താത്ത്വികപ്പാര
എന്റെ സുഹൃത്തിന്റെ ഭാര്യ ഷീജ ഭാര്യയുടെ
ആത്മസുഹൃത്താണ്. ദിവസവും മുന്നു തവണയെങ്കിലും
അവര്‍ക്കു പരസ്പരം സംസാരിയ്ക്കണം. ചിലപ്പോളതു ഒരു മണിയ്ക്കുറോളം നീളും. എന്താണിവര്‍ക്ക് ഇത്രയും സംസാരിയ്ക്കാനുള്ളത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഒരു കാര്യമറിയാം. വിഷയം രാഷ്ട്രീയത്തിലേക്കു കടക്കുമ്പോള്‍ ശബ്ദമുയരും. സ്‌നേഹത്തിന്റെ ദാവം മാറി തര്‍ക്കത്തിലേക്കും ഒച്ചപ്പാടിലേക്കും ഒടുവില്‍ ഫോണ്‍ കട്ട് ചെയ്യുന്ന പ്രതിഷേധച്ചടങ്ങിലേക്കും നീങ്ങും. സുഹൃത്തു കമ്യുണിസ്റു തറവാട്ടില്‍ ജനിച്ച സഖാവായതു കൊണ്ടു ഈശ്വരവിശ്വാസിയായ ഷീജയും ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കാന്‍ സ്വയം പ്രഖ്യാപിത സഖാത്തിയായി മാറിക്കഴിഞ്ഞിരുന്നു. ഗുരുവായൂരമ്പലം കുടുംബസ്വത്തായി കരുതുന്ന എന്റെ ഭാര്യയാകട്ടെ കട്ട കോണ്‍ഗ്രസ്സുകാരിയും. പാര്‍ട്ടിയുടെ ആദര്‍ശ ലക്ഷ്യങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെങ്കിലും സംസ്ഥാനങ്ങള്‍ ആരു ഭരിച്ചാലും കുഴപ്പമില്ല, രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ മാത്രം പ്രധാനമന്ത്രിയാവണം എന്ന ഒറ്റ നിര്‍ബന്ധം മാത്രം.
അങ്ങനെയിരിയ്ക്കെയാണ് ശബരിമല പ്രശ്നം കത്തിക്കയറിയത്. വിശ്വാസികളുടെ നെഞ്ചത്താണ് ചെങ്കൊടി കുത്തപ്പെട്ടത്. പോരെ പൂരം. ക്ഷേത്രപ്രവേശന വിപ്ലവത്തിനു പേരുകേട്ട നാട്ടില്‍ ക്ഷേത്രപ്രവേശനം വേണ്ട എന്ന സ്ത്രീകളുടെ മുറവിളിയോടൊപ്പം ഭാര്യയുടെ ശബ്ദവുമുയര്‍ന്നു. സഖാക്കളെക്കിട്ടിയാല്‍ നെയ്ത്തേങ്ങയാക്കുമെന്ന അവസ്ഥ. ഞാന്‍ ബുദ്ധിപരമായി കുറച്ചു നാളത്തേക്കു സഖാവിന്റെ കുപ്പായമൂരി പ്രതിഷേധ കവിയായി. അണു കാവ്യങ്ങള്‍ പലതും സമരക്കാര്‍ക്കനുകുലമായതു കൊണ്ടു വീട്ടില്‍ നിന്നിറക്കി വിട്ടില്ല. പക്ഷെ ഒറ്റ സഖാവു സുഹൃത്തിനേയും മേലില്‍ വീട്ടില്‍ കയറ്റിപ്പോകരുതെന്ന ഉഗ്രശാസനമെത്തി. കൂടെ കൈലാസത്തില്‍ നിന്നെത്തിയ കമ്മ്യുണിസ്റായ എന്നെ മല ചവിട്ടിയ്ക്കാമെന്നുള്ള അടുത്ത നേര്‍ച്ചയും. ഷിജയുമായുള്ള രാഷ്ട്രീയ തര്‍ക്കം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ ദിനങ്ങള്‍.
