പുച്ഛഗാഥ

ദുബായില്‍ ഫിലിപ്പിനോ മെയിഡിനെ വയ്ക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്‌. അതു കൊണ്ട്‌ വീട്ടിലൊരു ഫിലിപ്പിനോ
മെയിഡിനെ വയ്ക്കണമെന്ന ഭാര്യയുടെ നിര്‍ദ്ദേശം തീരെ പ്രോത്സാഹിപ്പിച്ചില്ല. ഞാനുഴപ്പുകയാണെന്നു കക്ഷിയ്ക്കു മനസ്സിലായി. വാശിക്കാരിയാണ്‌. എന്റെ സഹായമില്ലെങ്കിലും കാര്യം നടത്തുമെന്ന ഉഗ്രപ്രതിജ്ഞയങ്ങെടുത്തു. അഞ്ഞുറാനോടാണോടാ കളി. … ഇന്റീരിയര്‍ ഡിസൈനില്‍ സ്വന്തം സ്ഥാപനമുള്ള ഭാര്യയിലെ ഫെമിനിസ്റ്റ്‌ പിന്നൊന്നും നോക്കിയില്ല. പത്രത്തില്‍ വിളിച്ചൊരു പരസ്യം അന്നു തന്നെയിട്ടു.

ഓണ്‍ലൈനില്‍ പരസ്യം വന്നയുടന്‍ തന്നെ ഒരു ഏജന്റ് വിളിച്ചു. മലയാളിയാണ്‌. അവധിയ്ക്കു നാട്ടില്‍ പോയതാണെങ്കിലും ഭാര്യയുടെ പരാക്രമം കണ്ടപ്പോൾ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആളെയിറക്കാമെന്നുറപ്പു നല്‍കി. ആദ്യം വിസിറ്റ്‌ വിസയില്‍ കൊണ്ടു വരും, പിന്നീടു വിസയ്ക്കു കൊടുക്കാം. ഏജന്റിന്റെ സ്ട്രാറ്റജി സ്പീക്കറിൽ കേട്ട്‌ കുറഞ്ഞതു രണ്ടു മാസമെടുക്കുമെന്നു പറഞ്ഞുഴപ്പിയിരുന്ന എന്നെ ഭാര്യ പുച്ഛത്തോടെ നോക്കി. ഏജന്റു ഹീറോയും ഞാന്‍ സീറോയുമായ നിമിഷങ്ങള്‍.

ഏജന്റിന്റെ വാക്കു കേട്ട്‌ ആളെ ഇറക്കിയാല്‍ പണിയെടുക്കുമെന്നുറപ്പുണ്ടോ’ നിരുത്സാഹപ്പെടുത്താന്‍ ഞാനൊരവസാന ശ്രമം നടത്തി. ഉച്ചത്തിലുള്ള എന്റെ ശബ്ദം അങ്ങ്‌ ഇന്ത്യയില്‍ വരെ കേട്ടു .

‘മാഡം വിഷമിയ്ക്കണ്ട. ഞാന്‍ രണ്ടു പേരെത്തരാം. ഒരാഴ്ച്ച പണിയും ഭാഷയും കണ്ടു ബോധിച്ച്‌, അതില്‍ നല്ലയാളെയെടുത്താല്‍ മതി’ ഏജന്റ്‌ മറുവെട്ടു വെട്ടിയതെന്റെ മര്‍മ്മത്താണു കൊണ്ടത്‌. ഭാര്യയ്ക്കു വീണ്ടും പുച്ഛം. അതിനെക്കാൾ എന്നെ തളര്‍ത്തിയത്‌ അവര്‍ പറഞ്ഞ തുക കേട്ടപ്പോഴാണ്‌. മൊത്തം ഫ്ളൈറ്റ്‌ ടിക്കറ്റടക്കം വെറും ഏഴായിരം ദിര്‍ഹം. പകുതി ഇപ്പോള്‍ കൊടുക്കുക, പകുതി ആളെ ഇഷ്ട്ടപ്പെട്ടെടുക്കുമ്പോള്‍ മാത്രം. ശമ്പളം കേവലം 1500 ദിര്‍ഹം. ദ്രോഹി. ഞാന്‍ പറഞ്ഞിരുന്നത്‌ 2000 ശമ്പളവും പതിനായിരം ഫീസും ഒരു വര്‍ഷത്തെ ശമ്പളം ഡിപ്പോസിറ്റും റിട്ടേണ്‍ ടിക്കറ്റുമായിരുന്നു. അജഗജാന്തരത്തിന്റെ അര്‍ത്ഥം അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ തെളിയിച്ചു കൊടുത്തു.
‘തന്റെ ഉത്തരവാദിത്വബോധം കാട്ടാനെന്നവണ്ണം ഞാന്‍ കേള്‍ക്കെ ഭാര്യയുടെ സംശയ നിവാരണങ്ങളുടെ മാലപ്പടക്കം പൊട്ടിത്തുടങ്ങി.

