കാമാഖ്യയാത്ര

ജീവപര്യന്തം കഠിനതടവിനു വിധിക്കപ്പെട്ട എന്നിലെ നാസ്തികനെ കൈലാസമടക്കം ഭാരതത്തിലെ മിക്ക ആത്മീയ കേന്ദ്രങ്ങളിലും കയറ്റിയിറക്കി ആജ്ഞേയവാദിവരെയാക്കിയ ഭക്തഭാര്യ, എന്തു കൊണ്ടാണെന്നറിയില്ല തറവാട്ടിലെ മുതിർന്നവരെയെല്ലാം കൂട്ടി എല്ലാ വർഷവും നടത്താറുള്ള തീർത്ഥാടനത്തിൽ മാത്രം ആ അരഭക്തനെ ഒപ്പം കൂട്ടാറില്ല. അപൂർവ്വം മാത്രം ലഭിയ്ക്കുന്ന പരോളായതു കൊണ്ട് ഈ ദിനങ്ങൾ ഞങ്ങൾ സുഹൃത്തുക്കൾ ഒന്നിച്ചടിച്ചുപൊളിക്കുകയാണു പതിവ്. പക്ഷേ ഈ വർഷത്തെ യാത്ര ആസാമിലെ ഗോഹട്ടിയിലുള്ള കാമാഖ്യ ക്ഷേത്രത്തിലേക്കായതു കൊണ്ട്, ദമ്പതീ പൂജയ്ക്കായി ഒപ്പം ചെല്ലണമെന്ന ഉത്തരവെത്തിയതോടു കൂടി പരോൾ പദ്ധതി എട്ടു നിലയ്ക്കുപൊട്ടി. സൗഹൃദ സദസ്സുകളിലെ പൊട്ടിച്ചിരികൾ സഹതാപച്ചിരിയായി സുഹൃത്തുക്കളിൽ 
മാറുന്നതറിഞ്ഞുകൊണ്ട് നിശ്ശബ്ദനായി ഞാൻ പെട്ടി കെട്ടി.... 

