കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര
വര്‍ഷങ്ങളായുള്ള ഭാര്യയുടെ സ്വപ്നമാണ് കൈലാസ ദര്‍ശനം. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അപകടം നിറഞ്ഞ ഹിമാലയന്‍ യാത്ര. മൂന്നു മാസത്തെയെങ്കിലും തയ്യാറെടുപ്പു വേണം ശരീരവും മനസ്സും അതിനു പാകപ്പെടുത്തിയെടുക്കാന്‍. അടിസ്ഥാനപരമായി കമ്യൂണിസ്റ്റായ ഞാന്‍ ആദ്യമേ മുങ്ങി. വിശ്വാസത്തില്‍ ഗവേഷണം നടത്തുന്ന ഭാര്യയുണ്ടോ വിടുന്നു. അഭ്യര്‍ത്ഥനയുടെ രൂപവും
ഭാവവും മാറിയപ്പോള്‍ ഞാന്‍ നിരുപാധികം കീഴടങ്ങി.
ഈശ്വര നിന്ദകനായ കമ്മ്യൂണിസ്റ്റേ ആയിരുന്നില്ല ഞാനൊരിക്കലും. സഹജീവിയെ തന്നേപ്പോലെ കാണാന്‍ ശ്രമിച്ച സഖാവിനുള്ളിലും, അജ്ഞാതമായ ഏതോ ഒരു ശക്തിയെ പ്രപഞ്ച സൃഷ്ടാവായ ദൈവമായി കാണാന്‍ മടിയില്ലാത്ത ഒരു മനസ്സുണ്ടായിരുന്നു. ആ ദൈവത്തിനു ജാതിയോ മതമോ രൂപമോ ഇല്ലായിരുന്നു. കര്‍മ്മദോഷത്തിലൂന്നിയ ദൈവഭയമായിരുന്നു ശരിതെറ്റുകളെ തിരിച്ചറിയാനും നേര്‍വഴി കാട്ടി പ്രവര്‍ത്തിക്കാനും എന്നും സഹായിച്ചിരുന്നത്. കുറച്ചു കാലം ആ
ദൈവത്തെ കൈലാസ നാഥന്‍റെ രൂപത്തില്‍ കണ്ടു കളയാമെന്ന് ഞാനൊടുവില്‍ തീരുമാനിച്ചു.
ഒരു ആത്മീയ സന്നിധി എന്നതിലുപരി ‘കൈലാസം’ എന്നും എന്നിലെ ശാസ്ത്രകുതുകിക്ക് ഒരു സമസ്യയായിരുന്നു. എന്തേ ഇന്നുവരെ ഒരാള്‍ പോലും 21778 അടി മാത്രം ഉയരമുള്ള അതിന്‍റെ നെറുകയില്‍ എത്തപ്പെട്ടിട്ടില്ല ? ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടു മടങ്ങുകയോ ജീവന്‍ ബലി കഴിക്കുകയോ ചെയ്തിട്ടുണ്ട്. എവറസ്റ്റു പോലും നിസ്സാരമായി കീഴടക്കിയവര്‍ ഭയത്തോടെ കാണുന്ന
ബാലികേറാമല. മുകളിലൂടെ പറക്കാന്‍ ശ്രമിക്കുന്ന ഹെലിക്കോപ്റ്ററുകളെ എടുത്തെറിയുന്ന കാന്തിക ശക്തി ബര്‍മുഡ ട്രയാംഗിളിനെക്കാള്‍ ഭീകരം. ഉഷ്ണകാലത്തുപോലും മഞ്ഞു പൊതിഞ്ഞു നില്‍ക്കുന്ന, നാലു മതങ്ങളുടെ പുണ്യസ്ഥാനം. അന്‍പതു കിലോമീറ്ററിലധികം പല കടമ്പകള്‍ താണ്ടി അതൊന്നു വലം വച്ചാല്‍ (പരിക്രമം) പരമമായ മോക്ഷം കിട്ടുമത്രേ.