‘ നിങ്ങളെ പരിചയമില്ലാതെ ഈ പറയുന്നതൊക്കെ ഞാനെങ്ങനെ വിശ്വസിയ്ക്കും ?”

‘മാഡത്തിനു ഞാന്‍ ഡോക്ടര്‍ ഐസക്കിന്റെ നമ്പര്‍ തരാം. കഴിഞ്ഞ മാസം ഒരു ഫിലിപ്പിനോയെ ഇതു പോലെ കൊടുത്തിരുന്നു. നേരിട്ടു വിളിച്ചു ചോദിച്ചോളു’ ഏജന്റിന്റെ വാക്കുകള്‍ വാമഭാഗത്തിന്‌ ശ്ശി പിടിച്ചു. എങ്കിലും സംശയങ്ങള്‍ തുടര്‍ന്നു. ഏജന്റ്‌ മണിമണിയായി ഓരോന്നിനുമുത്തരം നല്‍കിയപ്പോൾ ഭാര്യ പുച്ഛത്തോടെ വീണ്ടും
വീണ്ടുമെന്നെ നോക്കി. പുച്ഛങ്ങളേറ്റുവാങ്ങാന്‍ എന്റെ ജീവിതം ബാക്കി വച്ചു കൊണ്ടവൾ ഫോണ്‍ കട്ട് ചെയ്തു.
പിന്നെല്ലാം പെട്ടെന്നായിരുന്നു. അഡ്വാന്‍സ്‌ കൊടുത്തു. പാര്‍ട്ട്‌ ടൈം മെയിഡിനോട്‌ വേറെ പണി നോക്കിക്കോളാന്‍ പറഞ്ഞു. ‘മെയ്‌ഡ്‌റൂം’ വൃത്തിയാക്കി. സുഹൃത്തുക്കളെയെല്ലാം വിളിച്ച്‌ തന്റെ ധീര പ്രവര്‍ത്തിയേയും എന്റെ പരാജയത്തേയും കുറിച്ച്‌ ഞാന്‍ കേള്‍ക്കെ പറഞ്ഞു കൊണ്ടേയിരുന്നു. കഴിവുകെട്ട ഭർത്താക്കന്മാരോടൊപ്പമുള്ള ദുരിത പൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ച്‌ ഫെമിനിസ്റ്റുകള്‍ ഒരു പ്രമേയം തന്നെ പാസാക്കി. വേണ്ടെന്നു വയ്ക്കുന്ന മെയിഡിനെ ഏറ്റെടുക്കാന്‍ കൂട്ടുകാരി തയ്യാറായപ്പോള്‍ ഏജന്റ്‌ ഫീയിലും ലാഭം. ഒരു വെടിയ്ക്കു രണ്ടു പക്ഷി.
അങ്ങനെ മെയിഡു വരുന്ന ആ ദിവസമെത്തി. ഏജന്റ് പുനെയില്‍ നിന്നു വിളിച്ചു. ഫിലിപ്പീന്‍സില്‍ നിന്നും ഒരു സംഘം പൂനയില്‍ എത്തിയിട്ടുണ്ട്‌. അന്ന്‌ വൈകിട്ട്‌ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റില്‍ അവര്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ദുബായ്ക്കു തിരിയ്ക്കും. ഏജന്റുമൊപ്പമുണ്ടാകും. അതു കൊണ്ടു പേടിയ്ക്കണ്ട. രാത്രിയില്‍ എയര്‍പ്പോര്‍ട്ടിലെത്തിയാല്‍ അപ്പോള്‍ത്തന്നെ കൂട്ടിക്കൊണ്ടു പോകാം. ഫിലിപ്പിനോ… മലേഷ്യന്‍ ഫ്ളൈറ്റ്‌… പുനെ. .. മൊത്തത്തിലൊരു കല്ലുകടി. എല്ലാം മനസ്സിലായ ഭാര്യയുടെ പുച്ഛഭാവം കാണാതിരിയ്ക്കാന്‍ ടെലിവിഷന്‍ വാര്‍ത്തയില്‍ മുഴുകി ഞാനിരുന്നു.
