“ഫ്രീ”ധനക്കെണി

അന്നെനിയ്ക്ക് ഇരുപത്തിനാലു വയസ്സ്. മർച്ചൻ്റ് നേവിയിൽ നിന്നും അവധിയ്ക്കു വന്ന സമയം. കൈ നിറയെ പണം. എങ്കിലും ഉള്ളിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മരിയ്ക്കാതെ കാത്തിരുന്നു. കല്യാണപ്രായമായില്ലെങ്കിലും വിവാഹലോചനകൾക്കു കുറവൊന്നുമില്ല. സ്ത്രീധന വിരോധിയായ എൻ്റടുത്തു വന്ന ആലോചനകളിൽ മിക്കതിലും പെൺകുട്ടിയുടെ ഫോട്ടോ ഇല്ലെങ്കിലും സ്ത്രീധനത്തിൻ്റെ കണക്കുകൾ വിശദമായുണ്ടായിരുന്നു. ഉള്ളിലെ കലാകാരൻ ഒരു കലാകാരിയെയാണു തിരയുന്നതെന്ന് എത്ര പറഞ്ഞിട്ടും ഒരു മാമയ്ക്കും മനസ്സിലായില്ല.

ആറു മാസത്തെ നീണ്ട അവധി തീരാൻ മൂന്നാഴ്ച കൂടി മാത്രം. കപ്പലിൽ കയറാനുള്ള അറിയിപ്പും കിട്ടി. പെണ്ണാലോചന തത്കാലം നിർത്തിവയ്ക്കാൻ തീരുമാനിച്ചപ്പോഴാണ് അടുത്ത ബന്ധു ഒരാലോചനയുമായി വരുന്നത്. ബന്ധുവിൻ്റെ സുഹൃത്തിൻ്റെ ഭാര്യയുടെ അനുജത്തിയാണ്. ഉയർന്ന കുടുംബം. ഇട്ടു മൂടാൻ പണം. ചേച്ചി സുന്ദരിയും കലാകാരിയുമാണ്. അതു കൊണ്ട് അനുജത്തിയും മോശമാവില്ല. ആകെയൊരു കുഴപ്പം മാത്രം. ആഢ്യത്വം കാണിയ്ക്കാൻ അവർക്ക് സ്ത്രീധനമായി ഒരു വലിയ വീടും പറമ്പും കാറും പത്തിരുനൂറു പവനും തന്നേ പറ്റൂ. പിറ്റേന്നു പെണ്ണു കാണൽ. രണ്ടു ദിവസം കഴിഞ്ഞു നിശ്ചയം. ഒരാഴ്ച കൂടിക്കഴിഞ്ഞു കല്യാണം. പിന്നൊരാഴ്ച ഹണിമൂൺ. അതു കഴിഞ്ഞു ഭാര്യയേയും കൂട്ടി കപ്പലിൽ പോകാം. ഇനി പോകാതെ വീട്ടിൽ തന്നെ കൂടിയാലും അവർക്കു സന്തോഷം. ചോദിയ്ക്കാതെ തരുന്ന ധനം സ്ത്രീധനമല്ലത്രേ. എന്നിലെ വിപ്ലവകാരി എതിർക്കുന്നതിനു മുൻപേ ബന്ധു പെണ്ണു കാണാൻ വാക്കു കൊടുത്തു.

മനസ്സില്ലാ മനസ്സോടെ പിറ്റേന്നു പെണ്ണു കാണാൻ ബൈക്കിൽ പുറപ്പെട്ടു. പെൺകുട്ടി ഹോസ്റ്റലിലാണ്. ബന്ധുവും കുട്ടിയുടെ ചേച്ചിയുടെ ഭർത്താവുമടക്കം എല്ലാവരുമവിടെയെത്തും. ലേഡീസ് ഹോസ്റ്റൽ ആയതു കൊണ്ട് ഒന്നിനു പകരം ഒരുപാടു പേരെ ഒരുമിച്ചു കാണാമല്ലോ എന്നാലോചിച്ചപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. ആ പൊട്ടലിൽ ശ്രദ്ധയൊന്നു പാളി. ഗട്ടറിൽ തൊട്ട ബൈക്ക് എന്നെയും കൊണ്ട് കാനയിൽ വീണു. കൂളിംഗ് ഗ്ലാസ്സ് പീസ് ..പീസ്. തലേന്നു വാങ്ങിയ സ്റ്റെലൻ ബ്രാൻഡഡ് ഫുൾസ്ലീവ് കൈമുട്ടിനു കീഴെ തൊലിയടക്കം കാണാനില്ല. അത്യാവശ്യം രക്തപ്രവാഹവും. ഹോസ്പിറ്റലിൽ പോകാനോ തിരിച്ചു പോയി വേഷം മാറാനോ സമയമില്ല. ലേഡീസ് ഹോസ്റ്റൽ ഏഴു മണിയ്ക്ക് അടയ്ക്കുകയും ചെയ്യും. ശകുനത്തിൽ വിശ്വസിയ്ക്കാത്ത സഖാവായതു കൊണ്ട് പിന്നൊന്നുമാലോചിച്ചില്ല . അടുത്തു കണ്ട പൈപ്പിൽ പോയി ചെളിയെല്ലാം കഴുകി. ഫൂൾക്കൈ തെറുത്തു വച്ചു. മെഡിയ്ക്കൽ സ്റ്റോറിൽ നിന്നും ബാൻഡ് എയ്ഡ് വാങ്ങിയൊട്ടിച്ചു. ഒരു വിധം വൈകാതെ ഹോസ്റ്റലിൽ എത്തി.

