സ്വപ്നവധു

ഗള്‍ഫിലെത്തിയ കാലം. വിവാഹത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയ സമയം. അവധിയ്ക്കു ചെല്ലുമ്പോള്‍ പെണ്ണുകാണാന്‍ പല ആലോചനകളും വന്നിട്ടുണ്ട്. ‘പൂമുഖവാതില്ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ എന്ന ഗാനം സ്ഥിരം കേള്‍ക്കുന്നതു കൊണ്ട് ഭാവി ഭാര്യയെക്കുറിച്ച്

വ്യക്തമായ കാഴ്ചപ്പാടുണ്ട്. സാരിയുടുത്തു നമ്രശിരസ്കയായി, നാണം തുളുമ്പി പെണ്ണുകാണല്‍ ചടങ്ങില്‍ ചായയുമായി കടന്നു വരുന്ന പെണ്‍കുട്ടിയോടു പൗരുഷത്തിന്‍റെ ഭാഷയില്‍ ചോദിയ്ക്കാനുള്ള ചില ചോദ്യങ്ങളൊക്കെ കരുതി വച്ചിട്ടുണ്ട്. ശ്രീനിവാസനു പറ്റിയ അബദ്ധം പറ്റരുതല്ലോ.

അപ്രതീക്ഷിതമായാണ് നാട്ടില്‍ നിന്നും ഒരകന്നമാമന്‍റെ ഫോണ്‍
വന്നത്. പുള്ളിക്കാരന്‍റെ സുഹൃത്തിന്‍റെ മകള്‍ ദുബായിലുണ്ട്. നല്ല
അടക്കവും ഒതുക്കവും ഉണ്ടത്രേ. മൗനഭാഷിണി. പഠനത്തില്‍
ബിരുദമുണ്ട് സല്‍സ്വഭാവത്തില്‍ ബിരുദാനന്തര ബിരുദം. സൗന്ദര്യത്തില്‍ ഡോക്ടറേറ്റ് . ഗള്‍ഫില്‍ വളര്‍ന്നതിന്‍റെ ഒരു ലക്ഷ ണവുമില്ലെന്ന് മാമനു നേരിട്ടു കണ്ടറിവുണ്ടത്രേ. എനിയ്ക്കിതിലും നല്ലൊരു കുട്ടിയെയിനിക്കിട്ടില്ലെന്ന ഒരു മുന്നറിയിപ്പും..!! മാത്രവുമല്ല പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെന്നെക്കുറിച്ച് വിശദമായി തിരക്കി ശ്ശി പിടിച്ചിരിയ്ക്കുന്നത്രേ.

തേടിയ വള്ളി കാലില്‍ ചുറ്റിയിരിയ്ക്കുന്നു. മാമനോട് ഒരു ഫോട്ടോ
ചോദിയ്ക്കാഞ്ഞതു മണ്ടത്തരമായിപ്പോയീന്ന് മനസ്സു പറഞ്ഞു.
സാരമില്ല, അടുത്ത വെള്ളിയാഴ്ച പെണ്ണുകാണല്‍ ചടങ് ദുബായില്‍
തന്നെ തരപ്പെടുത്താമെന്ന പറഞ്ഞിട്ടുണ്ടല്ലോ. ക്ഷമിയ്ക്കുക തന്നെ. ചടങ്ങിന് കൂടെ വരാന്‍ ബന്ധുക്കളാരുമില്ല. സുഹൃത്തുക്കളെ
കൂടെക്കൂട്ടാന്‍ ഒരു മടി. ചൂടുവെള്ളത്തില്‍ വീണ പൂച്ചയാണ്.
പണ്ടൊരു ദുഷ്ടനെ ഇതുപോലെ പെണ്ണുകാണലിനു കൂടെക്കൂട്ടി
പണി കിട്ടിയതിനിയും മറന്നിട്ടില്ല.

വിളിയ്ക്കുമെന്നു പറഞ്ഞിട്ട് ആരുമിതുവരെ വിളിച്ചില്ല ഫോൺ കാളിനായുള്ള കാത്തിരുപ്പു തുടര്‍ന്നു. ആരായിരിയ്ക്കും
വിളിയ്ക്കുക? അമ്മായി അപ്പനോ അളിയനോ..?! എവിടെ വച്ചു
കാണാമെന്നു പറയണം? അതോ വീട്ടിലേക്കു വിളിയ്ക്കുമോ? ഒരു
ദിവസം കഴിഞ്ഞു… രണ്ടാം ദിവസം രാത്രിയായി. നാളെ വെള്ളി. ആരും വിളിച്ചില്ല. നമ്പരുണ്ടായിരുന്നെങ്കില്‍ അങ്ങോട്ടു വിളിയ്ക്കാമായിരുന്നു. ഞാനാകെ നിരാശനായി. അമ്മാവനെ വിളിച്ചാലോ. നാട്ടിലര്‍ദ്ധരാത്രിയായതു കൊണ്ടു വേണ്ടെന്നു വച്ചു.

