കർമ്മഭോഗി
ഗൾഫിലെ ഇന്‍സ്പെക്ഷന്‍ മേഖലയിലെ ഞങ്ങളുടെ കോമ്പിറ്റേറ്ററാണ് ഫ്രാന്‍സിസേട്ടന്‍. സാങ്കേതികജ്ഞാനം വളരെയേറെ വേണ്ട ഞങ്ങളുടെ ഫീല്‍ഡിലെ തലതൊട്ടപ്പന്‍. ഒന്നുമറിയാതെ വന്ന് അദ്ദേഹത്തിന്റെ കീഴില്‍ പണി പഠിച്ച് ഉന്നതങ്ങളിലെത്തിയ നൂറുകണക്കിനു പേര്‍ ഗുരുസ്ഥാനത്തു കാണുന്ന വ്യക്തിത്വം. പ്രായമായെങ്കിലും സട കൊഴിയാത്ത സിംഹം. കര്‍ക്കശക്കാരനെങ്കിലും ആളു ശുദ്ധനും പരോപകാരിയുമാണ്. സഹായം ചോദിച്ചു വരുന്ന ആരെയും വെറും കയ്യോടെ മടക്കാറില്ല. തിരിച്ച് ഫ്രാന്‍സിസേട്ടന്‍ സഹായം ചോദിച്ച് ആരെയും ബുദ്ധിമുട്ടിച്ചതായി അറിവില്ല. ഉള്ളതു കൊണ്ടു തൃപ്തിയടയുന്ന പ്രകൃതം. എത്ര ബുദ്ധിമുട്ടിയാലും ശമ്പളവും മറ്റാനുകുല്യങ്ങളും സ്റ്റാഫിന് കൃത്യമായി കൊടുത്തിരിക്കും. പക്ഷെ ഗുരുവായിക്കഴിഞ്ഞാല്‍ ശിഷ്യന്‍മാരോട് യാതൊരു ദാക്ഷണ്യവുമില്ല. ചിലപ്പോള്‍ പച്ചത്തെറി വിളിക്കും. പണിയില്‍ ഉഡായിപ്പു കാണിക്കുന്നവരെ ഇഷ്ടന്‍ നിര്‍ത്തിപ്പൊരിച്ചിരിക്കും. ഇതെല്ലാം കൊണ്ടു തന്നെ പുള്ളിക്കാരന്റെ ശിഷ്യന്മാരെ ഏതു കമ്പനിയും കണ്ണും പൂട്ടിയെടുക്കും. ഞങ്ങളുമെടുക്കാറുണ്ട് സ്ഥിരമായി. അതിലദ്ദേഹത്തിനു പരിഭവവുമില്ല. ശിഷ്യന്മാര്‍ ഉയരങ്ങളിലേക്കു പോകുന്നത് കാണുമ്പോള്‍ സന്തോഷിക്കുന്ന മാതൃകാ ഗുരു.
ഫ്രാന്‍സിസേട്ടന്‍ ഒരു അപ്പോയിന്റ്‌മെന്റ് വേണമെന്നറിയിച്ചപ്പോള്‍ ഞെട്ടിയതു ഞാനാണ്. ആദ്യമായിട്ടാണതു സംഭവിക്കുന്നത് എന്തായിരിക്കണം കാര്യം? മാര്‍ക്കറ്റ് മോശമാണെങ്കിലും അതു ഫ്രാന്‍സിസേട്ടനെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നറിയാം. ഏതായാലും കാണാന്‍ സമ്മതിച്ചു.
മുഖത്തെ രൗദ്രഭാവം മറച്ച് ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ചേട്ടന്‍ വന്നത്. പ്രായക്കുടുതലിന്റെ സ്വാതന്ത്യം കൊണ്ടാവാം ചോദിക്കാതെ തന്നെ ഒരു കസേര വലിച്ചിട്ടിരുന്നു. കയ്യിലുണ്ടായിരുന്ന ഒരു പാസ്പോര്‍ട്ട് കോപ്പി എന്റെ മുന്നിലേക്കിട്ട് രൂക്ഷമായൊരു ചോദ്യം.
‘ഈ ചെറ്റക്കു നിങ്ങള്‍ ഓഫര്‍ കൊടുത്തല്ലേ?
പാസ്‌പോര്‍ട്ടിലെ അനില്‍ എന്ന പേരു കണ്ടപ്പോഴാണ് രണ്ടു ദിവസം മുന്‍പ് പുതിയ നിയമനങ്ങള്‍ക്ക് എന്റെ ഫൈനല്‍ അപ്രുവല്‍ വാങ്ങാന്‍ വന്ന ഫയലില്‍ അനിലിന്റെ പേരും ഫോട്ടോയും കണ്ടതോര്‍മ്മ വന്നത്. ഒപ്പിട്ട് തിരിച്ചയക്കുകയും ചെയ്തു. കമ്പനി പ്രൊസീജിയര്‍ അനുസരിച്ച് 24 മണിക്കുറിനകം നിയമനക്കത്തും അയച്ചു കാണണം. ഫ്രാന്‍സിസേട്ടന്റെ ശിഷ്യനാണെന്നു കണ്ടതിനാല്‍ ഇന്റര്‍വ്യു വെറും പേരിനു മാത്രമായിരുന്നിരിക്കണം. പണി മാത്രമല്ല ഇന്‍ഡസ്ട്രിയില്‍ എങ്ങനെ പെരുമാറണമെന്നു കൂടി പഠിപ്പിച്ചേ ആ ഗുരു ശിഷ്യരെ പുറത്തേക്കു വിടാറുള്ളു.