നാളുകള്‍ കഴിഞ്ഞു. ശബരിമല പ്രശ്നം ഒരു വിധം കെട്ടടങ്ങിയപ്പോഴാണു, കൊറോണയെത്തിയത്. ‘വര്‍ക്ക് (ഫ്രം ഹോം” തുടങ്ങിയ സമയം. ആദ്യ ദിവസം തന്നെ ഷീജയും ഭാര്യയും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം കാരണം പണിയില്‍ ശ്രദ്ധിയ്ക്കാന്‍ പറ്റാത്ത അവസ്ഥ.
സ്ത്രീകളുടെ സാമ്രാജ്യത്തിലെ അഭയാര്‍ത്ഥിയായതുകൊണ്ടു ശബ്ദം കുറയ്ക്കാന്‍ പറഞ്ഞാല്‍ ഓഫീസില്‍ പോയി കൊറോണയെപ്പേടിയ്ക്കേണ്ടി വരും. എങ്കിലവരുടെ തര്‍ക്കമൊന്നു മൂപ്പിയ്ക്കാമെന്നു കരുതി ഭാര്യക്കായുധമാക്കാൻ പറ്റിയ ഒന്നു രണ്ടുഗ്രന്‍ രാഷ്ട്രീയ വാര്‍ത്തകള്‍ അയച്ചു കൊടുത്തു. സംഗതി കൊള്ളേണ്ടിടത്തു കൊണ്ടു. ഉത്തരം മുട്ടിയ ഷീജ ഉന്മാദിനിയായി ഫോണ്‍ കട്ടു ചെയ്തു. വിജയ്രീലാളിതയായ ഭാര്യയുടെ മുഖത്തു മഴവില്ലുവിരിഞ്ഞു. ‘ഹോ.. ആശ്വാസമായി. ഇന്നിനി ശബ്ദമലിനീകരണമുണ്ടാവില്ല.. എന്റെ ബുദ്ധിയോര്‍ത്ത് എഴുന്നേറ്റ് നിന്നു ഞാന്‍ എനിയ്ക്കു തന്നെ കൈ കൊടുത്തു.
കുറെ നേരമായ് ഭാര്യയുടെ അനക്കമൊന്നുമില്ല. സാധാരണ മറ്റാരെയെങ്കിലും വിളിയ്ക്കേണ്ടതാണ്. ഇന്നെന്തു പറ്റിയോ..?’ അധിക സമയം കഴിഞ്ഞില്ല ഒരു കൊടുങ്കാറ്റു പോലെ ഭാര്യ പറന്നു വന്നു. എന്തു പറ്റിയെന്നറിയാതെ ഞാനൊന്നു പകച്ചു.
