വ്യാജരാജ

ഡിക്റ്റക്റ്റീവ്‌ നോവലുകളോടുള്ള ചെറുപ്പകാലത്തെ ആരാധന
കൊണ്ടാണോ എന്നറിയില്ല കുറ്റാന്വേഷണത്തോടും
കുറ്റാന്വേഷകരോടും എനിക്കൊരു പ്രത്യേക മമതയുണ്ട്‌.
അതു കൊണ്ടു തന്നെ എന്റെ അടുത്ത സുഹൃത്തുക്കളൊക്കെ ഷെര്‍ലക്ക്‌ ഹോംസിനോ പുഷ്പരാജിനോ പഠിയ്ക്കുന്നവരുമാണ്‌. ഞങ്ങള്‍ കുറ്റാന്വേഷകര്‍ മറ്റുള്ളവര്‍ കാണാത്തതു കാണും കേള്‍ക്കാത്തതു കേള്‍ക്കും കളയുന്നവയെടുക്കും.
അങ്ങനെയുള്ളൊരു സുഹൃത്താണ്‌ കോട്ടയം പുഷ്പനാഥിന്റെ നാട്ടുകാരനും എഞ്ചിനീയറുമായ ‘ഡിക്റ്റക്റ്റീവ്‌ ‘ ബിജുരാജ്‌. പണ്ടു ഇംഗ്ലീഷ്‌ മാഷിന്റെ പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള സ്പെഷ്യല്‍ ക്ലാസ്സിലെ ‘സ്പെല്ലിങ്ങ്‌ മിസ്റ്റേക്ക്‌” കണ്ടു പിടിച്ച്‌ സ്കൂളിന്റെ പേരു നാറ്റിച്ച പാര്‍ട്ടിയാണ്‌. ഉടായിപ്പു കണ്ടാല്‍ കക്ഷി സ്വമേധയാ ഇടപെടും. ഒരു ദിവസം സ്യൂട്ടിട്ട്‌ പ്രസംഗിച്ചു കൊണ്ടു നില്‍ക്കുന്ന ഒരു യുവാവിന്റെ ക്ലോസപ്പ്‌ ഫോട്ടോ അയച്ചു തന്നിട്ട്‌ അറിയുമോ എന്നു ചോദിച്ചു. പരിചയമുള്ള മുഖം. എവിടെയോ കണ്ട ഓര്‍മ.


‘ഇതു നിങ്ങളുടെ ഈവന്റ്ല്ലേ ‘ ബിജുരാജ്‌ ചോദിച്ചു.


