മധുരപ്പാര

ജീവിതത്തില്‍ ഒരു മാര്‍ഗ്ഗദര്‍ശിയുടെ രൂപത്തില്‍ നമ്മുടെ നന്മ മാത്രം കൊതിയ്ക്കുന്ന പക്വതയുള്ള ഒരു സുഹൃത്തിനെ ചിലര്‍ക്കു  അപ്രതീക്ഷിതമായി  കിട്ടിയേക്കാം. കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ജീവിതത്തില്‍ എനിയ്ക്കങ്ങനെ കിട്ടിയ
സുഹൃത്താണ് ശ്രീകുമാര്‍. പ്രായത്തില്‍ എന്നെക്കാള്‍ മൂപ്പുണ്ട്. എല്‍ എല്‍ എമ്മിനു പഠിയ്ക്കുന്നു. ലോ കോളേജ് ഇളക്കി മറിച്ച കട്ട സഖാവ്. ബാലജനസഖ്യത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റെന്ന നിലയിലും കോളേജ് യൂണിയന്‍ ചെയര്‍മാനെന്ന നിലയിലും തന്‍റെ നേതൃബലത്തിലൂടെയും പ്രസംഗ പാടവത്തിലൂടെയും പ്രശസ്തനായിത്തന്നെയായിരുന്നു ലോ കോളേജിലെ തുടക്കം. തന്ത്രജ്ഞതയിലും പാരവയ്പിലും അഗ്രഗണ്യനായിരുന്നതുകൊണ്ട് ഭാവിയിലെ ഒരു മന്ത്രിയെ തന്നെയാണ് എല്ലാവരും പുള്ളിക്കാരനില്‍ കണ്ടത്. സെക്രട്ടറിയേറ്റിന്‍റെ മുന്നിലെ അടി സ്ഥിരമായി കൊള്ളുന്നത്
നട്ടെല്ലിനു നല്ലതല്ല എന്നു തിരിച്ചറിഞ്ഞതു കൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ ക്യാബിനറ്റു റാങ്കുള്ള, രാഷ്ട്രീയ കുടുംബത്തില്‍ നിന്നു വന്ന തന്‍റെ ഉറ്റമിത്രത്തിനു വേണ്ടി, കിട്ടേണ്ടിയിരുന്ന ചെയര്‍മാന്‍ സ്ഥാനം ശ്രീ ഒഴിഞ്ഞു 
കൊടുത്തു. പക്ഷെ പാരവപ്പിലെ ‘മധുരരാജ’ സ്ഥാനം നിലനിര്‍ത്തി അവിടുത്തെ ‘കിംഗ് മേക്കര്‍’ ആയി വാണു. കുറച്ചു കാലം ഞാനും ലോ കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് പഴയ സുഹൃത്തുക്കള്‍ വഴി ശ്രീയുടെ കുപ്രസിദ്ധി നേടിയ, ആദ്യം മധുരിയ്ക്കുകയും  പിന്നെ കയ്പറിയുകയും ചെയ്യുന്ന മധുരപ്പാരകളുടെ കഥ നിരവധി കേട്ടറിവുണ്ടായിരുന്നു.
എന്‍റെ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളിലെല്ലാം ശ്രീയുടെ സ്വാധീനമുണ്ടായിരുന്നു. രാഷ്ട്രീയ തീരുമാനങ്ങളിലും, സിനിമയിലേക്കുള്ള പ്രവേശനത്തിലും മര്‍ച്ചന്‍റ് നേവിയില്‍ ചേര്‍ന്നതിനും പ്രണയക്കുരുക്കുകളില്‍ പെടാതെ നോക്കിയതിലും  എന്തിനു വടക്കത്തിയായ തന്‍റെ ബന്ധുവിനെ തെക്കനായ എന്‍റെ പുറത്തെ വേതാളമാക്കിയതില്‍  വരെ. ശ്രീ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ തന്‍റെ വരവറിയിച്ചതു തന്നെ അതിന്‍റെ ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ്ണ വിദ്യാര്‍ത്ഥി സമരത്തിനു തിരിവച്ചു കൊണ്ടായിരുന്നു. ആവശ്യം കേട്ട് അധികൃതര്‍ ഞെട്ടി.
അവിടെ നടന്ന പ്രശസ്തമായ സയന്‍സ് കോണ്‍ഗ്രസ്സിന് വോളന്‍റിയേഴ്സ് ആയി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌  ശമ്പളം നല്‍കണം. സമരം വിജയിപ്പിക്കുക മാത്രമല്ല ഓരോരുത്തര്‍ക്കും  ഏതാണ്ടു രണ്ടു മാസത്തെ മെസ്സ് ബില്ലടയ്ക്കാനുള്ള  കാശും വാങ്ങിക്കൊടുത്തു. അതോടെ പാരവയ്പ്, അടിപിടി, ശത്രുസംഹാരം, രാഷ്ട്രീയ സ്പര്‍ദ്ധ, പ്രണയ സാഫല്യം