കൈലാസത്തിനു സമീപം മാനസരോവരമുണ്ടെന്നും അവിടെ മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപങ്ങളും കഴുകപ്പെട്ട് മോക്ഷം ലഭിക്കുമെന്നുമൊക്കെ ചെറുപ്പം മുതല്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാര്‍വ്വതീദേവിയതില്‍ കുളിക്കാന്‍ വരുമെന്നും, ആ സമയം ചില അത്ഭുത വെളിച്ചവും പ്രത്യേക സുഗന്ധവും പരക്കുമെന്നും മുത്തശ്ശിമാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ‘രാക്ഷ സ്താല്‍ ‘ എന്ന മറ്റൊരു തടാകവും മാനസരോവരത്തിനടുത്തുണ്ടത്രേ. പണ്ട് രാവണന്‍ സൃഷ്ടിച്ചതുകൊണ്ടാണത്തരമൊരു പേരതിനു കിട്ടിയതെന്നാണു സങ്കല്പം. കമ്മ്യൂണിസ്റ്റാണെങ്കിലും ഉപബോധ മനസ്സില്‍ കിടന്നു പുകഞ്ഞു കൊണ്ടിരുന്ന ഇത്തരം കഥകള്‍ കൈലാസ യാത്രയ്ക്കു താത്പര്യം കൂട്ടിയെന്നതും സത്യം തന്നെ.
മൂന്നു മാസത്തെ പരിശീലനം
വാമഭാഗം, ആറു മാസം മുന്‍പു മുതലേ തയ്യാറെടുപ്പു തുടങ്ങി. ശരീരം നന്നാക്കാന്‍ വിദേശിയായ പ്രത്യേക പരിശീലക. ശ്വാസോഛ്വാസം നിയന്ത്രിക്കാന്‍ യോഗ പരിശീലനം. കുതിര സവാരി. പുറത്തു ഭാരം കയറ്റി മലകയറ്റം, തുടങ്ങി നിരവധി പരിശീലനങ്ങള്‍. ഇതെല്ലാം കണ്ട ഞാന്‍ ഞെട്ടി. ഒടുവില്‍ മൂന്നു മാസത്തെ പരിശീലനത്തിന് ഞാനുമിറങ്ങി. പ്രത്യേക ട്രെയിനറെത്തി. വ്യായാമവും, ഭക്ഷണ നിയന്ത്രണവും മരുന്നു സേവയും എല്ലാം കൂടി എന്നെ ഒരു വഴിക്കാക്കി എന്നതാണ് വാസ്തവം. ആദ്യ മെഡിക്കല്‍ ചെക്കപ്പില്‍ പരാജയപ്പെട്ടെങ്കിലും കഠിന പരിശീലനത്തിനൊടുവില്‍ ഞങ്ങള്‍ രണ്ടാള്‍ക്കും ഡോക്ടര്‍ പച്ചക്കൊടി കാട്ടി.
വിസയോ ? ഇപ്പ ശരിയാക്കിത്തരാം..!
കൈലാസനാഥ സങ്കല്പം ഭാരതീയന്‍റേതാണെങ്കിലും മാനസരോവരം ടിബറ്റിലായതുകൊണ്ടു ചൈനാക്കാര്‍ കനിഞ്ഞാല്‍ മാത്രമേ കൈലാസയാത്ര സാദ്ധ്യമാവൂ. മൂന്നു മാസം മാത്രം യാത്ര സാദ്ധ്യമാകുന്ന അവിടേക്ക് ഈ വര്‍ഷം കേവലം പതിനായിരം പേര്‍ക്കു മാത്രമാണ് സന്ദര്‍ശക വിസ ലഭിക്കുക…. അതും തിരക്കൊഴിവാക്കാന്‍ അവര്‍ തരുന്ന മുറയ്ക്ക്. ഏതാനും ദിവസത്തേക്കു മാത്രമുള്ള പെര്‍മിറ്റായിരിക്കും തരിക. അനുനിമിഷം മാറുന്ന കാലാവസ്ഥയായതു കൊണ്ട് അത് എപ്പോള്‍ തരുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. കാഠ്മണ്ഡുവിണ് ഏജന്‍റിന്‍റെ ഓഫീസ്. ഡല്‍ഹിയില്‍ പാസ്പോർട്ട് കൊടുത്തിട്ട് കാഠ്മണ്ഡുവില്‍ പോയി കാത്തു കിടക്കണം. ചൈനാക്കാര്‍ എപ്പോള്‍ ടിബറ്റ് പെർമിറ്റ് തരുന്നോ അതിനു ശേഷം മാത്രമേ വിസയ്ക്ക് അപേക്ഷിക്കാന്‍ പറ്റൂ .
