ഒരു മട്ടൺ ബിരിയാണിക്കഥ
കോറോണക്കാലം . അണുവിനെപ്പേടിച്ച് ഹോട്ടല്‍ ഭക്ഷണം വെല്ലപ്പോഴുമായി. പക്ഷെ എന്നും വീട്ടില്‍ നിന്നു മാത്രം
കഴിച്ചാല്‍ മടുപ്പെടുക്കില്ലേ അതിനു ഭാര്യയൊരു വിദ്യ കണ്ടു
പിടിച്ചു. ഇടയ്ക്കിടയ്ക്ക് ഭക്ഷണമുണ്ടാക്കി സുഹൃത്തുക്കള്‍ക്കു
കൊടുത്തയയ്ക്കുക. ഒരു പാലമിട്ടാല്‍ ഗതാഗതം ഇരു
ഭിശയിലുമുണ്ടാവുമല്ലോ. ആ തത്വം ശരിയാണെന്നു തെളിയിച്ചു
കൊണ്ട് സുഹൃത്തുക്കളും പകരം കൊടുത്തയച്ചു തുടങ്ങി. അങ്ങ നെവ്യത്യസ്ഥ രുചിയുള്ള ഭക്ഷണങ്ങള്‍ ഓരോന്നായി വീട്ടില്‍ വന്നു
തുടങ്ങി.
ഭാര്യ നല്ല ഒരു മട്ടന്‍ ഫാനാണ്. ഇതറിയാവുന്ന ഒരു സുഹൃത്ത് ഒരു
ദിവസം രാവിലെ മൂന്നു പേര്‍ക്കുള്ള മട്ടണ്‍ ബിരിയാണി
കൊടുത്തയച്ചു. അവധി ദിവസമായതു കൊണ്ട് പ്രഭാത ഭക്ഷണം
വൈകിയാണ് കഴിച്ചത്. വൈകാതെ ബിരിയാണിയെത്തി. പക്ഷെ
ഭാര്യയ്ക്ക് കുറച്ചകലെയുള്ള സഹോദരന്‍റെ വീട്ടിലേയ്ക്ക് പോകണം.
നാവില്‍ വെള്ളമൂറുന്ന വിധം ബിരിയാണിയുടെ മണം പരന്നു
തുടങ്ങിയിരിയ്ക്കുന്നു.. ബിരിയാണി കഴിയ്ക്കാനുള്ള സ്ഥലം
ഉള്ളിലൊട്ടില്ല താനും. തിരിച്ചു വരാന്‍ വൈകിയേക്കും. അതു കൊണ്ട്എന്നോടും മകളോടും വിശക്കുമ്പോള്‍ കഴിച്ചോളാന്‍ പറഞ്ഞു കക്ഷി പോയി.
മാടി വിളിയ്ക്കുന്ന ബിരിയാണിമണത്തിന്‍റെ മുന്നില്‍ മൂന്നു മണിവരെ
പിടിച്ചു നിന്നു. ഭാര്യ വരുന്ന ലക്ഷണമില്ല. ഗ്രലിന്‍ ഹോര്‍മോണ്‍,
വിശപ്പിന്‍റെ വിളിയുയര്‍ത്തിയപ്പോള്‍ ഞങ്ങള്‍ നിയന്ത്രണം വിട്ടു
കഴിച്ചു. അടിപൊളി ബിരിയാണി. മട്ടന്‍ അതി ഗംഭീരം. അതു കൊണ്ടു തന്നെ കഷണങ്ങളോരോന്നായി കാലിയായിത്തുടങ്ങി. ഭാര്യയുടെ മട്ടന്‍ ഭ്രാന്തറിയാം. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ഒരു കഷണം മാത്രം ബാക്കി വച്ചു.
സമയം കടന്നു പൊയ്ക്കൊണ്ടയിരുന്നു.. സന്ധ്യയായി. ഭാര്യ
തിരിച്ചെത്തിയിട്ടില്ല. ബിരിയാണിയുണ്ടാക്കിയിട്ട് 12 മണിയ്ക്കൂര്‍
ആകുന്നു. ഫ്രിഡ്ജില്‍ വയ്ക്കാത്ത മട്ടന്‍റെ കാലാവധി
തീരാറായിത്തുടങ്ങി. ഇനിയും വൈകിയാല്‍ കളയേണ്ടി വരും. പക്ഷെ
മട്ടന്‍റെ രുചി ആലോചിയ്ക്കുമ്പോള്‍ ആ അവസാന കഷണം
കളയുന്നതിനെക്കുറിച്ച് ആലോചിയ്ക്കാന്‍ കൂടി വയ്യ. കുറ്റബോധം
വരാതിരിയ്ക്കുവാന്‍ വേണ്ടി ഭാര്യയെ ഫോണില്‍ ഒന്നു വിളിച്ചു. പക്ഷെ എടുക്കുന്നില്ല. ഇത്രയും വൈകിയ നിലയ്ക്ക് കഴിയ്ക്കാതെ വരില്ല . ഗ്രലിന്‍ വീണ്ടും പണി തുടങ്ങിയിരിയ്ക്കുന്നു. കൊതി മൂത്തപ്പോള്‍ ആത്മനിയന്ത്രണം പോയി.. അങ്ങനെ അവസാന കഷണവും അപ്രത്യക്ഷമായി. പെട്ടെന്നു ഞാന്‍ ഞെട്ടി. മുന്നില്‍ ബിരിയാണിപ്പാത്രം തുറന്നു നോക്കുന്ന ഭാര്യ. സുഹൃത്തിന്‍റെ മട്ടണ്‍ ബിരിയാണി ആസ്വദിച്ചു കഴിയ്ക്കാന്‍ ഒന്നും കഴിയ്ക്കാതെയാണ് മടങ്ങി വന്നിരിയ്ക്കുന്നത്. ബിരിയാണിയെക്കുറിച്ചു വിളിച്ചു ചോദിച്ച സുഹൃത്തിനോട് ഗംഭീരമെന്നു പറയുകയും ചെയ്തു പോയി. അന്നനാളത്തിലേയ്ക്കെത്തിക്കഴിഞ്ഞ മട്ടണ്‍ തിരിച്ചെടുക്കാന്‍ ഞാനൊരു നിഷ്ഫല ശ്രമം നടത്തി നോക്കി. വൈകിപ്പോയിരുന്നു.
