വ്യാജ വൈദ്യ

ഡോക്ടറാവണമെന്നായിരുന്നത് ഭാര്യയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. പക്ഷേ പ്രീഡിഗ്രിക്ക് തേഡ് ഗ്രൂപ്പ് എടുത്തതു കൊണ്ട് സംഗതി നടന്നില്ല.... കൂട്ടുകാരികളെല്ലാം ആ ഗ്രൂപ്പായതു കൊണ്ട് പരിചയക്കാരനായ പ്രിൻസിപ്പാൾ വച്ചു നീട്ടിയ സെക്കന്റ് ഗ്രൂപ്പു വലിച്ചെറിഞ്ഞ്
സൗഹൃദസംഘത്തിനോടൊപ്പം കൂടി... എങ്കിലും നാട്ടിൽ സ്വന്തം പേരിലുള്ള കുടുംബത്തിന്റെ മെഡിക്കൽ സ്റ്റോറുള്ളതു കൊണ്ട്, അവിടുന്നു കടത്തിക്കൊണ്ടുവരുന്ന മരുന്നുകൾ വിതരണം ചെയ്ത് കൂട്ടുകാർക്കിടയിൽ ഒരു ചെറിയ ഡോക്ടറായിത്തന്നെ സ്ഥിരം വിലസിയിരുന്നത്...


കെട്ടിയതോടുകൂടി മരുന്നു പരീക്ഷണം കണവനായ എന്റെ മേലെയായി... മരുന്നു മാറി ഒരാഴ്ചയോളം അലർജിയുടെ ടാബ്ലറ്റ് കഴിച്ച് പകൽ വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപ്പോകുന്നതിപ്പോഴും ഓർക്കുന്നുണ്ട്.
ഒരിക്കൽ കക്ഷിക്ക് അസുഖം വന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ഡോക്ടർക്കു ക്ലാസ്സ് എടുക്കാൻ തുടങ്ങി... ലക്ഷണങ്ങൾ വച്ചു തനിക്കുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ചും അതിന്റെ മരുന്നുകളെക്കുറിച്ചും പറയുന്നതു കേട്ട് താനാണോ രോഗിയെന്ന് ഡോക്ടർക്കു തോന്നിപ്പോയി. ഒടുവിൽ ലിവറിന്റെ സ്ഥാനം അടിവയറ്റിൽ തൊട്ടു കാണിച്ചപ്പോൾ മാത്രമാണ് രോഗി അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ ആരോ ആണെന്നു മനസ്സിലായത്. ഡോക്ടറുടെ നിരീക്ഷണം തെറ്റാണെന്നു സ്ഥാപിക്കാൻ നാട്ടിൽ നിന്നു ബ്ലഡ് ടെസ്റ്റു റിപ്പോർട്ടു കൊണ്ടു വന്നിട്ടുണ്ടെന്നു പറഞ്ഞെടുത്തു കാണിച്ച റിപ്പോർട്ടിന് ആറുമാസത്തെ പഴക്കമുണ്ടെന്നു കണ്ടപ്പോൾ സന്തത സഹചാരിയായ എന്നെ സഹതാപപൂർവ്വം നോക്കിയ ഡോക്ടറുടെ നോട്ടം ഇന്നും മറന്നിട്ടില്ല.


വാമഭാഗത്തിന്റെ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ അനസ്യൂതം തുടരുന്നതിനിടയിലാണ് രാജസ്ഥാനിൽ വച്ചു മകളുടെ വിവാഹ നിശ്ചയത്തിനു മുന്നോടിയായി നടത്തേണ്ട ജാതകം കൊടുപ്പ്
38-കാവ്യം ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾ കുടുംബം മുഴുവൻ ജോധ്പൂരിലേക്കു പോകുന്നത്. ഫ്ളൈറ്റിന്റെ ഏറ്റവും മുന്നിലെ റോയിലാണ് ഞങ്ങളിരിക്കുന്നത്. കുഞ്ഞളിയനും കുടുംബവും നാലഞ്ചു നിര് പുറകിലുണ്ട്.


യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അളിയനൊരസ്വസ്ഥത... ശരീരം വിയർക്കുന്നു ... ഉള്ളിൽ വല്ലാത്ത സമ്മർദ്ദം... ശ്വാസം കിട്ടാത്തതുപോലെ... വിവരമറിഞ്ഞ എയർഹോസ്റ്റസ്, യാത്രക്കാരിൽ ഡോക്ടറോ നോ ഉണ്ടോ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചതും ഭാര്യ പുറകിലോട്ടു നോക്കി രോഗി സ്വന്തം സഹോദരനാണെന്നു തിരിച്ചറിഞ്ഞ് വെടിച്ചില്ലു പോലെ പാഞ്ഞെത്തി. ഡോക്ടറാണോ എന്ന ചോദ്യത്തിന് സിസ്റ്ററാണെന്നു മാത്രം പറഞ്ഞ് രോഗിയെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച് വെള്ളം കൊടുത്തു ശാന്തനാക്കിയ മാലാഖയുടെ ശുഷ്കാന്തികണ്ട് യാത്രക്കാർ ഒന്നടങ്കം ആരാധനയോടെ നോക്കുന്നതു കണ്ടപ്പോൾ ഇതൊക്കെയെന്ത് എന്ന മട്ടിൽ കക്ഷി അഭിമാനത്തോടെ സീറ്റിൽ മടങ്ങിയെത്തി. വെള്ളം കൊടുക്കാതെ ആങ്ങളയ്ക്ക് നൽകിയ കപ്പപ്പുഴുക്കിന്റെ പ്രതിപ്രവർത്തനമായിരുന്നു വായു മർദ്ദത്തിന്റെ കാരണമെന്ന സത്യം വ്യാജവൈദ്യ പക്ഷേ പുറത്തു പറഞ്ഞില്ല... എന്തായാലും പിന്നീടങ്ങോട്ട് ഒരോ പത്തു മിനിറ്റിലും എയർ ഹോസ്റ്റസ് രോഗിയുടെ അവസ്ഥ സിസ്റ്ററോടു വന്നു പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു.


യാത്ര അവസാനിക്കാറായപ്പോഴാണ് യാത്രക്കാരിലൊരാൾ കോക്ക്പിറ്റിനടുത്തുള്ള ടോയ്ലറ്റിനു മുന്നിൽ കുഴഞ്ഞു വീണത്. ഞങ്ങൾ അടുത്തു തന്നെയിരുപ്പുണ്ട്... സംഗതി കണ്ടതും ജനാലയിലേക്കു ചാരിയിരുന്ന മാലാഖ കണ്ണടച്ചൊറ്റയുറക്കം. ജീവിതത്തിൽ ഒരിക്കൽ പോലും കൂർക്കം വലിക്കാത്ത കക്ഷിയുടെ പെട്ടെന്നുള്ള കൂർക്കം വലി കേട്ട് ഞാൻ ഞെട്ടി... സഹായത്തിനെത്തിയ എയർ ഹോസ്റ്റസ് ഭാര്യയെ നോക്കി സിസ്റ്റർ ... സിസ്റ്റർ എന്നു വിളിച്ചു തുടങ്ങി... സീറ്റ് ബെൽറ്റിടാനുള്ള അറിയിപ്പെത്തിയതു കൊണ്ട് മറ്റാരും സഹായത്തിനെത്തുന്നില്ല. ഒടുവിൽ പത്നി മാനം കാക്കാൻ പൂക്കുറ്റിയായി നിലത്തു കിടന്ന ഛർദ്ദി മണക്കുന്ന വാളനെ ഉയർത്തെഴുന്നേൽപ്പിക്കാൻ തത്കാലം 'ബദറായി' ഞാൻ സീറ്റ് ബെൽറ്റഴിച്ചു സഹായഹസ്തം നീട്ടി... ആജാനു ബാഹുവിനെ പൊക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ എയർ ഹോസ്റ്റസ് സിസ്റ്റർ സിസ്റ്റർ എന്നു ഭാര്യയെ നോക്കി വിളിക്കുന്തോറും നിഷ്ക്കളങ്കയായി ഉറങ്ങിത്തുടങ്ങിയ മാലാഖയുടെ കൂർക്കം വലി ഉയർന്നുയർന്ന് ഫസ്റ്റ് ഗിയറിലെത്തിക്കഴിഞ്ഞിരുന്നു...


സോഹൻ റോയ്