ഷീജയുടെ നീണ്ട വാട്ട്സ്‌ആപ്പ് മെസ്റ്റേജ് കാട്ടിത്തന്നു.. പുതിയ യുദ്ധമുഖം തുറന്നിരിയ്ക്കുന്നു. സംസാരയുദ്ധത്തില്‍ ജയിയ്ക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ ശത്രു സൈദ്ധാന്തിക ശരങ്ങള്‍ സാഹിത്യവില്ലില്‍ തൊടുത്തിരിയ്ക്കുകയാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. തരൂരിനെ വെട്ടുന്ന കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ്.. കാള്‍ മാക്‌സിനെ വെല്ലുന്ന കാഴ്ചപ്പാട്… കമ്യുണിസ്ററു മാനിഫെസ്റ്റോയോടും മുലധനത്തോടും കിടപിടിയ്ക്കുന്ന സൈദ്ധാന്തിക അവലോകനം… മനുഷ്യ സമുഹത്തിന്റെ പരിണാമചരിത്രത്തെ വരെ ചുരുക്കം വാക്കുകളില്‍ മനോഹരമായി അപഗ്രഥിക്കുകയും വ്യാഖ്യാനിയ്ക്കുകയും വിമര്‍ശനമെന്ന ആയുധത്തിനു ആയുധങ്ങള്‍ കൊണ്ടുള്ള വിമര്‍ശനത്തിനു പകരം നില്‍ക്കാനാവില്ലെങ്കിലും ഭൗതികശക്തിയെ ഭൗതിക ശക്തികൊണ്ടു തന്നെ കീഴ്‌പ്പെടുത്താൻ ശ്രമിയ്ക്കുമ്പോഴുണ്ടാവുന്ന താത്ക്കാലിക രാഷ്രീയ അപചയം മാത്രമാണിപ്പോൾ നാട്ടില്‍ നടക്കുന്നതെന്നും ഷീജ സമര്‍ത്ഥിച്ചിരിക്കുന്നതു കണ്ടപ്പോൾ ഫെമിനിസ്റ്റുകളെ കണ്ടാല്‍ പുച്ഛിയ്ക്കുന്ന എനിയ്ക്കു സ്ത്രീകളോടൊന്നടങ്കം ബഹുമാനം തോന്നി. പാര്‍ട്ടി സ്റ്റഡി ക്ലാസ്സിലൊന്നും പോകാതെ ഇതൊക്കെ എങ്ങനെ സാധിച്ചു. ?!
‘അയ്യോ എനിയ്ക്കിതു വായിച്ചിട്ടൊന്നും മനസ്സിലാവുന്നില്ല. എന്തെങ്കിലും ഒരു മറുപടിയെഴുതിത്തരുമോ..?” മെസ്സേജ് വായിച്ചു തരിച്ചിരുന്ന ഞാന്‍ ഭാര്യയുടെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും ഊഹാത്മക ദര്‍ശനത്തെയും ആശയവാദദാര്‍ശനികതയേയും കോര്‍ത്തിണക്കി ആര്‍ക്കും മനസ്സിലാവാത്ത ഭാഷയിലൊരു സംഗതി വിട്ടെങ്കിലും അതിനു മറുപടി വരാന്‍ അധിക സമയമെടുത്തില്ല. വേലിയില്‍ കിടന്ന പാമ്പെടുത്തു തോളിലിട്ട അവസ്ഥയായി. പണിയൊന്നും നടക്കുന്നില്ല. നിര്‍ത്താമെന്നു വച്ചാല്‍ പരാജയ സമ്മതമാവും. എന്താ ചെയ്യുക ? ബുദ്ധിയുപയോഗിക്കേണ്ടിയിരിക്കുന്നു. മദ്ധ്യസ്ഥനാക്കാന്‍ സുഹൃത്തിനെ നേരിട്ടു വിളിച്ചാലോ എന്നാലോചിച്ചപ്പോഴേക്കും മൊബൈല്‍ ശബ്ദിച്ചു.
‘എടേ നിന്റെ പൊണ്ടാട്ടിയ്ക്ക് വേറെ പണിയൊന്നുമില്ലേ. എന്റെ കെട്ട്യോൾക്കോ ബോധമില്ല. കൊറോണ പേടിച്ചു വീട്ടിലിരുന്നു പണിയാമെന്നു കരുതിയാല്‍ ഇവളെന്നെ കൂലിയെഴുത്തുകാരനാക്കും. ഒരത്യാവശ്യ ക്വൊട്ടേഷന്‍ ഇന്നയയ്ക്കാനുള്ളതാണ്. മറുതലയ്ക്കല്‍ നിന്നും സാഹിത്യകാരനും പാര്‍ട്ടി ക്ലാസ്സുകളിലെ സ്ഥര്‍ത്ഥനുമായിരുന്ന സഖാവിന്റെ പരുഷവാക്കുകള്‍ കേട്ടു ഞാന്‍ കമ്പിളിപ്പുതപ്പിനായി മുങ്ങി.
സോഹന്‍ റോയ്