കമ്മ്യൂണിസ്റ്റുകാര്‍ക്കു പ്രത്യേക പരിഗണനയൊന്നുമില്ല എന്നു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു..!!
നാല്‍പ്പത്തെട്ടു പേരടങ്ങുന്ന ഒരു സംഘമായിട്ടാണ് ഞങ്ങള്‍ ജൂണ്‍ എട്ടാം തീയതി കൊച്ചിയില്‍ നിന്നു ഡല്‍ഹി വഴി കാഠ്മണ്ഡുവിലേക്കു പോയത്. കൊണ്ടു പോകേസാധനങ്ങളുടെ നീണ്ട ലിസ്റ്റ് ഏജന്‍റ തന്നിട്ടുണ്ട്. കൊടും തണുപ്പിനെ നേരിടാനുള്ള ഡ്രസ്സും, ചെരിപ്പും, മരുന്നും, സ്നാക്സും, ടോര്‍ച്ചും, ചാര്‍ജ്ജറും, ടോയ്ലറ്റ് ടിഷ്യു, ചൈനീസ് കറന്‍സി, വോട്ടേഴ്സ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തുടങ്ങി കഞ്ഞി വയ്ക്കാനുള്ള അരി വരെ അതിലുണ്ട്. കൂടാതെ എന്തെങ്കിലും പറ്റിയാല്‍ ‘ബോഡി’ നാട്ടിലെത്തിക്കുവാനുള്ള ഇന്‍ഷുറന്‍സും. പാസ്പോര്‍ട്ട് നാട്ടിലെത്തിക്കുവാനുള്ള ഇന്‍ഷുറന്‍സും. പാസ്പോർട്ട് വിസക്കു കൊടുത്തിരിക്കുന്നതിനാല്‍ വോട്ടേഴ്‌സ് കാര്‍ഡുമായിട്ടു വേണം നേപ്പാളിലേക്കു കടക്കാന്‍.
ജീവിതത്തിന്‍റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ട്. ശങ്കരാചാര്യ മഠത്തിലെ സ്വാമികളടക്ക൦. പലരും പെന്‍ഷനായവര്‍. പതിനെട്ടു വയസ്സിനു മുമ്പും എഴുപതു വയസ്സിനു ശേഷവും കൈലാസയാത്ര ഭാരത സര്‍ക്കാര്‍ നടത്തുന്ന യാത്രകളില്‍ അനുവദിക്കില്ല. സ്വകാര്യ ടൂര്‍ ഓപറേറ്റേഴ്സിന് ഇതു ബാധകമല്ല. രണ്ടു ദിവസത്തിനകം കാഠ്മണ്ഡു വിടാം എന്ന ഉറപ്പാണ് ഏജൻറ് തന്നിരുന്നത്. ആ രണ്ടു ദിവസം അവിടുള്ള നിരവധി ക്ഷേത്രങ്ങള്‍ ദര്‍ശിക്കേണ്ടതായുമുണ്ട്. കൂടാതെ വിമാനത്തില്‍ എവറസ്റ്റ് വീക്ഷണവും. പക്ഷെ കഷ്ടകാലമെന്നേ പറയേണ്ടൂ കൈലാസത്തിലെ കാലാവസ്ഥ മാറിയതിനാല്‍ ടിബറ്റിലേക്കുള്ള പെർമിറ്റ് കിട്ടാതായി. ദിവസങ്ങള്‍ നീണ്ടു. ഒരന്‍പതു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി കഴിഞ്ഞിരിക്കുന്നു. പക്ഷെ വിസയുടെ കാര്യത്തില്‍ മാത്രം ഒരു തീരുമാനമായിട്ടില്ല. ഭക്തി യാത്രയാണെന്നു പറഞ്ഞിട്ടെന്താ കാര്യം ! ക്ഷേത്ര ദര്‍ശനത്തിനും ഒരു പരിധിയില്ലേ. എല്ലാവര്‍ക്കും ക്ഷമ നശിച്ചു തുടങ്ങി. പലരും ലീവെടുത്ത് വിദേശത്തു നിന്നും വന്നിട്ടുള്ളവരാണ്. തിരിച്ചു സമയത്തിനു ചെന്നില്ലെങ്കില്‍ കൈലാസനാഥന്‍ വിചാരിച്ചാല്‍ പോലും രക്ഷയുണ്ടാവില്ല.