എയര്‍പ്പോര്‍ട്ടില്‍ നിന്നു ഏജന്റ്‌ വീണ്ടും വിളിച്ചു. ഫ്‌ളൈറ്റില്‍ കയറാന്‍ തുടങ്ങുന്നു. ഇനി ഫോണ്‍ ചെയ്താല്‍ കിട്ടില്ല. ദുബായില്‍ എത്തിയാലുടന്‍ വിളിയ്ക്കാം എന്നു പ്രത്യേകം പറഞ്ഞു. ഒരു വലിയ പ്രോജക്റ്റ്‌ വിജയകരമായി പൂര്‍ത്തിയാക്കിയ മട്ടില്‍ ഭാര്യ ഒരു ദീര്‍ഘനിശ്വാസം വിട്ടെന്നെ പുച്ഛിയ്ക്കാന്‍ നോക്കിയെങ്കിലും ഞാന്‍ കാണാത്തമട്ടിലിരുന്നു.
എയര്‍പ്പോര്‍ട്ട്‌ വീട്ടിനടുത്തായതു കൊണ്ട്‌ ഏജന്റിന്റെ ഫോണ്‍ വന്നിട്ടിറങ്ങിയാല്‍ മതി. പറഞ്ഞ സമയം കഴിഞ്ഞു. ഫോണ്‍ വിളിയെത്തിയിട്ടില്ല. ഏജന്റിന്റെ ഫോണില്‍ വിളിച്ചു നോക്കി. പരിധിയ്ക്കു പുറത്താണ്‌. വീണ്ടും കാത്തിരുന്നു. സമയം വളരെ വൈകിയിരിയ്ക്കുന്നു. മലേഷ്യന്‍ ഫ്ളൈറ്റാണ്‌. വിശ്വസിക്കാൻ പറ്റില്ല. ഇനിയാരെ വിളിച്ചു ചോദിയ്ക്കും. ഭാര്യയ്ക്കു ഫ്ളൈറ്റ്‌ നമ്പര്‍ അറിയത്തുമില്ല. പെട്ടെന്നാണെനിയ്ക്ക്‌ ഡോക്ടര്‍ ഐസക്കിന്റെ കാര്യമോര്‍മ വന്നത്‌. പുള്ളിക്കാരനെ വിളിച്ചാല്‍ ഏജന്റിന്റെ ദുബായ്‌ നമ്പര്‍ കിട്ടിയാലോ. അപ്പോഴാണറിയുന്നത്‌ ഐസക്കുമായി ഭാര്യ ഇതുവരെ സംസാരിച്ചിട്ടില്ലെന്ന്‌. ഒന്നു രണ്ടു തവണ വിളിച്ചപ്പോൾ കിട്ടിയില്ല. പിന്നൊട്ടു വിളിച്ചതുമില്ല. നമ്പരൊട്ടു സുക്ഷിച്ചിട്ടുമില്ല. ഏതായാലും എനിയ്ക്കു സമാധാനമായി. ഭാര്യയുടെ മുഖത്തെ സ്ഥായിയായ പുച്ഛഭാവം മങ്ങിത്തുടങ്ങിയിരിയ്ക്കുന്നു. അടുത്ത ദിവസം വിളി വരുമെന്നു ഞാന്‍ സമാധാനിപ്പിച്ചു.
അടുത്ത ദിവസമായി… ആരും വിളിച്ചില്ല. പാര്‍ട്ട്‌ ടൈം പണിക്കാരി വരാതായതോടു കുടി ഭാര്യയുടെ ഇന്റീരിയര്‍ ഡിസൈന്‍ അടുക്കളയിലായി.. മുഖത്തെ പുച്ഛഭാവം എന്നിലേക്കു കൂടി കയറിയോ എന്നൊരു സംശയം. ദിവസങ്ങള്‍ പലതു കഴിഞ്ഞു. ഏജന്റിന്റെ പൊടിപോലുമില്ല. ദുബായ്‌ എയര്‍പ്പോര്‍ട്ടില്‍ നുറുകണക്കിനു ഫ്‌ളൈറ്റുകള്‍ ദിവസവും വന്നിറങ്ങിക്കൊണ്ടിരുന്നു. പക്ഷെ അന്നു പൂനയില്‍ നിന്നു പറന്നു പൊങ്ങിയ മലേഷ്യന്‍ ഫ്ളൈറ്റു മാത്രം ഒരിയ്ക്കലും നിലം തൊട്ടില്ല.


സോഹൻ റോയ്‌

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