ശരിയാണല്ലോ. ഞങ്ങളുടെ ലോഗോയുടെ ഒരു മൂല ഡിറ്റക്ടീവ്‌ ബിജുരാജിന്റെ സുക്ഷ്മ ദൃഷ്ടി കണ്ടത്തിയിരിയ്ക്കുന്നു. ഫോട്ടോയിലേക്കു വീണ്ടും നോക്കിയപ്പോള്‍ ആ കഥ മനസ്സിൽ തെളിഞ്ഞു വന്നു.
മലയാളത്തിലെ പ്രശസ്തമായ ഒരു വാരികയിലാണ്‌ ഷിഹാബിന്റെ കഥ വായിയ്ക്കാനിടയായത്‌. ദാരിദ്യത്തിന്റെ നെല്ലിപലകയില്‍ ചുമടെടുത്തു പഠിച്ച്‌ IAS പരീക്ഷ വിജയിച്ചെങ്കിലും മെഡിയ്ക്കല്‍ ടെസ്റ്റില്‍ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നതുകൊണ്ട്‌ സെലക്ഷന്‍ നഷ്ടമായ ഹതഭാഗ്യന്‍. ദയ തോന്നിയ ഒരു ക്രിസ്തീയ
പുരോഹിതന്‍ ചികിത്സാ സഹായം ചെയ്തതു വഴിയാണ്‌ മീഡിയയുടെ ശ്രദ്ധയില്‍ പെട്ടത്‌. ഒടുവില്‍ വാര്‍ത്ത CNN ല്‍ വരെയെത്തി. പ്രശസ്തരായ ഐ എ എസ്സ്‌ കാര്‍ വരെ വാര്‍ത്ത ഷെയര്‍ ചെയ്തു. സഹതാപം പ്രവഹിച്ചെങ്കിലും രോഗിയായ ഷിഹാബിനൊരു തൊഴില്‍ നല്‍കാന്‍ ആരും മുന്നോട്ടു വന്നില്ല.
വാര്‍ത്ത വായിച്ചു കണ്ണു നിറഞ്ഞ ഞാന്‍ രണ്ടാമതൊന്നാലോചിയ്ക്കാതെ ഓഫീസില്‍ വിളിച്ച്‌ ഷിഹാബിന്‌ അധികം അദ്ധ്വാനമില്ലാത്ത തൊഴില്‍ നല്‍കാനും ചികിത്സയ്ക്കു വേണ്ട സഹായങ്ങള്‍ ഏർപ്പെടുത്താനും നിര്‍ദ്ദേശിച്ചു.
ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചതു പോലെ IAS ഇന്റർവ്യൂ കഴിഞ്ഞു മടങ്ങുന്ന വഴി ട്രെയിനിൽ വച്ച്‌ ഷിഹാബിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വച്ച ബാഗ്‌ ആരോ മോഷ്ടിച്ചിരുന്നു. സഹായം ചെയ്യുന്നതിന്‌ സര്‍ട്ടിഫിക്കേറ്റു വേണ്ടന്ന്‌ ഞങ്ങളങ്ങു തീരുമാനിച്ചതോടെ കള്ളന്റെ പണി പാളി. ഷിഹാബ്‌ വൈകാതെ ജോലിയില്‍ പ്രവേശിച്ചു. ഒരിയ്ക്കല്‍ നാട്ടില്‍ ചെന്നപ്പോൾ എനിയ്ക്കവനെ നേരിട്ടു കാണാനും തരപ്പെട്ടു. ഒരു നാട്ടും പ്രദേശത്തുകാരന്റെ മട്ടും ഭാവവും. ഐ എ എസ്സു കാരനാവാന്‍ ഈ ലുക്കൊക്കെ മതിയെന്ന്‌ അപ്പോഴാണറിയുന്നത്‌. ഏതായാലും പിന്നീടവനെ കണ്ടിട്ടില്ല.