ഒടുവിൽ ആ യാത്രയ്ക്കു കൊടിയേറി. ബന്ധുക്കളും സ്വന്തക്കാരുമടങ്ങുന്ന സംഘം തലേന്നുതന്നെ ഭാര്യയുടെ തറവാട്ടിലെത്തി.  അതിരാവിലെ രണ്ടരയ്ക്കു എയർപോർട്ടിലേക്കു പുറപ്പെടണം. സുഖനിദ്രയിലാഴേണ്ട സമയത്ത് ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയിലാണു ഞാൻ.  പക്ഷേ അറുപതുകഴിഞ്ഞ പത്തിലേറെപ്പേർ വരുന്ന സംഘം ആറു വയസ്സുകാരുടെ ആവേശത്തിലാണ്. മുറ്റത്തിറങ്ങിയെങ്കിലും, കാറിൽ കയറാതെ സംസാരത്തോടു സംസാരം. ഒപ്പം ഫോട്ടോ പിടിത്തവും.  അർദ്ധരാത്രിയിലെ അമിത മേക്കപ്പിൻ്റെ ഉദ്ദേശം അപ്പോഴാണു മനസ്സിലായത്. ഒരു വിധം എല്ലാവരേയും ഉന്തിത്തള്ളി കാറിൽ കയറ്റിയപ്പോൾ അകത്തളത്തിലെവിടെ നിന്നോ ഒരു ശബ്ദം. വിളക്കുകളെല്ലാം അണഞ്ഞാൽ നൂറു വർഷം പഴക്കമുള്ള ആ വലിയ തറവാടൊരു ഹവേലി പോലാണെനിക്കു തോന്നാറുള്ളത്. പോരാത്തതിന് മുറ്റത്തോടു ചേർന്നു തന്നെ പൂർവ്വികരെ അടക്കിയ ശവക്കല്ലറകളും. ഭ്രമയുഗം കണ്ടതിൻ്റെ കേടിനിയും മാറിയിട്ടില്ല. മൊത്തത്തിലൊരു പന്തികേട്. 
ശബ്ദം നിലച്ചിട്ടില്ല. തെക്കിനിയിലെവിടെയോ ഏതോ കാർന്നോർ ഇരുന്ന് മെതിയടി കൊണ്ടോ ഊന്നു വടി കൊണ്ടോ നിലത്തു മുട്ടുന്ന പോലൊരു സംശയം. പക്ഷേ നാഗവല്ലിയുടെ ചിലങ്കയുടെ ശബ്ദമില്ല. ആശങ്ക ഭയമായിത്തുടങ്ങിയപ്പോൾ അതു വീട്ടിലെ വളർത്തുനായയുടെ പരിഭവപ്രകടനമാണെന്നു പറഞ്ഞ് അമ്മായിയമ്മ  ഡോറടച്ച് ഡബിൾ ബെൽ കൊടുത്തു.  എന്തോ പന്തികേടു തോന്നിയ വീട്ടിലെ ഡ്രൈവർ അടച്ച വീടൊന്നുകൂടിത്തുറന്ന് ഉള്ളിലെ ശബ്ദമെന്തെന്നറിയാൻ പോയി. ഇങ്ങനെ ഒറ്റയ്ക്കു പോയവർ തിരിച്ചു വരാതിരിക്കുന്ന പല ഹൊറർ സിനിമകളും കണ്ടിട്ടുണ്ട്. മറ്റുള്ളവരെല്ലാം വണ്ടികളിൽ കയറിക്കഴിഞ്ഞതുകൊണ്ട്, തിരഞ്ഞുപോകാനുള്ള രണ്ടാമൂഴം എൻ്റേതാണ്. തലേദിവസം ശിവരാത്രി ആയിരുന്നെന്ന് പെട്ടെന്നാണോർമ്മവന്നത്. ഈശ്വരാ... വാർഷിക സമ്മേളനത്തിനെത്തിയ ആത്മാക്കൾ മടങ്ങിപ്പോകാതെ രാത്രിയുടെ അന്ത്യയാമങ്ങളിൽ  പണി തരാൻ ഇറങ്ങിയതാണോ....? ഭയം പെരുവിരലിലൂടെ അരിച്ചെത്തിത്തുടങ്ങിയപ്പോഴതാ അകത്തേക്കു പോയ ഗൃഹഭരണസാരഥി കൂടിയായ അലി ഒരു സ്ത്രീരൂപവുമായി പുറത്തേക്ക്. എന്ത്? കളർ സാരിയുടുത്ത പ്രേതമോ ?  അടുത്തു വന്നപ്പോഴാണ് ആളെ മനസ്സിലായത്. യാത്രയിൽ ഒപ്പം പോകേണ്ട അമ്മായി. ടോയ്‌ലറ്റിലായിരുന്ന പാവത്തിൻ്റെ മുറി പുറത്തു നിന്നാരോ മണിച്ചിത്രത്താഴിട്ടു പൂട്ടിപ്പോന്നു. മൊബൈലാണെങ്കിൽ മുറിക്കു പുറത്തും. നാലഞ്ചു ദിവസം അവിടെത്തന്നെ കിടക്കേണ്ടി വരുമോ എന്നോർത്തു പേടിച്ചു വിറച്ചു സഹായത്തിനായി വാതിലിലിട്ടിടിച്ചതിൻ്റെ ശബ്ദഘോഷമാണ് ഭ്രമയുഗമിഥ്യയായ് അറ്റ്മോസിൽ ഞങ്ങൾ കേട്ടത്. അമ്മായി മറ്റേ വണ്ടിയിലുണ്ടാവുമെന്ന് ഒരോരുത്തരും കരുതി വിട്ടുപോയതാണ്. എന്തായാലും തന്നെക്കൂട്ടാതെ അലിയേയും കൂട്ടി  പുറപ്പെടാനൊരുങ്ങിയവരുടെ മുന്നിൽ വിറച്ചെത്തിയ അമ്മായി നാഗവല്ലിയായി പൂർണ്ണമായും മാറുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.. 