നീണ്ട എട്ടു ദിവസത്തെ കാത്തിരുപ്പിനു ശേഷം പെർമിറ്റ് കിട്ടി. ഇനി വിസ വരണം. ഞങ്ങള്‍ നേപ്പാള്‍ ഗഞ്ചിലേക്ക് പുറപ്പെട്ടു. ചുട്ടുപൊള്ളുന്ന ചൂടാണവിടെ. ഇനിയുള്ള യാത്ര പതിനഞ്ചു പേര്‍ക്കു മാത്രം കയറാവുന്ന ചെറിയ വിമാനത്തില്‍ സിമിക്കോട്ടിലേക്കും അവിടുന്ന അഞ്ചു പേര്‍ക്കു മാത്രം കയറാവുന്ന ഹെലിക്കോപ്റ്ററില്‍ നേപ്പാളിന്‍റെ അതിര്‍ത്തി ഗ്രാമമായ ഹില്‍സയിലേക്കും. ലഗ്ഗേജു മുഴുവന്‍, നേപ്പാള്‍ ഗഞ്ചില്‍ വച്ച് ഏജൻറ് തരുന്ന ചെറിയ രണ്ടു ബാഗിലാക്കി വേണം ഇനിയുള്ള യാത്ര. പടിപടിയായി തണുപ്പു കൂടും. ശരീരവും മനസ്സും അതിനനുസരിച്ചു പാകപ്പെടണം. തുളഞ്ഞു കയറുന്ന തണുപ്പു പ്രതിരോധിക്കാന്‍ ഓരോ ദിവസവും ഇടുന്ന ഡ്രസ്സിന്‍റെ എണ്ണം കൂട്ടേണ്ടി വരും. ഒടുവിലത് ആറു ലയര്‍ വരെയാവാം. കുളിയൊക്കെ മറന്നേക്കുക.
9246 അടി ഉയരത്തില്‍ കേവലം 549 മീ. മാത്രം നീളമുള്ള സിമിക്കോട്ട് എയർപോർട്ട് റണ്‍വേ. നാട്ടിലെ ബസ് സ്റ്റാന്‍ഡിനേക്കാള്‍ കഷ്ടമാണ് ആ എയര്‍പോര്‍ട്ട്. പക്ഷെ ഓരോ അഞ്ചു മിനിട്ടിലും തലങ്ങും വിലങ്ങും വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ലാന്‍ഡിംഗും ടേക്ക് ഓഫും നടത്തുകയാണവിടെ.. എപ്പോള്‍ മഴയോ മഞ്ഞോ വരുന്നോ അപ്പോള്‍ നിര്‍ത്തണം. പലരും അവിടെ വന്ന് ദിവസങ്ങളോളം പെട്ടു പോകാറുണ്ട്. അവിടെ നിന്ന് ഹില്‍സയിലേക്കുള്ള ഹെലിക്കാേപറ്റര്‍ യാത്രമനസ്സിന് ധെെരൃമില്ലാത്തവര്‍ നടത്താതിരിക്കുന്നതാണ് നല്ലത്. പലരും പേടിച്ചു തണുത്തുറയും. ചിലര്‍ അറിയാതെ മലമൂത്ര വിസര്‍ജ്ജനവും നടത്തും . ഞാനതു നേരിട്ടു കാണുക കൂടി ചെയ്തു.
വിസ വരുന്നതു വരെ ഹില്‍സയില്‍ താമസിക്കണം. ഒരു വൃത്തിയുമില്ലാത്ത മുറിയില്‍, അഞ്ചാറു പേരോടൊപ്പം, ഒരു കട്ടിലും വര്‍ഷങ്ങളായി വെള്ളം കാണാത്ത ഒരു പുതപ്പും കിട്ടും. ഒട്ടും വൃത്തിയില്ലാത്ത രണ്ടു ടോയ്ലറ്റു മാത്രമുള്ളതുകൊണ്ട് പ്രകൃതിയുടെ
വിളി വരുമ്പോള്‍ പ്രകൃതിയിലേക്കു തന്നെ പോകേണ്ടി വരും. വായ്ക്കു പിടിക്കുന്ന ഭക്ഷണം വേണമെങ്കില്‍ നാട്ടില്‍ നിന്നു കൊണ്ടു പോകുന്ന അരി കഞ്ഞിയാക്കിക്കഴിക്കണം.