ഒരു വര്‍ഷം കഴിഞ്ഞു.. ഷിഹാബ്‌ ഓഫീസിലെ എല്ലാവരുടേയും പ്രിയപ്പെട്ടവനായിക്കഴിഞ്ഞു.. ആരെന്തു വാങ്ങിയാലും ഒരു പങ്കു ഷിഹാബിനുമുണ്ടാവും. അസുഖം കുറഞ്ഞു തുടങ്ങി. മനസ്സു കൊണ്ടവനെ എല്ലാവരും ഭാവി കളക്ടറായി കണ്ടു കഴിഞ്ഞു. അസുഖം ഏതാണ്ടു മാറിയെന്നു തോന്നിയപ്പോഴാണ്‌ ഇടിത്തീ പോലെ കാന്‍സര്‍ അവനെ പിടികൂടിയത്‌. എല്ലാ രണ്ട്‌ ആഴ്ചയിലും കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു പോയി കീമോ ചെയ്യണം. ഷിഹാബിപ്പോള്‍ ഓഫീസില്‍ ഇടയ്ക്കിടയ്ക്കേ വരു. അവനു വേണ്ടി നാടൊന്നടങ്കം പ്രാര്‍ത്ഥിച്ചു തുടങ്ങി. ഞങ്ങളുടെ സ്താഫാണെന്നറിയാതെ ബിജുരാജും. അതിനിടയ്ക്കാണ്‌ ഷിഹാബ്‌ ഈ ഫോട്ടോ ഫേസ്ബുക്കിലിട്ടത്‌. അതു
കണ്ടതും ബിജുരാജിലെ ഡിക്റ്റക്റ്റീവ് ചാടിയെഴുന്നേറ്റു.
ഇത്രയധികം കീമോ ചെയ്തവന്റെ തലയിലെ ഒരു രോമം പോലും പോയിട്ടില്ലെങ്കില്‍ RCC യിലെ റേഡിയേഷനെന്തോ കുഴപ്പമുണ്ട്‌. ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്‌ അവന്റെ സഹതാപം പരത്തുന്ന മാധ്യമ വാര്‍ത്തകള്‍ മാത്രം. കമന്റുകളില്‍ നിന്ന്‌ നൂറു കണക്കിനാളുകള്‍ സഹായങ്ങള്‍ അയച്ചു കൊടുത്തതായി മനസ്സിലാക്കാം.. അതെല്ലാം ഷിഹാബിലെത്തിയിട്ടുണ്ടെങ്കിൽ അവനൊരു കോടിശ്വരനായിട്ടുണ്ടാവണം. പത്തു പേരെങ്കിലും അക്കൂട്ടത്തില്‍ മൊബൈല്‍ ഫോണ്‍ അയച്ചു കൊടുത്തതായി പറഞ്ഞിട്ടുണ്ട്‌. പ്രൊഫൈല്‍ പിക്ചര്‍ ആദ്യമായാണ്‌ മാറ്റുന്നത്‌.
എന്റെ അറിവില്‍ ആ ചടങ്ങില്‍ ഷിഹാബു സംസാരിച്ചിട്ടില്ല. പിന്നിതെങ്ങനെ..?!. ആരെങ്കിലും അവന്റെ മുഖം വെട്ടി ഫേസ്‌ ബുക്ക്‌ പേജുണ്ടാക്കി നാട്ടുകാരെ പറ്റിച്ചതായിരിക്കുമോ..?. അന്വേഷണത്തിന്റെ ഭാഗമായി ഷിഹാബിനെ വിളിച്ച്‌ അച്ചനേയും കൂട്ടി അടുത്ത ദിവസം തന്നെ ഓഫീസിലെത്താന്‍ നിര്‍ദ്ദേശിച്ചു. ഏതായാലും ഡിക്റ്റക്റ്റീവ്‌ സംഘം ഒന്നിച്ചന്വേഷിയ്ക്കാന്‍ ഇറങ്ങിയതോടെ കഥയുടെ പ്രമാദമായ ചുരുള്‍ അഴിഞ്ഞു തുടങ്ങി.. ഓഫീസിലെ ക്ലീനിങ്ങ്‌ സ്റ്റാഫടക്കം കടം കൊടുത്തിട്ടുണ്ട്‌. ദിനങ്ങളെണ്ണപ്പെട്ടവനോട്‌ ആരും തിരിച്ചു ചോദിച്ചില്ല എന്നതാണു സത്യം.. കടം കൊടുത്തത്‌ പരസ്പരം പറഞ്ഞതു പോലുമില്ല. ചികിത്സയ്ക്കു പണം കണ്ടെത്താന്‍ ഷിഹാബ്‌ തുടങ്ങിയ മൊബൈല്‍ കച്ചവടത്തില്‍ നിരവധി പേര്‍ കസ്റ്റമേഴ്‌സായി സഹായിച്ചു. ഓഫീസിലെ അവന്റെ പണികള്‍ പോലും മറ്റുള്ളവര്‍ വൈകിയിരുന്നു ചെയ്തു തീര്‍ക്കുമ്പോള്‍ ഷിഹാബ്‌ ഞങ്ങളുടെ ഈവന്റ്‌ മാനേജ്മെന്റ്‌ ടീമിനോടൊപ്പം കറങ്ങി നടക്കുകയായിരുന്നു. അതിനായി കടം വാങ്ങിയിട്ട സുഹൃത്തിന്റെ കല്യാണസ്യൂട്ട്‌ ഇതുവരെ തിരിച്ചു കൊടുത്തിട്ടുമില്ല. ആ വേഷത്തില്‍ സ്റ്റേജിലെപ്പോഴോ ആരുമില്ലാത്തപ്പോൾ എടുത്ത ഫോട്ടോയാണ്‌ FB പ്രൊഫൈലാക്കിയത്‌. രണ്ടു വര്‍ഷത്തോളം ഷിഹാബ്‌ പറഞ്ഞതെല്ലാം കളവായിരുന്നെന്നും നൂറിലേറെ സഹപ്രവര്‍ത്തകരെ ഒരു സംശയത്തിനും അവസരം കൊടുക്കാതെ കഥ മെനഞ്ഞു പറ്റിയ്ക്കുകയായിരുന്നെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. സംഭവമറിഞ്ഞ്‌ കൊച്ചിയിലെ സ്റ്റാഫൊന്നടങ്കമിളകി. സൗഹൃദവിശ്വാസത്തെയാണവന്‍ പറ്റിച്ചത്‌. വരട്ടെ…കയ്യില്‍ കിട്ടിയാല്‍ ആദ്യം അടി… പിന്നെ ചോദ്യം. ഷിഹാബിനായുള്ള കാത്തിരുപ്പു തുടങ്ങി.
ഡിക്റ്റക്റ്റീവ്‌ ബിജുരാജിന്റെ ലക്ഷ്യം പക്ഷെ ഷിഹാബല്ലായിരുന്നു. രക്ഷകനായി ഇടപെട്ട വൈദികനായിരുന്നു. ഷെര്‍ലക്ക്‌ ഹോംസ്‌ ഇതു പോലൊരു കള്ളനെ ബുദ്ധിപൂര്‍വ്വം പൊക്കിയിട്ടുണ്ട്‌. ബിജുരാജിന്റെ കാഴ്ചപ്പാടില്‍ നാടകത്തിന്റെ തിരക്കഥയും സംവിധാനവും അച്ചന്‍ മാത്രവും ഷിഹാബ്‌ വെറും ഉപകരണവും അതു പൊളിയ്ക്കണമെങ്കില്‍ അച്ചനെ കയ്യില്‍ കിട്ടണം. അതിനായി അതിരാവിലെയുള്ള ഫ്‌ളൈറ്റില്‍ ബിജുരാജ്‌ 2700 KM താണ്ടി ദുബായില്‍ നിന്നും കൊച്ചിയില്‍ പറന്നിറങ്ങിയെങ്കിലും 70 km അകലെയുള്ള ഷിഹാബിന്റെയോ അച്ഛന്റെയോ സ്വരം പോലും പിന്നീടൊരിയ്ക്കലുമെത്തിയില്ല. ഷിഹാബിനെ അതിനു ശേഷം കണ്ടതായി ആരും പറഞ്ഞു കേട്ടില്ല. അച്ചനെ അതിനു മുന്‍പും. ആർതറിന്റെ കൃതികള്‍ ബിജുരാജ്‌ ഒരാവര്‍ത്തി കൂടി വായിച്ചു ഷെര്‍ലക്കാകാന്‍ ശ്രമിച്ചു. പുഷ്പനാഥിന്റെ വീടിനു ചുറ്റും മൂന്നു വലം വച്ചു നോക്കി. കഥയിലെ യഥാര്‍ത്ഥ വില്ലന്‍ ഷിഹാബാണോ അച്ഛനാണോ അതോ അവര്‍ രണ്ടും ഒരാൾ തന്നെയാണോ എന്നുറപ്പിച്ചു പറയാന്‍ ഞങ്ങള്‍ ഡിക്റ്റക്റ്റീവുകൾക്കിന്നും കഴിഞ്ഞിട്ടില്ല എന്നതാണു നഗ്നമായ സത്യം…!!


സോഹൻ റോയ്‌

സമീപകാല കഥകൾ

അളിയൻ ബാബയും നാൽപ്പത്തൊന്നു "കള്ള"ന്മാരും

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

പുരാവസ്തു

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