തുടങ്ങിയവയ്ക്കുള്ള  ക്യാമ്പസിലെ ആസ്ഥാന ഉപദേശകനായി ശ്രീ മാറി. കണ്‍സള്‍ട്ടന്‍സി ഫീയായി ഒരു കുപ്പിയും വാങ്ങി മുറിയിലേക്കു  ചെന്നാല്‍ മതി. മെസ്സിലെ ചേട്ടനെ പണ്ടേ കുഷിയിലാക്കിയതുകൊണ്ട്‌  മുട്ട, അണ്ടിപ്പരിപ്പ്, കിസ്മിസ്, അച്ചാര്‍, ആപ്പിള്‍ എന്നു വേണ്ട കോഴി വറുത്തതു വരെ ശ്രീയുടെ മുറിയില്‍ യഥേഷ്ടം രാത്രിയായാലെത്തുമായിരുന്നു. അതടിയ്ക്കാന്‍  ഞങ്ങളും. വീടടുത്തായതു കൊണ്ട് മെസ്സില്‍ രാത്രി കഞ്ഞിയാണെങ്കില്‍  ശ്രീ എന്നെയും കൂട്ടി വീട്ടില്‍ പോയി തന്‍റെ അമ്മയുടെ കൈപ്പുണ്യമറിയിക്കുമായിരുന്നു. പിറ്റേന്നു രാവിലെ ഉഗ്രന്‍ ബ്രേക്ക്‌  ഫാസ്റ്റും കഴിച്ചായിരിക്കും മടക്കം. ഹോസ്റ്റലിലെ ‘മെസ്സ് ‘ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നടത്തുന്നത്. ഒരിയ്ക്കല്‍ ശ്രീയായിരുന്നു ‘മെസ്സ് ഇന്‍ ചാര്‍ജ് ‘. മെനുവില്‍ രാത്രി കഞ്ഞിയായതു കൊണ്ടു ഞങ്ങള്‍ പതിവുപോലെ വീട്ടില്‍ പോയി. ചിലവു ചുരുക്കാനാണോ പോഷകാഹാരം കൊടുക്കാനാണോ  എന്നറിയില്ല പിറ്റേ ദിവസം രാവിലെ ചെറുപയര്‍ പുഴുക്കാണ്‌  മെനുവില്‍ ശ്രീയിട്ടത്. കഞ്ഞി  കുടിച്ചു കലിപ്പായവര്‍ രാവിലെ പയറു മാത്രം കണ്ടപ്പോള്‍ അക്രമാസക്തരായി. ശ്രീയില്‍ നിന്നു പഠിച്ച പ്രതിഷേധ മാര്‍ഗ്ഗം അവര്‍ ശ്രീയ്ക്കെ തിരെ തന്നെ പ്രയോഗിച്ചു. പുഴുക്കു നാലു ചുറ്റും വലിച്ചെറിയപ്പെട്ടു. രാവിലെ ഹോസ്റ്റലില്‍ തിരിച്ചു വന്ന ഞങ്ങള്‍ കാണുന്നത് ചെറുപയര്‍ കൊണ്ടു കാര്‍പ്പറ്റിട്ട മെസ്സ് ഹാളാണ്. ഉച്ചയ്ക്കു നല്ല മീന്‍ കറി കൂട്ടി ചോറടിച്ച സഹപാഠികള്‍ ശ്രീയോടു
ക്ഷമിച്ചതായി പ്രഖ്യാപിച്ചു. പക്ഷെ ശ്രീയുടെ മുഖത്തെ മറുപടിച്ചിരിയിലെ പാരയുടെ മണം മീന്‍ കറിയുടെ മണത്തിലറിയാതെ പോയി. അന്നു നാലു മണിയ്ക്കു  ചായയ്ക്കൊപ്പം നല്‍കിയ ‘സുഖിയന്‍റെ’ മധുരം പറഞ്ഞറിയിക്കാന്‍  പറ്റാത്തതായിരുന്നു. പലരും എക്സ്ട്രാ വാങ്ങിക്കഴിച്ചു കൊണ്ട് മെസ്സിലെ ചേട്ടനെ അഭിനന്ദിച്ചപ്പോള്‍ അത് രാവിലെ തങ്ങള്‍ വലിച്ചെറിഞ്ഞ ചെറുപയര്‍, ചൂലുകൊണ്ടടിച്ചു കൂട്ടി രണ്ടുകിലോ പഞ്ച സാര കൂടുതലിട്ടു സുഖിയനുണ്ടാക്കിക്കൊടുക്കാന്‍ പറഞ്ഞ ശ്രീയ്ക്കല്ലേ കൊടുക്കേണ്ടിയിരുന്നതെന്ന എനിയ്ക്കു
പറയണമെന്നുണ്ടായിരുന്നു. അന്നു രാത്രി ശ്രീയുടെ മുറിയില്‍ പൊട്ടിയ കുപ്പി അന്നാദ്യമായി ശ്രീയുടെ വകയായിരുന്നെങ്കിലും അതു അടിച്ചു കൂട്ടിയ ചെറുപയറിന്‍റെ ബില്ലായി മാറിക്കഴിഞ്ഞിരുന്നുവെന്ന്
എനിയ്ക്കു മാത്രമേ അറിയുമായിരുന്നുള്ളൂ.


മധുരിയ്ക്കുന്ന പാരകളിലൂടെ പ്രണയം കലക്കലില്‍ സെഞ്ച്വറിയടിച്ച ശ്രീയുടെ പ്രായശ്ചിത്തമായിരുന്നു എന്‍റെ വിവാഹമെങ്കിലും കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷവും കേക്കുമുറിച്ച് വാര്‍ഷികമാഘോഷിയ്ക്കുമ്പോള്‍ ഞങ്ങളിലാര്‍ക്കിട്ടാണു ശ്രീയന്നു മധുരമായ ആ തെക്കുവടക്കു പാര വച്ചതെന്ന പരസ്പരം നോക്കിയോര്‍ക്കാറുണ്ട്


സോഹന്‍ റോയ്‌

സമീപകാല കഥകൾ

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