ആഫ്രിക്കൻ യൗവനം

ഡാ൦ 999നുമായി  ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുവാന്‍
ലോകം മുഴുവന്‍ കറങ്ങി നടന്ന കാലം. ഒടുവില്‍ ആ
യാത്രയങ്ങ് ഉഗാണ്ടന്‍ ഫെസ്റ്റിവല്‍ വരെയെത്തി.
അതിനിടെ നാവിക ലോകത്തു നിന്നു ഹോളിവുഡ്ഡിലെത്തിയ സംവിധായകനെന്ന നിലയില്‍ പല നാവിക അക്കാഡമികളിലും പ്രത്യേക ക്ഷണിതാവായി പോകേണ്ടി വന്നു. അങ്ങനെയിരിയ്ക്കെയാണ് ആഫ്രിയ്ക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിലെ മാരിടൈം അക്കാഡമി എനിയ്ക്കു
ഫെലോഷിപ്പ് തന്ന് ആദരിയ്ക്കാന്‍ തീരുമാനിച്ചത്. ഹോളിവുഡ്ഡും
ബോളിവുഡ്ഡും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സിനിമാ
ലോകം നൈജീരിയയിലെ നോളിവുഡ്ഡാണ്. അതു കൊണ്ടു തന്നെ,
നൈജീരിയയിലേക്കുള്ള യാത്ര എന്നിലെ സിനിമാ ഭ്രാന്തന് ഇരട്ടി
മധുരമാണു തന്നത്. പക്ഷെ ഭാര്യയുമായ അവിടെയെത്തിയപ്പോഴാണ്
കാര്യത്തിന്‍റെ ഗുരുതരാവസ്ഥ മനസ്സിലാവുന്നത്. എയര്‍പ്പോര്‍ട്ടില്‍
ഇറങ്ങിയതേ ഓര്‍മ്മയുള്ളൂ, ചുറ്റിലും AK47 നുമായി ഒരു കൂട്ടം. ഒരു വിധം കാറിനുള്ളില്‍ കയറിയപ്പോള്‍ അതിനുള്ളിലും തോക്കു
പിടിച്ചൊരുത്തന്‍. മുന്നിലും പിന്നിലും തോക്കുധാരികളുടെ 
വാഹനവ്യൂഹം..

എന്തിനാണിത്രയും സെക്യുരിറ്റിയെന്ന ചോദ്യത്തിന്‍റെ ഉത്തരം കേട്ടപ്പോള്‍ ശരിയ്ക്കും ഞെട്ടി. നൈജീരിയന്‍ സമ്പത്തിന്‍റെ നട്ടെല്ലായ
എണ്ണപ്പാടങ്ങളുള്ള ഡെല്‍റ്റാ പ്രോവിന്‍സിലാണത്രേ അക്കാഡമി.
അതിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് കുപ്രസിദ്ധമായ
ബോക്കോഹറാം. തീവ്രവാദത്തിന്‍റെ പറുദീസ. ജീവനോടെ തിരിച്ചു
പോകാനായാല്‍ ഭാഗ്യം. സ്ത്രീകളെ കിട്ടിയാല്‍ പിടിച്ചടിമകളാക്കി
വില്‍ക്കു൦. ഈശ്വരാ… ഇവന്‍മാര്‍ ആദരിയ്ക്കാനാണോ ആഹരിയ്ക്കാനാണോ വിളിച്ചു വരുത്തിയത്?
ബോക്കോഹറാമിനെക്കുറിച്ചു കേട്ടിട്ടില്ലാത്ത ഭാര്യ ഫേസ്ബുക്കിലിടാന്‍ അവിടെപ്പോയി ഫോട്ടോയെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആദ്യം ഞെട്ടിയത് AK 47 പിടിച്ചു മുന്നിലിരുന്ന ഘടോല്‍ഘചന്‍ സെക്യുരിറ്റി..

