്യം, തീരുമാനമെടുക്കാനുള്ള വേഗത, ടീം ബില്‍ഡിംഗ്‌, സാമാന്യബോധം, ബുദ്ധികൂര്‍മ്മത, സമയനിഷ്ഠ, ധാര്‍മികത, ആശയ വിനിമയം, നയതന്ത്രജ്ഞത , ശാരീരികക്ഷമത, സേഫ്റ്റി, മോട്ടിവേഷന്‍, അഭിനന്ദനം, ആഘോഷങ്ങള്‍, നിസ്വാര്‍ത്ഥത, മന:ശാസ്ത്രം, പൊരുതിക്കയറാനുള്ള ആര്‍ജ്ജവം, സ്പോര്‍ട്ട്സ്‌ മാന്‍ സ്പിരിറ്റ്‌, മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും, റണ്‍റേറ്റിനെ ആധാരമാക്കിയുള്ള കണക്കുകൂട്ടലുകള്‍, കളിയുടേയും കളിക്കാരുടേയും വിവരശേഖരണം… തുടങ്ങി ആരെപ്പോൾ എങ്ങനെയെറിയണം, എങ്ങനെ ഫീല്‍ഡ്‌ സെറ്റാക്കണം, വിക്കറ്റു വീണില്ലെങ്കിലും എങ്ങനെ സമചിത്തത വിടാതെ മുന്നേറണം, ടോസുകിട്ടിയാല്‍ എന്തു തീരുമാനിയ്ക്കണമെന്നു വരെ ഓരോ കളിയിലും നുറു കൂട്ടം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാലേ ക്യാപ്റുനായി തിളങ്ങാനാവു. പ്രോജക്റ്റ്‌ മാനേജ്മെന്റും ക്രൈസിസ്‌ മാനേജ്മെന്റും നിരീക്ഷണ പാടവവും, പ്ലാന്‍ ബി യും പരാജയങ്ങളെ നേരിടാനുള്ള മനോബലവും മറ്റും അറിയാതെ പഠിച്ചു പോകും സാര്‍’. അത്ഭുതപ്പെട്ടു നിന്നയെന്നോടവന്‍ ക്രിക്കറ്റിലുടെ നേടിയെടുത്ത സോഫ്റ്റ്‌ സ്കില്ലുകളെക്കുറിച്ച്‌ ആവേശത്തോടെ പറഞ്ഞു.
ഇവിടിപ്പോഴും റാഗിങ്ങുണ്ടോ എന്ന എന്റെ ചോദ്യത്തിന്‌ മീശയെ ഒഴിവാക്കി എന്നെക്കാണാന്‍ പ്രയോഗിച്ച നമ്പരാണെന്നു പറഞ്ഞപ്പോഴാണവന്റെ ശരിയ്ക്കുള്ള റേയ്ഞ്ചെനിയ്ക്കു മനസ്സിലായത്‌. മീശ വരുന്നതു കണ്ട്‌ തന്റെ ഫോണ്‍ നമ്പര്‍ എഴുതിയ ഒരു പേര്‍ എനിയ്ക്കു തന്ന്‌ ഒന്നും സംഭവിയ്ക്കാത്ത പോലെ പുറത്തേയ്ക്കു പോയപ്പാേൾ നീ വെറും ശോഭരാജല്ലടാ ചാള്‍സ്‌ ശോഭരാജാണ്‌ എന്നു പറയണമെന്നു തോന്നിപ്പോയി. ഏതായാലും മീശയുടെയടുത്തു നിന്നും ആരുമറിയാതെ അവനെയും കൊണ്ടാണന്നു ഞാന്‍ തിരിച്ചു പോന്നത്‌. പിന്നീടെന്നോ തിരിച്ചു പോയവന്‍ സപ്ലെിയൊക്കെ എഴുതിയെടുത്തത്രേ. അല്ലെങ്കില്‍ തന്നെ അണ്ണാന്‍ കുഞ്ഞിനു മരം കയറാന്‍ സര്‍ട്ടിഫിക്കറ്റെന്തിനാ ?
ഏതായാലും ശോഭരാജ്‌ കാട്ടിത്തന്ന ക്രിക്കറ്റിന്റെ സാദ്ധ്യതകള്‍ എന്റെ മാനേജ്മെന്റ്‌ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിച്ചു. രണ്ടു പതിറ്റാണ്ടുകള്‍ കൊണ്ടു കമ്പനി എം ഡി ആയ അവന്‍ ഒരിയ്ക്കലും എന്നെ നിരാശപ്പെടുത്തിയില്ല. ഒപ്പം അവന്‍ വെട്ടിയ വഴിയിലൂടെ പിന്‍ തുടര്‍ന്നെത്തി സ്വന്തം ഡിവിഷനുകള്‍ തുടങ്ങിയ ഇരുപത്തഞ്ചോളം ജൂനിയര്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്മാരും. ഈ പ്രായത്തിലും കൃത്യമായി മിഡില്‍ സ്റ്റമ്പ് എറിഞ്ഞിടുന്ന തന്റെ കഴിവിന്റെ രഹസ്യം ഒരിയ്ക്കലെന്നോടവന്‍ വെളിപ്പെടുത്തി. തന്റെ ക്രിക്കറ്റ്‌ ഭാവി തുലച്ച മീശയുടെ മുഖം ബാറ്റ്സ്മാനില്‍ കാണാന്‍ കഴിയുന്ന നിമിഷം മിഡില്‍ സ്റ്റബ് ഒരജ്ഞ്യാത ശക്തി തെറിപ്പിച്ചിരിയ്ക്കുമത്രേ. ബൗളറിലാണതു കാണുന്നതെങ്കില്‍ സിക്സറുമുറപ്പ്‌. പക്ഷെ ബൗളറില്‍ ആരുടെ മുഖം കാണുമ്പോഴാണ്‌ സ്വന്തം കുറ്റിതെറിയ്ക്കുന്നതെന്നു മാത്രമവന്‍ പറഞ്ഞില്ല…!!


സോഹൻ റോയ്

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