മിഥുന യാത്ര
പെണ്ണു കെട്ടാന്‍ പോകുന്ന ഒരുവന്‍റെ മനസ്സില്‍ ഹണിമുണിനെക്കുറിച്ച് ആലോചിച്ചാല്‍ അപ്പോൾ ലഡ്ഡു പൊട്ടും. ഞാനും വിത്യസ്തനായിരുന്നില്ല. അതു കൊണ്ട്
വിവാഹത്തിന്റെ ബഡ്ജറ്റ് ഉണ്ടാക്കിയപ്പോൾ ആദ്യമെഴുതിയതും തുക മാറ്റിവച്ചതും അതിനായിരുന്നു. ഗര്‍ഫുകാരനാണെന്നു പറഞ്ഞിട്ടു കാര്യമില്ല, ധനയന്ത്രമോ വെള്ളിമൂങ്ങയോ കയ്യിലില്ലാത്തതു കൊണ്ട് കെട്ടുകഴിയുമ്പോള്‍ പോക്കറ്റു കാലിയാകും. സ്ത്രീധന വിരോധിയായ കട്ട സഖാവിനു ഭാര്യയോടു ചോദിയ്ക്കാനും പറ്റില്ലല്ലോ. കുടാതെ കടം വാങ്ങിക്കെട്ടില്ലെന്ന ശപഥവും.
അവധി കുറവാണ്. പെണ്ണുകാണലും നിത്യവും കല്യാണവും റിസപ്ഷനും വിരുന്നും ഹണിമുണും എല്ലാം അതിനുള്ളില്‍ കഴിയ്ക്കണം. തെക്കും വടക്കും തമ്മിലുള്ള കെട്ടു പണിയാകുമെന്ന് പലരും പറഞ്ഞതാണ്. കേട്ടില്ല. തെക്കരു ശരിയല്ലെന്ന് പൊതുവേയൊരു ധാരണ വടക്കര്‍ക്കുണ്ട്. ഒരു വടക്കത്തിയെ ഒരു തെക്കനോടൊപ്പം ഇത്ര ദൂരെ ഒറ്റയ്ക്കയക്കുകയോ ? രണ്ടു വൃത്യസ്ഥ രീതികള്‍. പത്തിരുനുറ്റിയമ്പതു കിലോമീറ്ററിലധികം ഓടിയെത്തുമ്പോള്‍ തന്നെ ഒരു വഴിയ്ക്കാകും.
‘ആദ്യരാത്രി’ തന്നെ സംസ്കാര സംഘര്‍ഷത്തിലേയ്ക്കെത്തി.. ഭാര്യയുടെ നാട്ടില്‍ അതു പെണ്ണു വീട്ടിലാണ്. തെക്കര്‍ക്കതു ചെറുക്കന്റെ വീട്ടിലും. അന്നു തന്നെ എന്റെ നാട്ടില്‍ റിസപ്ഷനുമുണ്ട്. സമാധാന ചര്‍ച്ചയ്ക്കൊടുവില്‍ ആദ്യരാത്രി അര്‍ദ്ധരാത്രിയ്ക്കു ശേഷം എന്റെ വീട്ടിലും രണ്ടാം രാത്രി പുലര്‍ച്ചെ രണ്ടു മണിയ്ക്കു ഭാര്യവീട്ടിലുമെത്തി കുര്‍ക്കം വലിച്ചു കിടന്നുറങ്ങി. ഓടുന്ന കാറില്‍ ആദ്യരാത്രിയും രണ്ടാം രാത്രിയുമാഘോഷിച്ച് ആദ്യ യുവമിഥുനച്ചട്ടം അങ്ങനെ ഞങ്ങള്‍ക്കു കിട്ടി.