ഏതായാലും ചടങ്ങു ഭംഗിയായി നടന്നു. അവിടുത്തെ
രാജാവൊഴിച്ച്, കുട്ടി രാജാക്കന്മാരെപ്പോലെ കഴിയുന്ന
ഗ്രാമമുഖ്യന്മാരും ഗോത്രത്തലവന്മാരുമടക്കം നിരവധി പേര്‍
പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങ്. രാജാവിന്‍റെ
പ്രതിനിധി വന്ന പിറ്റേ ദിവസം കൊട്ടാരത്തില്‍
അദ്ദേഹത്തിന്‍റെ അതിഥിയായെത്തണമെന്നു പറഞ്ഞപ്പോള്‍
വീണ്ടും ഞെട്ടി. ജനാധിപത്യ രാജ്യമെങ്കിലും ജനങ്ങളുടെ
മനസ്സില്‍ അവിടിന്നും രാജാവാണത്രേ മുഖ്യന്‍.

കൊട്ടാരത്തിലെത്തിയ ഞങ്ങളെ രാജാവെതിരേറ്റത് ആചാര പ്രകാരം പാത്രത്തില്‍ നിന്ന ഒരു കുത്തു നൈജീരിയന്‍ കറന്‍സി എടുത്തു തന്നു കൊണ്ടായിരുന്നു. എത്ര മനോഹരമായ ആചാരം. പക്ഷേ പിന്നീടെണ്ണിനോക്കിയപ്പോള്‍ മാത്രമാണ് മനസ്സിലായത് അതേതാണ്ട് ഇരുപതു ഡോളറേ വരൂ എന്ന്. ആറടി നാലിഞ്ചു പൊക്കമുള്ള ആരോഗ്യദൃഢഗാത്രനായ രാജാവിന്‍റെ പ്രായം 99. ആ പ്രദേശത്തു കിട്ടുന്ന ഒരു തരം കായ കഴിയ്ക്കുന്നതാണത്രേ അദ്ദേഹത്തിന്‍റെ ആരോഗ്യ രഹസ്യം. ജീവിതത്തിലിന്നേവരെ ഡോക്ടറെ കാണുകയോ മരുന്നു കഴിയ്ക്കുകയോ ചെയ്തിട്ടില്ല. ആചാര പ്രകാരം ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം അവിടിരുന്ന ഉണങ്ങിയ കായ കഴിയ്ക്കണമത്രേ. അതിന്‍റെ പച്ചക്കായ കൊടും വിഷമായതു കൊണ്ട് അബദ്ധത്തിലെങ്ങാനും പച്ചയ്ക്കു കഴിച്ചു പോയാല്‍ അപ്പോള്‍ തന്നെ തീരുമാനമാകുമെന്നറിഞ്ഞപ്പോള്‍ രണ്ടു കിലോ കായ പറിച്ചു പൊതിഞ്ഞു കൊണ്ടുപോയി എന്നെ നൂറു കടത്താനിരുന്ന ഭാര്യ മനസ്സു മാറ്റി.

തിരിച്ചു പോന്നെങ്കിലും രാജാവുമായുള്ള ബന്ധം തുടര്‍ന്നു പോന്നു.
ഇന്‍ഡ്യന്‍ ഫിലിം ഇന്‍ഡസ്ട്രിയെ ഹോളിവുഡ്ഡിനും
മുകളിലെത്തിയ്ക്കാനായി ‘ഇന്‍ഡിവുഡ് ‘ എന്നൊരു പ്രോജക്റ്റ്‌ ഇതിനിടയില്‍ ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. നോളിവുഡ്ഡിനെക്കൂടി ഒപ്പം കൂട്ടിയാല്‍ ലക്ഷ്യത്തില്‍ പെട്ടെന്നെത്താന്‍ സാധിയ്ക്കുമല്ലോ
എന്നോര്‍ത്തപ്പോഴാണ് രാജാവിനെക്കുറിച്ചോര്‍മ്മ വന്നത്.
ഇന്‍ഡിവുഡ്ഡിന്‍റെ അടുത്ത ഫിലിം കാര്‍ണിവല്‍ ഹൈദ്രബാദ് രാമോജി ഫിലിം സിറ്റിയില്‍ വച്ചാണ്. നാലു ദിവസം നാല്പതിലേറെ വേദികളിലായി നടക്കുന്ന വമ്പന്‍ ചടങ്ങാണ്. അന്‍പതിലേറെ രാജ്യങ്ങ ളില്‍ നിന്നെത്തുന്ന സെലിബ്രറ്റികളുണ്ടാവും.. പ്രത്യേക ക്ഷണിതാവായി രാജാവിനെ വിളിച്ചാലോ? നമ്മളൊക്കെ വിളിച്ചാല്‍ അദ്ദേഹം വരുമോ? രണ്ടും കല്പിച്ചങ്ങുക്ഷണിച്ചു. പക്ഷെ ഞങ്ങളെയെല്ലാം ഞെട്ടിത്തരിപ്പിച്ചു കൊണ്ട രാജാവും പരിവാരങ്ങളും കൃത്യമായി ചടങ്ങിലെത്തി.