പെണ്ണുകാണൽ ചടങ്ങ് ഹോസ്റ്റലിൽ പാട്ടായെന്ന് ചെന്നപ്പോഴേ മനസ്സിലായി. വരി വരിയായി എൻ്റെ മുന്നിലേയ്ക്ക് നൂറിലേറെ സുന്ദരിമാർ ഉന്തിത്തള്ളിയെത്തി. ഇതിലാരാണാവോ എൻ്റെ ഭാവി വധു? സാരിയുടുത്ത് നമ്രശിരസ്കയായി നാണം കുണുങ്ങി സിനിമകളിലെത്താറുള്ള നായിക സുന്ദരിയെ കാത്തിരുന്ന എൻ്റെ മുന്നിലേക്ക് ഒടുവിൽ ഒരു നെടുവരിയൻ ചുരീദാർ വേഷധാരിണി എത്തി. മേട്രനായിരിയ്ക്കുമെന്നാണാദ്യം ധരിച്ചത്. പിന്നീടറിഞ്ഞു അതുതന്നെയാണു ജീവിത നാടകത്തിൽ ഒപ്പം അഭിനയിക്കേണ്ട നായികയെന്ന്. സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞ് ഡയറക്ടറോടു രണ്ടു പറഞ്ഞ് ഇറങ്ങിപ്പോക്കണമെന്നു കരുതുന്ന നായകൻ്റെ അവസ്ഥ. നായികയ്ക്ക് കലയുമായി പുലബന്ധമില്ലെന്നറിഞ്ഞപ്പോൾ വീണ്ടും ഞെട്ടി. മുഖത്തെ നിർവ്വികാരത വച്ച് ശവമായിപ്പോലും അഭിനയിക്കാൻ കഴിയില്ലെന്നുറപ്പ്. കപ്പൽ മുതലാളി അരിസ്റ്റോട്ടിൽ ഒനാസിസിൻ്റെ മകളായിരുന്നെങ്കിൽ പോലും ഈ കപ്പലിൽ കയറില്ലെന്ന് ഞാൻ തീരുമാനിച്ചു. പക്ഷെ എന്തു പറഞ്ഞൂരും. ബന്ധുവിൻ്റെ ഉറപ്പു കേട്ട് അവർ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പെണ്ണുകാണൽ ചടങ്ങിനു ശേഷം അടുത്തുള്ള ഒരു ബാറിലേയ്ക്കാണ് പെണ്ണിൻ്റെ ചേട്ടൻ ഞങ്ങളെ കൊണ്ടുപോയത്. ചെന്ന വഴിയ്ക്ക് എല്ലാവർക്കും ബിയർ പറഞ്ഞു. പ്രായത്തിൽ മൂത്ത ബന്ധുവിൻ്റെ മുന്നിലിരുന്ന് മുൻപ് മദ്യപിച്ചിട്ടില്ല. എങ്കിലും ക്ഷീണം മാറാനും എല്ലാം മറക്കാനും ഒറ്റയിരുപ്പിന് കുപ്പി തീർത്തു കഴിഞ്ഞപ്പോൾ നല്ല ഉന്മേഷം. നല്ല ആശ്വാസം . നഷ്ടപ്പെട്ട ധൈര്യമൊക്കെ പൂർവ്വാധികം ശക്തിയായി തിരിച്ചെത്തിയ പോലെ.

പെട്ടെന്നു ചേട്ടൻ്റെ ചോദ്യമെത്തി. ” അപ്പോൾ കുട്ടിയെ ഇഷ്ടപ്പെട്ടില്ലേ ? വിവാഹക്കാര്യങ്ങളെല്ലാം പറഞ്ഞതുപോലെ മുന്നോട്ടു പോകാമല്ലോ അല്ലേ? “

പിന്നെ സംസരിച്ചതെല്ലാം ഉള്ളിൽക്കിടന്ന കിങ്ങ് ഫിഷറായിരുന്നു. ഒരു കലാകാരിയെ മാത്രമേ വിവാഹം കഴിയ്ക്കാനാവൂ എന്നു പറയാനുള്ള ആർജ്ജവം 5 % ആൾക്കഹോളിനുണ്ട് എന്നു ഞാൻ തിരിച്ചറിഞ്ഞു.

വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി നാടുവിട്ട എന്നെത്തേടി ഒരു മാസം കഴിഞ്ഞപ്പോൾ ഇടിനാദം വാർത്തയുമായി വീട്ടിൽ നിന്നൊരു കത്തെത്തി. ഞാൻ കാണാൻ പോയ പെൺകുട്ടി , ചേച്ചിയുടെ ഭർത്താവിനോടൊപ്പം രണ്ടു മാസം ഗർഭവുമായി ഒളിച്ചോടിയത്രേ. ധൈര്യവും ആർജ്ജവും ഒന്നിച്ചു പകരുന്ന ബ്രാൻഡ് ഇറക്കിയ വിജയ് മല്യയ്ക്ക് ഒരിയ്ക്കൽക്കൂടി മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് ബന്ധു മാമയുടെ നമ്പരിനായി ഞാൻ ഡയറി പരതിത്തുടങ്ങി.

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