ചാവക്കാടുകാരിയായ ഭാര്യയുടെ ബന്ധുക്കര്‍ കുടുതലും കോഴിക്കോടും എന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തുമായതു കൊണ്ട് പിന്നീടുള്ള വിരുന്നുയാത്രകള്‍ ശരിയ്ക്കും പീഡനയാത്രകളായി മാറി. ബോഡിഗാര്‍ഡ്സ് ആയി ഒരു സംഘം എപ്പോഴും കുടെയുള്ളതു കൊണ്ട് ഭാര്യയെ ഒറ്റയ്ക്ക് ശരിയ്ക്കൊന്നു കാണാന്‍ കൂടി പറ്റിയില്ല എന്നതാണു സത്യം.
ഒടുവിലാദിനമെത്തി. കാത്തുകാത്തിരുന്ന ഹണിമൂണ്‍ യാത്ര.
പരിമിതമായ ബഡ്ജറ്റും അവധിയുമായതു കൊണ്ടതു കൊടൈക്കനാലില്‍ രണ്ടു ദിവസമെന്നാക്കിച്ചുരുക്കി.. ഡിസംബര്‍
മാസം. നല്ല തണുപ്പുള്ള സമയം. ഹോട്ടല്‍ ബുക്കു ചെയ്തു കഴിഞ്ഞു.
ഭാര്യയുമായൊത്ത് യുക്കാലിപ്റുസ് മരങ്ങളുടെയിടയില്‍ ചുറ്റിത്തിരിയുന്നതും തടാകത്തിലെ ബോട്ടില്‍ കറങ്ങുന്നതും തണുപ്പത്തു ചേര്‍ന്നിരുന്നു ചൂടു പകരുന്നതും. തീ കായുന്നതുംകാന്റില്‍ ലൈറ്റ് ഡിന്നറടിയ്ക്കുന്നതുമൊക്കെ തിരക്കഥയായി മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്..
ചുവന്ന മാരുതിക്കാര്‍ ഞങ്ങള്‍ക്കായി മാത്രം മുറ്റത്തു കുളിച്ചു കുട്ടപ്പനായി നിന്നു. പുറപ്പെടാന്‍ തുടങ്ങിയ ഞങ്ങളുടെ മുന്നിലേയ്ക്ക് ഭാര്യയുടെ അപ്പൂപ്പൻ ഉപയോഗിച്ച മാര്‍ക്ക് വണ്‍ അംബാസിഡര്‍ കാര്‍ കിതച്ചു വന്നു നിന്നത് പെട്ടെന്നായിരുന്നു. ആ തറവാട്ടിലെ കഴിഞ്ഞ രണ്ടു ജനറേഷന്‍ ഇതിലായിരുന്നത്രേ ഹണിമുണിനു പോയിട്ടുള്ളത്. അതിപ്പോളൊരു ചടങ്ങായിക്കഴിഞ്ഞു. ഞങ്ങളും ആ പാത പിന്‍തുടരണം. എന്നിലെ വിപ്ലവകാരി സടകുടഞ്ഞെഴുന്നേല്‍ക്കുന്നതിനു മുന്‍പേ ഭാര്യയും പെട്ടിയും കാറിനുള്ളിലായി. കുടെ ഞാനും. എന്തെങ്കിലും ശബ്ദിയ്ക്കുന്നതിനു മുന്‍പ് അമ്മായിമാരും അമ്മാവനും കൊച്ചച്ചനും അളിയന്‍മാരും കസിന്‍സുമടങ്ങുന്ന ഒരു സംഘം ബോഡിഗാര്‍ഡ്സ് രണ്ടു വശത്തു നിന്നും കാറിനുള്ളിലേയ്ക്കിരച്ചു കയറി. തലേ ദിവസം പതിനൊന്നു പേര്‍ അതില്‍ നിന്നിറങ്ങുന്നതെണ്ണിയതോര്‍മ്മ വന്നു. ഞങ്ങളുടെയിടയില്‍ ഒരമ്മായി പ്രതിഷ്ഠിയ്ക്കപ്പെട്ടതു കൊണ്ട് എന്റെ മുഖത്തെ നീരസം ഭാര്യ കണ്ടില്ല.