എന്നും രാത്രിയില്‍ എല്ലാവരും കൂടിയിരുന്ന് പ്രാര്‍ത്ഥനാഗാനങ്ങള്‍
ആലപിക്കുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ പാടുന്നതു മിക്കപ്പോഴും കൃഷ്ണേനയും അയ്യപ്പനേയും ഗണപതിയേയും മറ്റും സ്തുതിച്ചുള്ളവയാണ്. കൈലാസ യാത്രയില്‍ കൈലാസനാഥനെ പാര്‍ശ്വവത്കരിക്കുന്നെന്നോ ?. . എന്നിലെ വിപ്ലവകാരി
സടകുടഞ്ഞെണീറ്റു. കമ്മ്യൂണിസ്റ്റായ വയലാറിന് ഭക്തിഗാനങ്ങള്‍
എഴുതാമെങ്കില്‍ എന്തുകൊണ്ട് എനിക്കുമൊന്ന് എഴുതിക്കൂടാ?
ഉപബോധമനസ്സിലെവിടെയോ ഭക്തി ഉറഞ്ഞു കിടക്കുന്നതു കൊണ്ടാവണം, പണ്ടിതു പോലെ കൃഷ്ണഭക്തിഗാനങ്ങള്‍ മുരളിക എന്ന ആല്‍ബത്തിനു വേണ്ടി എഴുതിയിട്ടുണ്ട്. ഏതായാലും ഞാനാ കടുംകൈ അങ്ങു ചെയ്തു. “കൈലാസയാത്ര” എന്ന പേരില്‍ 14 വരി എഴുതി ബിജു റാമിനയച്ചു കൊടുത്തു. ബിജു അത് അന്നു തന്നെ സംഗീതം കൊടുത്തു പാടി തിരിച്ചയച്ചു തന്നു.. ഞാനതു സോഷ്യല്‍ മീഡിയ വഴി വിട്ടതേ ഓര്‍മ്മയുള്ളൂ. അനുമോദന പ്രവാഹമായിരുന്നു പിന്നീട്. കൈലാസനാഥനങ്ങനെ എന്നിലെ കമ്മ്യൂണിസ്റ്റിനെ ഒരു ഭക്ത കവിയാക്കി മാറ്റി.
ടിബറ്റില്‍ നിന്ന കൈലാസത്തിലേക്ക്
വിസ വരാതെ ഹില്‍സയില്‍ രണ്ടു ദിവസം കുടുങ്ങി. രാത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചാല്‍ വെളിച്ചം കിട്ടും. മൊബൈലൊക്കെ അപ്പോള്‍ ചാര്‍ജ്ജ ചെയ്തോണം. തൊട്ടപ്പുറം പുഴയാണ്. പുഴ കടന്നാല്‍ ടിബറ്റ്. ഇന്നത് ചൈനയുടെ കീഴിലാണ്. ഇരു കരയേയും ബന്ധിപ്പിച്ച് പാലമുണ്ട്. അക്കരയ്ക്ക നോക്കിയാല്‍ വേറൊരു ലോകമാണ്. കൂറ്റന്‍ ഇമിഗ്രേഷന്‍ കെട്ടിടം. വീതിയുള്ള വഴികള്‍. സോളാര്‍ പാനലുകള്‍, മൈക്രോവേവ് ടവര്‍, യാത്രയ്ക്കായ് ബസ്സുകള്‍. എന്നിലെ കമ്മ്യൂണിസ്റ്റ് എന്നും കുറെ സമയം ഈ രണ്ടു കാഴ്ചകളും കണ്ട് താരതമ്യം ചെയ്ത അത്ഭുതം കൂറും. ഒരു നിമിഷം കേരളത്തിലെ നിക്ഷേപകവിരുദ്ധ സമീപനത്തെക്കുറിച്ചാലോചിക്കുമ്പോള്‍ അത്ഭുതം അമര്‍ഷമായി മാറുകയും ചെയ്യും. ഒരു പക്ഷേ ടിബറ്റ് ഒരു സ്വതന്ത്ര രാജ്യമായി മാറിയിരുന്നെങ്കില്‍ നേപ്പാളിനേക്കാള്‍ പരിതാപകരമായി തീര്‍ന്നിരിക്കാം. ദലൈലാമ എന്നു കേള്‍ക്കുന്നതു പോലും ചൈനക്കാരനിഷ്ടമല്ല. തീര്‍ത്ഥാടകരിലാരുടെയെങ്കിലും ഫോണില്‍ ദലൈലാമയുടെ ചിത്രമുണ്ടെങ്കില്‍ ആ സംഘത്തെത്തന്നെയവര്‍ തിരിച്ചയക്കും.