ബിരിയാണിപ്പാത്രത്തില്‍ മട്ടണ്‍ കാണാഞ്ഞ ഭാര്യയില്‍ നാഗവല്ലി
ആവേശിയ്ക്കാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. കയ്യിലൊരു വാളു കിട്ടിയാല്‍ എന്നെ ആയിരം പീസാക്കുമെന്ന അവസ്ഥ. പിടിച്ചു
നില്‍ക്കാന്‍ ഞാന്‍ പല പാഴ്ശ്രമവും നടത്തി നോക്കി.
കൂട്ടുപ്രതിയാകേണ്ടിയിരുന്ന മകള്‍ കണ്‍മുന്‍പില്‍ കാലുമാറി
മാപ്പുസാക്ഷിയായി. എനിയ്ക്കെ തിരെ കുറ്റപത്രം തയ്യാറാക്കാന്‍
അവര്‍ ഒന്നിച്ചു. പണ്ടു തെളിയാതെ പോയ അടുക്കളയിലെ പല
‘മിസ്സിംഗ് കേസ്സു’കള്‍ കൂടി എന്‍റെ പുറത്തായി. സ്വാര്‍ത്ഥന്‍,
കശ്മലന്‍, ആര്‍ത്തിമാന്‍, നിര്‍ദ്ദയന്‍, കഠോരന്‍, നിസ്നേഹന്‍ തുടങ്ങിവിശേഷണങ്ങള്‍ ഒന്നൊന്നായി എന്‍റെ മേല്‍ വീണു
കൊണ്ടേയിരുന്നു. പോരാത്തതിന് അടുത്ത ബന്ധുക്കളെയും
സുഹൃത്തുക്കളെയുമൊക്കെ വിളിച്ചു ബിരിയാണിക്കഥ ക്രൂരമായി
വിവരിച്ചു എന്നെയൊരു ഭീകര കുറ്റവാളിയാക്കി
ചിത്രീകരിയ്ക്കുകയും ചെയ്തു… എരിതീയില്‍
എണ്ണയൊഴിയ്ക്കുന്നതു പോലെ, അമ്മയോടു ഞാന്‍ നിരുപാധികം
മാപ്പു പറയണമെന്നായി മകള്‍. ഉറഞ്ഞാടുന്ന നാഗവല്ലിയ്ക്കെന്തു
മാപ്പ്. ഇനി രക്ഷയില്ല. മട്ടണ്‍ ബിരിയാണി തേടി ഇരുട്ടിനെ കീറി മുറിച്ച് വണ്ടിയെടുത്തു ഞാന്‍ പാഞ്ഞു. കൊറോണ കാരണം ചെന്ന
സ്ഥലത്തൊന്നും മട്ടണ്‍ ബിരിയാണിയില്ല. ഒടുവില്‍ നീണ്ട ഒരു
മണിയ്ക്കൂര്‍ തിരച്ചിലില്‍ സംഗതി ഒരു വിധം ഒപ്പിച്ചു. ഒരു കഷണം
മട്ടന്‍റെ പേരില്‍ കിട്ടിയ മുട്ടന്‍ പണിയോര്‍ത്തു സ്വയം ശപിച്ചു കൊണ്ട്
വീട്ടിലേയ്ക്കു കുതിച്ചു. വിജയശ്രീലാളിതനെപ്പോലെ ചൂടു ബിരിയാണിയുമായി
തലയുയര്‍ത്തിത്തിരിച്ചു വന്ന നകുലനോടു നാഗവല്ലി ഗര്‍ജ്ജിച്ചു.
‘ഇതാര്‍ക്കു വേണം? എനിക്കെന്റെ ഫ്രണ്ടുണ്ടാക്കിയ മട്ടണ്‍ തന്നെ
വേണം’. ഗതി കിട്ടാതെ ആമാശയത്തിന്‍റെ അരികുപറ്റിക്കിടന്ന മട്ടണ്‍ കഷണം എന്നെ നോക്കിയാക്കിച്ചിരിച്ചു.
സോഹന്‍ റോയ്