പ്രായമായവര്‍ക്കതൊരു തീര്‍ത്ഥാടന യാത്രയായിരുന്നതുകൊണ്ട് പോയ വഴിയ്ക്കുള്ള ഒരമ്പലവും വിട്ടില്ല. പളനി മലയടക്കം. ഒടുവില്‍ സന്ധ്യയോടെ മല കയറിത്തുടങ്ങിയപ്പോൾ അമ്മാവനെക്കാൾ മൂത്ത അംബാസിഡറിനാസ്‌മ തുടങ്ങി. വലിച്ചു വലിച്ച് പുക വന്നു.
റേഡിയേറ്റര്‍ പണിമുടക്കുമെന്ന അവസ്ഥ. കോടമഞ്ഞിറങ്ങിത്തുടങ്ങി. ഞങ്ങള്‍ ശരിയ്ക്കും പെട്ടു.
ഒടുവില്‍ നിര്‍ത്തി നിര്‍ത്തി ഒരു വിധം കൊടൈക്കനാലില്‍ എത്തിയപ്പോൾ അര്‍ദ്ധരാത്രി കഴിഞ്ഞു. സീസണായതു കൊണ്ട് റൂമുകള്‍ ഒഴിവില്ല. ഡോര്‍മിറ്ററിയുണ്ട്. സീനിയര്‍ സിറ്റിസണ്‍സില്‍ മുന്നു പേര്‍ക്കു തണുപ്പു തീരെ പറ്റുന്നില്ല. നിര്‍വ്വാഹമില്ലാതെ ഞങ്ങളുടെ റൂം അവര്‍ക്കു നല്‍കി. അതില്‍ ഹീറ്ററുണ്ട്. ഭാര്യയടക്കം മറ്റുള്ളവരെ ഡോര്‍മിറ്ററിയിലാക്കി. വാതം മൂത്ത് അവശരായ രണ്ടാളുമായി ഞാന്‍ ആസ്പത്രിയിലേക്കു നീങ്ങി. തിരിച്ചെത്തിയപ്പോഴേക്കും കോടയ്ക്കിടയിലൂടെ സുര്യപ്രകാരം പരന്നു തുടങ്ങിയിരുന്നു.
ഉച്ചയോടെ മലയിറങ്ങിയ ഞങ്ങള്‍ അര്‍ദ്ധരാത്രിയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോൾ എന്നെ കാത്ത് പെട്ടെന്ന് തിരിച്ചെത്തണമെന്ന് ഓഫീസില്‍ നിന്നൊരു മെസ്സേജ്. പിറ്റേ ദിവസം മടങ്ങേണ്ട ടിക്കറ്റ് മേശപ്പുറത്തിരുന്നെന്നെ നോക്കിയാക്കിച്ചിരിച്ചു.. ഭാര്യയെ ഒറ്റക്കിനിക്കിട്ടണമെങ്കില്‍ വിസയെടുത്തു ഗൾഫില്‍ കൊണ്ടു പോവുകയേ മാര്‍ഗമുള്ളു എന്ന സത്യം ഞാന്‍ ഒടുവില്‍ തിരിച്ചറിഞ്ഞു തുടങ്ങി.
തന്റെ ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ ചുരണ്ടിയെടുത്താണ് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നതെന്നു കേട്ടിട്ടുണ്ട്. എന്റെ ജീവിതത്തിലും കയറി ചുരണ്ടണമായിന്നോ എന്ന് എന്നെങ്കിലും നേരിട്ടു കാണുമ്പോള്‍ അദ്ദേഹത്തോട് ചോദിയ്ക്കണമെന്ന് മിഥുനം സിനിമ ടിവിയില്‍ വരുമ്പോഴൊക്കെ ഞാനോര്‍ക്കാറുണ്ട്.
സോഹൻ റോയ്