ഒടുവില്‍ വിസയെത്തി. ഞങ്ങള്‍ പാലം കടന്നു. നീണ്ട പരിശോധനകള്‍ക്ക് ശേഷം, ചൈനാക്കാര്‍ മുന്നോട്ടുള്ള യാത്രയ്ക്ക് അനുവാദം തന്നു. ബസ്സിലാണു യാത്ര. എങ്ങും വികസനത്തിന്‍റെ ദൃശ്യങ്ങള്‍. ഇന്ന് ടിബറ്റില്‍, ‘ടിബറ്റുകാർ’ന്യൂനപക്ഷമാണ്. ചൈനാക്കാരെ കൊണ്ടിറക്കി ആ നാടിന്‍റെ നന്മ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് കടകളില്‍ കൂടുതലും. ഇംഗ്ലീഷ് അറിയാവുന്നവരാരുമില്ല. ആ യാത്ര അവസാനിച്ചത് മാനസരോവരത്തിലാണ്. 15000 അടി ഉയരത്തില്‍ 410 Sq.km വിസ്തീര്‍ണ്ണവും മുന്നൂറടി വരെ താഴ്ചയുമുള്ള ശുദ്ധജല തടാകം. ഒരു സൗകര്യവുമില്ലാത്ത ഏറ്റവും പവിത്രമെന്നു വിശേഷിപ്പിക്കാവുന്ന തീര്‍ത്ഥാടന കേന്ദ്രം. ഒരു ടോയ്ലറ്റു പോലുമില്ല. പണക്കാരനും പാവപ്പെട്ടവനും ആണെന്നോ പെണ്ണെന്നോ നോക്കാതെ ജാതിമത വ്യത്യാസമില്ലാതെ പ്രകൃതിയുടെ വിളി കേട്ടു തുറസ്സായ പ്രദേശത്തു നിരന്നിരിക്കുന്നത് ലോകത്തു മറ്റൊരിടത്തും കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. എങ്ങും വികസനം കൊണ്ടുവരുന്ന ചൈന ഇവിടെ മാത്രമെന്തേ കണ്ണടക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. തീര്‍ത്ഥാടന ടൂറിസത്തിന്‍റെ അപാര സാദ്ധ്യതകള്‍ മനസ്സിലാക്കി സമീപ ഭാവിയില്‍ തന്നെ ചൈന വഴി അഞ്ചു ദിവസം കൊണ്ടു എല്ലാം ഭംഗിയായി ചെയ്തു മടങ്ങാനുള്ള ഒരുക്കം പിന്നണിയില്‍ അവര്‍ നടത്തുന്നുണ്ടത്രേ.
ഞാനും ഭാര്യയും (അഭിനി) മറ്റു നാലു സ്ത്രീകള്‍ക്കുമായിട്ടാണ് ഒരു ചെറിയ മുറി കിട്ടിയത്. ക്ഷീണം കാരണം ഞാന്‍ ഒന്നു മയങ്ങി. സ്ത്രീകളെല്ലാവരും രാവിലെ രണ്ടു മണിക്കും മൂന്നു മണിക്കുമിടയില്‍ മാനസരോവരത്തില്‍ സംഭവിക്കാറുള്ള അത്ഭുത ദൃശ്യങ്ങള്‍ക്കായി കാത്തിരുന്നു. സാധാരണ പൗര്‍ണ്ണമിയിലും അടുത്ത ദിവസങ്ങളിലുമാണതുണ്ടാവാറുള്ളത്. പക്ഷെ ഞങ്ങള്‍ ഏതാനും ദിവസം വൈകിയാണെത്തിയത്. മയക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ കണ്ടത് കാഴ്ചകള്‍ കണ്ട് മടങ്ങി വരുന്ന ഭാര്യയേയും സംഘത്തേയുമാണ്.. ആകാശത്തു നിന്നിറങ്ങി വരുന്ന നീല വെളിച്ചവും പരന്നൊഴുകുന്ന ഭസ്മത്തിന്‍റെ മണവും അവരെല്ലാം അനുഭവിച്ചത്രേ. അതിന്‍റെ പിന്നിലെ ശാസ്ത്ര സത്യം കണ്ടെത്തണമെന്നാഗ്രഹിച്ചിരുന്ന എന്നിലെ കമ്മ്യൂണിസ്റ്റ് നിരാശനായി. എല്ലാം കഴിഞ്ഞെങ്കിലും ഒന്നു പോയി നോക്കിയാലോ ? ഇനിയുമതാവര്‍ത്തിച്ചാലോ ? ഞാന്‍ ഇറങ്ങി നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ദൂരത്തായി നീങ്ങുന്ന പ്രകാശം, പക്ഷെ നീല നിറമല്ല. അടിക്കുന്ന കാറ്റില്‍ ഒരു പ്രത്യേക ഗന്ധം. പക്ഷെ അതു ഭസ്മത്തിന്‍റേതല്ല. എന്നിലെ അന്വേഷകന്‍ ഉണര്‍ന്നു. വെളിച്ചം കണ്ട ദിക്കിലേക്കു നടന്നു. പ്രകൃതിയുടെ വിളി കേട്ടു പോയ ഏതോ സംഘത്തിന്‍റെ ഹെഡ് ലൈറ്റുകളും ടോര്‍ച്ചുകളുമായിരുന്നു അതെന്ന് അടുത്തെത്തിയപ്പോഴാണു മനസ്സിലായത്..!!