‘അതേ …എന്തു പറ്റി ചേട്ടാ.. സാധാരണ ഞങ്ങളെടുക്കുന്നതല്ലേ? കാര്യം മനസ്സിലാവാതെ ഞാന്‍ ചോദിച്ചു
‘ ഇനിയെന്തു പറ്റാൻ?ഇതു കണ്ടു നോക്ക്. ചേട്ടന്‍ മൊബൈലില്‍ അനിലിന്റെ സോഷ്യല്‍ മീഡിയ പേജ് തുറന്നു കാട്ടി.
പുതിയ ജോലി കിട്ടിയ കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ്. കുടെ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയെക്കുറിച്ചും ഫ്രാന്‍സിസേട്ടനെക്കുറിച്ചും എന്തെല്ലാം അടിസ്ഥാന രഹിതമായി ആരോപിക്കാമോ അതെല്ലാം നിരത്തിയെഴുതി വച്ചിരിക്കുന്നു, വളരെ മോശമായ ഭാഷയില്‍. ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഇന്‍സ്പെക്ഷന്‍
ഫീല്‍ഡിലുള്ള മിക്കവരുമുണ്ട്. പക്ഷെ അവര്‍ക്കെല്ലാം മനസ്സിലാകും ഇതു പച്ചക്കള്ളമാണെന്ന്.
‘ചേട്ടനങ്ങനെയല്ലെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ വിട്ടേര്.. അവന്‍ ചേട്ടനു തണ്ടിയല്ല. മുട്ടേന്നു വിരിയാത്ത ചീളു കേസ്. ‘ ഞാന്‍ രംഗം ശാന്തമാക്കാന്‍ ഒരു ശ്രമം നടത്തി.
‘സപ്ലിയടിച്ച് ഒരു ഗതീം പരഗതീം ഇല്ലാതെ എന്റെ മുന്നില്‍ ഇവന്റെ
അമ്മ വന്നിരുന്നു കരഞ്ഞപ്പോള്‍ സഹതാപം തോന്നി കൈ പിടിച്ചു കയറ്റിയതാണ്. ടിക്കറ്റ് ചാര്‍ജ് പോലും വാങ്ങാതെ. പറയുന്നതൊന്നും മരത്തലയില്‍ കയറാത്തതു കൊണ്ട് പലപ്പോഴും ശാസിച്ചിട്ടുണ്ട് എന്നത് സത്യമാണ്. കുടെയുള്ളവരൊക്കെ ഉയര്‍ന്ന ഓഫര്‍ കിട്ടി പോയപ്പോഴും അവനോട് പോകണ്ട എന്നു പറഞ്ഞത് പണി ശരിക്കും പഠിച്ചിട്ട് പോകട്ടെ എന്നു കരുതിയാണ്. എന്നെക്കുറിച്ച് ഈ ഊള എഴുതി വച്ചിരിക്കുന്നതെല്ലാം ഞാന്‍ സഹിക്കും, പക്ഷെ ഇന്നലെ ഒറ്റ ദിവസം കൊണ്ട് അവന് അന്നം കൊടുത്ത കമ്പനിയിലെ ടെൻഡർ ഫിഗേഴ്‌സ് അടക്കം പല കോണ്‍ഫിഡന്‍ഷ്യല്‍ രേഖകളും പുറത്തേക്കു വിട്ടു. കിട്ടിയവരില്‍ നന്ദിയുള്ള ശിഷ്യനമാരുമുണ്ടായിരുന്നതുകൊണ്ട് ഞാന്‍ വിവരമറിഞ്ഞു. ഇനി നിങ്ങള്‍ തീരുമാനിക്കുക ഈ കുരിശിനെ തോളിലേറ്റണോ വേണ്ടയോ എന്ന്. നാളെ പറയരുത് പ്രാഞ്ചിയുടെ കളരിയില്‍ നിന്നു അങ്കത്തുണയ്ക്കു വന്നവന്‍ പിന്നില്‍ നിന്നു കുത്തിയെന്ന്. ഇവനൊക്കെ തൊഴില്‍മേഖലയിലെ വൈറസുകളാണ്. പാടേ തുടച്ചു നീക്കണം, ഞാനേതായാലും എന്റെ വഴി തേടുകയാണ് ‘ പറഞ്ഞു തീര്‍ന്നതും രണ്ടും കല്പിച്ച മട്ടില്‍ ചാടിയെണീറ്റു ഫ്രാന്‍സിസേട്ടന്‍ കൊടുങ്കാറ്റു പോലെ പുറത്തേക്കു നീങ്ങി.
ഞാന്‍ കണ്‍ഫ്യുഷനിലായി. ഓഫര്‍ ലെറ്റര്‍ കൊടുത്തു കഴിഞ്ഞ സ്ഥിതിക്ക് വേണ്ടന്നറിയിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നേക്കാം. ലീഗല്‍ ഡിവിഷനുമായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. ഏതായാലും അനിലിന്റെ ഫയല്‍ കൊണ്ടുവരാന്‍ പറഞ്ഞു.
ആകെ തിരക്കു പിടിച്ച ദിവസമായിരുന്നു. സമയം പോയതറിഞ്ഞില്ല. പെട്ടെന്നാണ് ഒരു ഫോണ്‍. ഫ്രാന്‍സിസേട്ടനാണ്. അവന്‍ അകത്തായി. ഇനിയീ പ്രാഞ്ചി തീരുമാനിക്കും അവന്റെ ഭാവി’
ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു കൊണ്ട് മുന്നിലിരുന്ന അനിലിന്റെ ഫയൽ തുറന്ന്‘ CANCELLED. NFPS (Not Fit for Professional Service)” എന്നൊരു നോട്ട് എഴുതി എന്നന്നേക്കുമായി മടക്കി വച്ചു.
സോഹൻ റോയ്