നോളിവുഡ്ഡിന്‍റെ അധിപന്‍ കൂടിയായി കാണേണ്ട രാജാവിനെ
ശരിയ്ക്കൊന്നാദരിയ്ക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അന്താരാഷ്ട്ര സിനിമാ താരങ്ങളാല്‍ സമ്പുഷ്ടമായ ചടങ്ങില്‍ വച്ച് രാജാവിന്‍റെ നൂറ്റിയൊന്നാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. വേദിയിലെ രാജാവിന്‍റെ രൂപവും പ്രായവും ചുറുചുറുക്കും വേഷവും ആചാരങ്ങളും കണ്ട് താരങ്ങളുടെ കണ്ണു ചിമ്മി. രംഗം കൊഴുപ്പിയ്ക്കാന്‍ വേണ്ടി മൈക്കെടുത്തു ഞാന്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ രഹസ്യമായ കായുടെ കഥയും ജീവിതത്തില്‍ ഇന്നുവരെ ഹോസ്പിറ്റല്‍ കാണാതെ പോയ ചരിത്രവും മസാല ചേര്‍ത്തു വച്ചു കാച്ചി. സന്തോഷം മൂത്ത രാജാവ്കൂടെക്കരുതിയ കായ്കള്‍ അപ്പോള്‍ തന്നെ വിതരണം തുടങ്ങി. മുന്നിലിരുന്ന പല ഭാഷകളിലെയും പ്രായം മറച്ചെത്തിയ നിത്യഹരിത നായകന്മാര്‍ രാജാവിന്‍റെ മുന്‍പില്‍ കായ കഴിയ്ക്കാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞും കാത്തു നിന്നത് ഒരു കാഴ്ച തന്നെയായിരുന്നു..

ചടങ്ങു വളരെ നീണ്ടു പോയതു കൊണ്ട് റൂമില്‍ വന്നു കിടന്നതേ
ഓര്‍മ്മയുള്ളൂ. അതിരാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ വിളി
കേട്ടാണുണര്‍ന്നത്. വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചു. രാജാവിനെ
രാത്രിയില്‍ നെഞ്ചുവേദന വന്നു ഹോസ്പിറ്റലില്‍ കൊണ്ടു പോയി ICU ല്‍ ആക്കിയിരിക്കുന്നു.. ബോധം പോകുന്നതിനു മുന്‍പ് അവസാനമായി എന്നെയാണത്രേ തിരക്കിയത്. അറം പറ്റുന്നതിന്‍റെ അവസ്ഥാന്തരങ്ങള്‍ പലതും അനുഭവിച്ചിട്ടുണ്ടെങ്കിലും ഇതൊരൊന്നൊന്നര അറം പറ്റലായിപ്പോയല്ലോ എന്നോര്‍ത്തു സ്വയം ശപിച്ചു.. ഏതായാലും അന്നാശംസിച്ചു മുങ്ങിയ എന്നെ പിന്നെ മടങ്ങിപ്പോയ രാജാവിനു മഷിയിട്ടു നോക്കിയിട്ടു പോലും കിട്ടിയില്ല.. എല്ലാ വര്‍ഷവും നൈജീരിയയില്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍ രാജാവിനെപ്പേടിച്ചാണോ ബോക്കോ ഹറാമികളെ പേടിച്ചിട്ടാണോ എന്നറിയില്ല പുരസ്കാരങ്ങള്‍ വാങ്ങാനോ നോളിവുഡ്ഡ് കീഴടക്കാനോ ആയി ആഫ്രിയ്ക്കന്‍ വന്‍കരയില്‍ പോലും പിന്നൊരിയ്ക്കലും നിലം തൊട്ടിട്ടില്ല.

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