ഭക്തിയുടെ നെറുകയില്‍..
ദിവസങ്ങള്‍ക്കുശേഷം മൂടല്‍മഞ്ഞ് മൂടാത്ത നല്ല വെയിലുള്ള ദിവസമെത്തി. കുറെയകലെയായി കൈലാസം തെളിഞ്ഞു കാണാമായിരുന്നു. കഴിഞ്ഞ മൂന്നു തവണ വന്നിട്ടും മൂടല്‍ മഞ്ഞു മൂടി കൈലാസം ശരിക്കൊന്നു കാണാതെ മടങ്ങേണ്ടി വന്ന കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ അതു കണ്ട ആത്മനിര്‍വൃതിയില്‍ കണ്ണീര്‍ പൊഴിക്കുന്നതു കണ്ടു. രാവിലെ പത്തു മണിയോടെ മാനസേരാവരത്തില്‍ മുങ്ങിക്കുളിച്ചു. അധികൃതര്‍ തടയുന്നതു കൊണ്ട് പലര്‍ക്കും മുങ്ങാന്‍ സാധിച്ചില്ല.. അവരൊക്കെ ബക്കറ്റില്‍ വെള്ളമെടുത്ത് തലയിലൊഴിച്ചു കുളിക്കേണ്ടി വന്നു.. അതി കഠിനമായ തണുപ്പ്. കുളിച്ച പലര്‍ക്കും പനിപിടിച്ചു. ഞങ്ങളുടെ കൂടെ വന്ന ഒരാളെ ആ രാത്രി തന്നെ ആശുപത്രിയിലേക്കു മാറ്റേണ്ടിയും വന്നു.
മാനസരോവരത്തിലെ സ്നാനത്തിനു ശേഷം പൂജയുണ്ട്. ബലിയിടണ്ടവര്‍ക്കു ബലിയിടാം. അതിനു ശേഷം ബസ്സില്‍ മാനസരോവരം ചുറ്റിക്കാണാം. ഇടയ്ക്കിറങ്ങി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കുകൊടുക്കാന്‍ മാനസരോവരത്തിലെ പുണ്യ തീര്‍ത്ഥം കുപ്പികളില്‍ നിറച്ചെടുത്തു. കുറെ കല്ലുകളും. തുടര്‍ന്ന് ദര്‍ച്ചനിലെത്തി രാത്രി വിശ്രമം.
ദിവസങ്ങള്‍ക്ക് ശേഷം നല്ല ഒരു ഹോട്ടലില്‍ ഒരു രാത്രി അങ്ങനെ തങ്ങി. ചൂടുവെള്ളത്തില്‍ വൃത്തിയായൊന്നു കുളിച്ചു. അടുത്ത ദിവസം രാവിലെ പരിക്രമം തുടങ്ങണം.. പുറകില്‍ തൂക്കുന്ന ഭാരമില്ലാത്ത ഒരു ചെറിയ ബാഗുമാത്രമെടുക്കാം. ഓക്സിജന്‍ സിലിണ്ടര്‍ കരുതണം. മുപ്പത്തിഅയ്യായിരം രൂപ കൊടുത്താല്‍ ഒര