ഏതായാലും അതെനിക്കൊരു കാളരാത്രിയായിരുന്നു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടച്ചാല്‍ പെണ്ണുകാണല്‍ ചടങ്ങിലേക്കു മന്ദം മന്ദം കടന്നു വരുന്ന സാരിയുടുത്ത ശാലീന സുന്ദരിമാരുടെ നീണ്ട നിര. അതിലേതാണവള്‍, പച്ചസാരിയോ നീലസാരിയോ? അതോ മുല്ലപ്പൂവച്ച നീണ്ട മുടിക്കാരിയോ?

നേരം പുലര്‍ന്നു കണ്ണു തുറന്നപ്പോള്‍ ഒരു മെസ്സേജ്. ഉച്ചയ്ക്ക ഹോട്ടല്‍ ഹയാത്തിന്‍റെ റസ്റ്റോറന്‍റില്‍ വച്ചു കാണാമെന്ന്. ആശ്വാസം. രാവിലെ മുതല്‍ തയ്യാറെടുപ്പു തുടങ്ങി. രണ്ടു തവണ ഷേവു ചെയ്തു. നാലു തവണ ഡ്രസ്സു മാറ്റി. പറഞ്ഞ സമയത്തിനും അരമണിയ്ക്കൂര്‍ മുന്‍പേ അവിടെത്തി. പക്ഷെ എങ്ങനെ തിരിച്ചറിയും? എന്‍റെ ഫോട്ടോ കണ്ടിട്ടുള്ളതു കൊണ്ട് അവര്‍ക്കെന്നെകണ്ടാല്‍ തിരിച്ചറിയും. എതിരെ വന്ന എല്ലാ മലയാളിയേയും കണ്ടു ചിരിയ്ക്കാന്‍ ശ്രമിച്ചു. ചിരിച്ചു ചിരിച്ചു കിറി കോടിയതു മിച്ചം.

എന്‍റെ ചിരി കണ്ടിട്ടാണോ എന്നറിയില്ല നിക്കറിട്ട് തൊപ്പി വച്ച കൂളിംഗ് ഗ്ലാസ്സില്‍ ഒരു സങ്കര മദാമ്മ ഹായ് പറഞ്ഞു മുന്നില്‍ വന്നിരുന്നു. ഇരുന്ന വഴിയ്ക്ക ഒരു ബിയറിന് ഓര്‍ഡറും കൊടുത്തു. എനിയ്ക്കെന്തു ചെയ്യണമെന്ന അറിയാത്ത അവസ്ഥ.

മാറിയിരിയ്ക്കാമെന്നു വച്ചാല്‍ കാലി ടേബിളൊന്നും കാണാനുമില്ല.
അവരെത്താറായി. ഈ സാധനത്തിന്‍റെ കുടെങ്ങാനും കള്ളും കുടിച്ചിരിയ്ക്കുന്നതു കണ്ടാല്‍ അവരെന്തു കരുതും. എന്തു പറഞ്ഞാണൊന്നൊഴിവാക്കുക. വായിലിട്ടു കുഴച്ചു പറയുന്ന ഇംഗ്ലീഷു കേട്ടിട്ടു പകുതി മനസ്സിലാവുന്നുമില്ല. പിന്നല്ലേ പറഞ്ഞു മനസ്സിലാക്കുന്നത് … ഈശ്വരാ എവിടുന്നു കയറു പൊട്ടിച്ചു വന്നതാണോ എന്തോ? പെണ്‍ സങ്കല്പത്തിന്‍റെ
പേരുകളയാനായിട്ടുള്ള ജന്മം.

‘ഇറ്റ്സ് റ്റൂ ഹോട്ട് ഔട്ട് സൈഡ്’ എന്നു പറഞ്ഞു കൊണ്ടവള്‍ തൊപ്പിയൂരിയപ്പോള്‍ ഉള്ളില്‍ ഒതുക്കി വച്ച നീണ്ട കറുത്തു ചുരുണ്ടമുടി താഴേയ്ക്കു വീണു. കൂളിംഗ് ഗ്ലാസ് കൂടിയൂരിയപ്പോഴാണ് മലയാളിയാണെന്നു മനസ്സിലായത്.

‘ഡാഡ് കൂടെ വരാനിരുന്നതാണ്. ഞാന്‍ പറഞ്ഞു വേണ്ടെന്ന്. ആഫ്റ്റര്‍ ആള്‍ നമ്മളല്ലേ തീരുമാനിയ്ക്കേണ്ടത് ‘ ചൂടു ചായക്കു മുന്നില്‍ വിവാഹ സ്വപ്നങ്ങ ള്‍ ആവിയായി പുറത്തേയ്ക്കു പായുമ്പോള്‍ മലയാളിയായ ശാലീനസുന്ദരിയെ പെണ്ണുകാണിച്ച ‘മാമ’ന്‍റെ മുന്നില്‍ ശ്രീകൃഷ്ണനാകാന്‍ ഒരു നിമിഷം ആഗ്രഹിച്ചു പോയി.


സോഹന്‍ റോയ്

സമീപകാല കഥകൾ

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