ഒരു വിധം അമ്മായിയെ ആവാഹിച്ച് എയർപ്പോർട്ടിലെത്തിയപ്പോൾ സമയം വൈകി. അപ്പോഴാണറിയുന്നത് കൂട്ടത്തിലൊരാളുടെ ടിക്കറ്റ് തലേ ദിവസത്തേക്കുള്ളതാണെന്ന്. മറ്റൊരാൾക്ക് തിരിച്ചറിയൽ കാർഡില്ല. യുദ്ധകാലാടിസ്ഥാനത്തിൽ രണ്ടും പരിഹരിച്ചപ്പോൾ അറിയുന്നു അകത്തു കയറിയ ഒരാളുടെ ഹാൻഡ് ബാഗു കാറിലാണെന്നും, അതുമായി അലി മടങ്ങിയെന്നും.  അങ്കമാലിയിലെത്തിയ ബാഗ് കയ്യിൽ കിട്ടിയപ്പോഴേക്കും ഗേറ്റേതാണ്ട് അടയ്ക്കുന്ന അവസ്ഥ. ആ കടമ്പയും ചാടിക്കടന്ന് ഒരു വിധം അകത്തു ചെന്നപ്പോൾ കാത്തു നിന്ന ഭാര്യയുടെ ഡയലോഗ്.."  നന്നായി ഇങ്ങനൊക്കെ നടന്നത്... പണിക്കരു പറഞ്ഞിരുന്നു കാമാഖ്യ ദേവിയെ കാണണമെങ്കിൽ പല പരീക്ഷണങ്ങളും നേരിടേണ്ടി വരുമെന്ന്." അതിൻ്റെ ക്രഡിറ്റും സ്ഥിരം പാരയായ ജ്യോത്സ്യൻ അടിച്ചു മാറ്റി. അതോടെ എൻ്റെ പിടുത്തം വിട്ടു. 

അശ്രദ്ധ എന്ന ദുശ്ശീലം കാരണമുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഏതു കാര്യം ചെയ്യുമ്പോഴും ഒന്നും മറന്നു പോകാതിരിക്കാൻ കരുതേണ്ട ചെക്ക് ലിസ്റ്റിനെക്കുറിച്ചും ഒരു ക്ലാസ്സു തന്നെയങ്ങെടുത്തു മുന്നോട്ടു നടക്കുമ്പോൾ പുറകിൽ നിന്നൊരാൾ വന്നു തോളിൽ തട്ടി എന്തോ കാട്ടിത്തരുന്നു, കവചകുണ്ഠലം പോലെ എന്നും എവിടെയും കൊണ്ടു നടക്കുന്ന പാസ്പോർട്ടടങ്ങിയ എൻ്റെ ഹാൻഡ്ബാഗ്, അശ്രദ്ധയെക്കുറിച്ചുള്ള ക്ലാസ്സെടുപ്പിനിടയിൽ  മറന്നു വച്ചിട്ടാണു നടക്കുന്നതെന്ന സത്യം എന്നിലെ ഉപദേശി തിരിച്ചറിഞ്ഞു. ബാഗു മറക്കരുതെന്ന് ചെക്ക് ലിസ്റ്റിലില്ലേയെന്ന സംഘത്തലൈവി ഭാര്യയുടെ ഊത്ത് കേൾക്കാത്ത മട്ടിൽ അവസാന യാത്രക്കാരനായി ഫ്ലൈറ്റിൽ കയറി ഒരു ദീർഘ നിശ്വാസത്തോടെ കസേരയിലിരുന്ന് വരാൻ പോകുന്ന പരീക്ഷണങ്ങളെക്കുറിച്ചോർത്തപ്പോൾ കാമാഖ്യ ക്ഷേത്രമാണോ അതോ പരീക്ഷണശാലയാണോ എന്ന് ഉള്ളിലെങ്ങോ മറഞ്ഞിരിക്കുന്ന യുക്തിവാദി അറിയാതെ ചോദിച്ചു പോയി....!!

സമീപകാല കഥകൾ

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